മതം എന്ന സംസ്കൃത വാക്കിനര്‍ത്ഥം അഭിപ്രായം എന്നാണ്. ബുദ്ധമതം, ജൈനമതം, ക്രിസ്തുമതം, മുഹമ്മദ് മതം എന്നൊക്കെ പറയുമ്പോള്‍ ലോകത്തേയും ജീവിതത്തേയും കുറിച്ചുള്ള ഈ മഹത്തുക്കളുടെ അഭിപ്രായം എന്നാണ് അര്‍ത്ഥം. ഇനി സിഖ് മതം, വൈഷ്ണവമതം, ശൈവമതം എന്നൊക്കെയാവുമ്പോള്‍ ആത്മീയ വിഷയത്തെ കുറിച്ചുള്ള സിഖ്, വൈഷ്ണവ, ശൈവ ഗുരുക്കന്മാരുടെ അഭിപ്രായം എന്ന് അര്‍ത്ഥമെടുക്കാം. ഒരു ഗുരുവിന്റെ അഭിപ്രായം എന്നതിനു പകരം ഒരു ഗുരുപരമ്പരയുടെ അഭിപ്രായം എന്ന വ്യത്യാസം വന്നു. അത്രേയുള്ളൂ.
ഈശ്വരന് എന്നത് ആത്യന്തിക ലക്ഷ്യവും, മതങ്ങള്‍ ആ ലക്ഷ്യത്തിലേക്കുള്ള അന്വേഷണത്തിന്റെ പാതകളും ആയിട്ടാണ് ശ്രീരാമകൃഷ്ണ പരമഹംസനും, സ്വാമി വിവേകാനന്ദന് തുടങ്ങിയുള്ള അദ്ദേഹത്തിന്റെ ശിഷ്യരും പറഞ്ഞിട്ടുള്ളത്. ഇത് വ്യക്തമാക്കിത്തരാന്‍ സമുദ്രത്തെ ലക്ഷ്യമാക്കി പ്രവഹിക്കുന്ന അനേകം നദികളുടെ ഉപമ പരമഹംസര്‍ പറഞ്ഞിട്ടുണ്ട്. ഒരേ ലക്ഷ്യത്തിലേക്ക് നയിക്കുന്ന അനേകം പാതകള്‍ എന്നത് ഈ പ്രകൃതിയില്‍ തന്നെ നാം കാണുന്ന സ്വാഭാവികതയാണ്.
‘ആത്യന്തിക സത്യത്തിലേക്ക് നയിക്കുന്ന മാര്‍ഗ്ഗത്തെ കുറിച്ചുള്ള അഭിപ്രായം’ എന്ന ലളിതമായ അര്‍ത്ഥത്തെ മറികടന്ന് മതം എന്നത് എക്കാലത്തേക്കും പ്രസക്തമായ എല്ലാവര്ക്കും ബാധകമായ ജീവിത നിയമമാണ് എന്ന നിലയ്ക്കാണ് ഇന്ന് പലരും അര്‍ത്ഥ വ്യതിയാനം വരുത്തിയിട്ടുള്ളത്. ഒരുകൂട്ടം ആചാരങ്ങളും, ആരാധനകളും, ചടങ്ങുകളും, പ്രാര്‍ഥനകളും, വിശ്വാസങ്ങളും എല്ലാം ചേര്‍ന്ന ഒരു ചട്ടക്കൂടിനെ ആണ് പൊതുസമൂഹം ഇന്ന് മതം എന്നതുകൊണ്ട് വിവക്ഷിക്കുന്നത്.
മതം അഭിപ്രായം ആണെങ്കില്‍, അനുഭവത്തിന്റെ വെളിച്ചത്തില്‍ അതിന് മാറ്റങ്ങള്‍ വരാം. എന്നാല്‍ അതൊരു ചട്ടക്കൂടാണെങ്കില് മനുഷ്യ സ്വാതന്ത്ര്യത്തിന് അത് വേലിക്കെട്ടുകള്‍ തീര്‍ക്കുന്നു. ‘ശങ്കരന് പറഞ്ഞതു തന്നെയാണ് നമുക്കും പറയാനുള്ളത്’ എന്ന് യുഗപുരുഷനായ ശ്രീ നാരായണ ഗുരുദേവന് പറഞ്ഞത്, ആദ്യത്തെ അര്‍ത്ഥത്തിലാണ്. സ്വാനുഭവം കൊണ്ട് ഗുരുദേവന് കണ്ടെത്തിയത് അദ്വൈത സാക്ഷാത്ക്കാരമാണ്. അങ്ങനെയാണ് അദ്ദേഹം ശങ്കരാചാര്യനോട് അഭിപ്രായൈക്യം പ്രഖ്യാപിച്ചത്.
‘നീയല്ലോ സൃഷ്ടിയും
സ്രഷ്ടാവായതും സൃഷ്ടിജാലവും
നീയല്ലോ ദൈവമേ, സൃഷ്ടി-
ക്കുളള സാമഗ്രിയായതും.’
എന്ന ഗുരുദേവന്റെ വരികള്‍ ഉദ്ബോധിപ്പിക്കുന്നത് സകല ചരാചരങ്ങളും ഏകമായ ബോധസത്തയുടെ ആവിഷ്ക്കാരങ്ങള്‍ മാത്രമാണ് എന്ന അദ്വൈത ദര്‍ശനത്തെയാണ്. അഭിപ്രായം എന്ന അര്‍ത്ഥത്തില്‍ മതം എന്ന വാക്ക് പല തവണ ഭഗവദ്ഗീതയില്‍ ഉപയോഗിച്ചിട്ടുണ്ട്. ഭഗവാന് ശ്രീകൃഷ്ണന് തന്റെ ആശയങ്ങള്‍ പറഞ്ഞിട്ട് ഇതാണ് എന്റെ മതം, അഥവാ എന്റെ അഭിപ്രായം എന്നാണ് പറയുന്നത്. ഒരു ആദ്ധ്യാത്മിക ഗുരുവിന്റെയും, ജ്ഞാനിയുടേയും ഭാവത്തില്‍ സംസാരിക്കുമ്പോള്‍ ഈശ്വരനെക്കുറിച്ച് ഒരു മൂന്നാമനെ പറ്റിയെന്നോണം പരമര്‍ശിക്കുന്നു. പിന്നീട് അഹം ബ്രഹ്മാസ്മി എന്ന അദ്വൈത സാക്ഷാത്ക്കാരത്തില്‍ വര്‍ത്തിക്കുന്ന താന്‍ ആ പരമാത്മാവ് തന്നെയാണ് എന്ന് ഉത്തമപുരുഷ വചനത്തിലും വെളിപ്പെടുത്തുന്നുണ്ട്. എന്നാല്‍ ഒരിടത്തും ഇതാണ് ഈശ്വരനായ എന്റെ ശാസന, അല്ലെങ്കില്‍ കല്‍പ്പന എന്ന് പറയുന്നുമില്ല. ആത്മീയത, ഈശ്വരാന്വേഷണം തുടങ്ങിയ മനുഷ്യ സഹജമായ ത്വരകളെ ഭഗവദ്ഗീത ഏതെങ്കിലും വിശ്വാസത്തിന്റെയോ, ആരാധനയുടെയോ ചട്ടക്കൂടുകളില്‍ ഒതുക്കി നിര്‍ത്തുന്നില്ല.
ചട്ടക്കൂട് എന്ന ഇന്നത്തെ അര്‍ത്ഥത്തിലുള്ള മതവും, പ്രകൃത്യാ കൈവരുന്ന ധര്‍മ്മവും തമ്മിലുള്ള വ്യത്യാസത്തെ മനസ്സിലാക്കി തരുന്നതാണ് ഭഗവദ്ഗീതയിലെ പന്ത്രണ്ടാം അദ്ധ്യായമായ ഭക്തിയോഗം.
‘അങ്ങയില്‍ തന്നെ ഉറപ്പിച്ച ചിത്തത്തോടെ അങ്ങയെ ഉപാസിക്കുന്ന ഭക്തരാണോ അതോ അവ്യക്തമായ അക്ഷര ബ്രഹ്മത്തെ ഉപാസിക്കുന്ന നിര്ഗ്ഗുണോപാസകരാണോ കൂടുതല്‍ ശ്രേഷ്ടരായ യോഗികള്‍ ?’ എന്ന അര്‍ജ്ജുനന്റെ ചോദ്യത്തോടെയാണ് ഈ അദ്ധ്യായം തുടങ്ങുന്നത്. വര്‍ത്തമാന കാലത്തെ ചിന്താസരണികളുമായി ഈ ചോദ്യത്തേയും ഇതിനുള്ള ഭഗവാന്റെ ഉത്തരത്തേയും ഒന്ന് ബന്ധപ്പെടുത്തി നോക്കുക.
ഇതിന് ഉത്തരമായി ഭഗവാന് പറയുന്നു ‘എന്നില്‍ അര്‍പ്പിക്കപ്പെട്ട മനസ്സോടെ, പരമശ്രദ്ധയോടെ ആരാണോ എന്നെ ഉപാസിക്കുന്നത് അവരാണ് ഉത്തമയോഗികള്‍ എന്നാണ് എന്റെ അഭിപ്രായം’
അടുത്ത രണ്ടു ശ്ലോകങ്ങളിലായി പറയുന്നു ‘ആരാണോ സര്‍വ്വവ്യാപിയും, അചിന്ത്യവും, അചലവും, ശാശ്വതവും, അവ്യക്തവുമായ ബ്രഹ്മത്തെ ഉപാസിക്കുന്നത് അവരും എന്നെത്തന്നെ പ്രാപിക്കുന്നു’
അപ്പോള്‍ ഇപ്പറഞ്ഞ രണ്ടുകൂട്ടരും ഭഗവാനെന്ന ഒരേ ലക്ഷ്യത്തെ തന്നെ പ്രാപിയ്ക്കുന്നു. പിന്നെ എന്തുകൊണ്ടാണ് ആദ്യത്തെ കൂട്ടരാണ് കൂടുതല്‍ മെച്ചപ്പെട്ട യോഗികള്‍ എന്നു പറഞ്ഞത് ? അതിനുത്തരം അടുത്ത ശ്ലോകത്തില്‍ ഉണ്ട്. അവിടെ സൂചിപ്പിക്കുന്നു ‘ദേഹഭിമാനമുള്ള മനുഷ്യര്‍ക്ക് അവ്യക്തവും നിര്‍ഗ്ഗുണവും അചിന്ത്യവുമായ ഒന്നിനെ ഉപാസിക്കുക വളരെ ക്ലേശകരമാണ്’.
രണ്ടു വിഭാഗത്തില്‍ പെട്ട ഉപാസകരെ താരതമ്യം ചെയ്തുകൊണ്ടുള്ള അര്‍ജ്ജുനന്റെ ചോദ്യത്തിന് നേരിട്ടുള്ള ഒരുത്തരം ആദ്യം കൊടുത്ത ശേഷം, ഭഗവാന് രണ്ടു മാര്‍ഗ്ഗങ്ങള്‍ തമ്മിലുള്ള കൂടുതല്‍ പ്രസക്തമായ ഒരു താരതമ്യമാക്കി ഈ ചര്‍ച്ചയെ മുന്നോട്ട് കൊണ്ടു പോകുന്നു. ഈ രണ്ടു മാര്‍ഗ്ഗങ്ങളും ഈശ്വരനിലേക്ക് എത്തുന്നവ തന്നെ. എന്നാല്‍ ആദ്യത്തെ മാര്‍ഗ്ഗം രണ്ടാമത്തേതിനെക്കാള്‍ സുഗമമാണ്. അതുകൊണ്ടാണ് അതില്‍ സഞ്ചരിക്കുന്നവരെ കൂടുതല്‍ ശ്രേഷ്ഠരായ യോഗികള്‍ എന്നു പറഞ്ഞത്.
തുടര്‍ന്നു വരുന്ന ശ്ലോകങ്ങളില്‍ മാര്‍ഗ്ഗങ്ങളുടെ പോലും മഹത്വത്തേക്കാള്‍ അവയിലൂടെ സഞ്ചരിയ്ക്കുന്ന ഉപാസകര്‍ക്ക് ഉണ്ടാവേണ്ടുന്ന ഗുണങ്ങളും അവയ്ക്ക് ഭഗവാന് കല്‍പ്പിയ്ക്കുന്ന മഹത്വവുമാണ് ചര്‍ച്ച ചെയ്യുന്നത്. അവയില്‍ ഏറ്റവും ഉന്നതമായ ഗുണങ്ങള്‍ നേടാന്‍ ഇപ്പോള്‍ അശക്തരായവര്ക്കു പോലും എങ്ങനെ പടിപ്പടിയായി അതിലേക്ക് ഉയരാം എന്നദ്ദേഹം ഉപദേശിയ്ക്കുന്നു.
തുടര്‍ന്ന് ഏഴു ശ്ലോകങ്ങളില്‍, ഏതൊക്കെ മഹദ്ഗുണങ്ങള്‍ ഉള്ള ഭക്തരാണ് തനിക്ക് പ്രിയപ്പെട്ടവര്‍ എന്ന് ഭഗവാന് ചൂണ്ടിക്കാണിയ്ക്കുന്നു. ‘സര്‍വ്വ ജീവികളോടും ദ്വേഷരഹിതനും, മൈത്രിയും കരുണയുമുള്ളവനും, മമതയും അഹന്തയും ഇല്ലാത്തവനും, സുഖദു:ഖങ്ങളില്‍ തുല്യഭാവമുള്ളവനും, ക്ഷമാശീലമുള്ളവനും, സദാ സന്തുഷ്ടനും, ഏകാഗ്രചിത്തനും, ആത്മനിയന്ത്രണമുള്ളവനും ആയ ഭക്തന് ആരോ അവന് എനിക്ക് പ്രിയപ്പെട്ടവനാകുന്നു’. നോക്കൂ ഇവിടെ തെളിയുന്ന സാര്‍വ്വലൗകികത. തനിക്ക് പ്രിയപ്പെട്ടവനാകാന്‍ ബ്രാഹ്മണനാകണമെന്നോ, ഹിന്ദുവാകണമെന്നോ, പ്രത്യേക പ്രാര്‍ഥനകളോ സ്തുതികളോ ദിവസവും നിശ്ചിത എണ്ണം ഉരുവിടണമെന്നോ, പ്രത്യേക രീതിയില്‍ വസ്ത്രം ധരിയ്ക്കണമെന്നോ, തന്റെ പേരില്‍ മറ്റുള്ളവരോട് യുദ്ധം ചെയ്യണമെന്നോ, മറ്റുള്ളവരെ കീഴ്പ്പെടുത്തി തന്റെ ഭക്തരാക്കണമെന്നോ ഒന്നുമല്ല ഈശ്വരന് ആവശ്യപ്പെടുന്നത്. അതെല്ലാം എത്ര ബാലിശം !
ചുരുക്കത്തില്‍ ഒരു സാധാരണ മനുഷ്യന് അഥവാ ഇന്നത്തെ ഒരു സാധാരണ മത വിശ്വാസിക്ക് തോന്നാവുന്ന ‘അയാളാണോ ഇയാളാണോ ദൈവമേ അങ്ങയുടെ അഭിപ്രായത്തില്‍ കൂടുതല്‍ മിടുക്കന് ?’ എന്ന ചോദ്യത്തിന് ഭഗവാന് കൊടുക്കുന്ന ഉത്തരം, ‘അയാളോ, ഇയാളോ എന്നുള്ളതല്ല, ആ മാര്‍ഗ്ഗമോ ഈ മാര്‍ഗ്ഗമോ എന്നതുമല്ല, മറിച്ച് ഏതു മാര്‍ഗ്ഗത്തില്‍ കൂടി സഞ്ചരിച്ചാലും ഒരു വ്യക്തി എന്തു ഗുണങ്ങള്‍ ആര്‍ജ്ജിക്കുന്നു എന്നതാണ് പ്രധാനം. ഒരാള്‍ ഈശ്വരന് പ്രിയപ്പെട്ടവനാകുന്നതിനുള്ള മാനദണ്ഡം ആ മഹദ് ഗുണങ്ങളാണ്’. ഇതല്ലേ എക്കാലത്തേക്കും, ഏത് ദേശക്കാര്‍ക്കും, എത് ജാതി മത വംശ വിഭാഗക്കാരായ മനുഷ്യര്‍ക്കും പിന്തുടരാവുന്ന, ശാശ്വത മൂല്യങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള സാര്‍വ്വലൗകികമായ ആത്മീയത ?
‘ഹേ അര്‍ജുനാ, എന്നെത്തന്നെ പരമലക്ഷ്യമായി കരുതി സനാതനമായ മൂല്യങ്ങള്‍ മുറുകെ പിടിച്ച് ആരൊക്കെ ഉപാസിക്കുന്നുവോ അവരെല്ലാം എനിക്ക് ഏറ്റവും പ്രിയപ്പെട്ടവരാകുന്നു’ എന്ന് ഉറപ്പു തരുന്ന പരമാത്മാവും, ‘തന്നെ ആരാധിക്കാത്തവനെയും, താനല്ലാതെ മറ്റാരെയെങ്കിലും ആരാധിക്കുന്നവനേയും, തന്നെ ആരാധിച്ചാല്‍ പോലും തന്നോടൊപ്പം മറ്റാരെയെങ്കിലും ആരാധിക്കുന്നവനേയും നരകത്തില്‍ ഇട്ട് ചുടും’ എന്ന് ഭീഷണി മുഴക്കുന്ന മതദൈവവും തമ്മില്‍ കടലും കടലാടിയും തമ്മിലുള്ള അന്തരമുണ്ട്. ഇതുതന്നെയാണ് ചട്ടക്കൂട് എന്ന അര്‍ത്ഥത്തിലുള്ള മതവും, അഭിപ്രായ സ്വാതന്ത്ര്യം അഥവാ ചിന്താ സ്വാതന്ത്ര്യം അനുവദിച്ചു കൊണ്ട് മനുഷ്യന് സ്വാഭാവിക വളര്‍ച്ചയിലൂടെ മുന്നേറാനുള്ള അനേകം വഴികള്‍ കാണിച്ചു തരുന്ന ധര്‍മ്മവും തമ്മിലുള്ള അന്തരവും.
രാമാനുജന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: