പഴയ മലയാളം എന്ന പേരില്‍ ഒരു പുതിയ പുസ്തകത്തിന്റെ പ്രകാശന വാര്‍ത്ത കണ്ടപ്പോള്‍ എനിക്കു കൗതുകം തോന്നി. ഒരു സുഹൃത്തിനെ ബന്ധപ്പെട്ടു കോപ്പി വരുത്തിക്കുകയും ചെയ്തു. മുഖചിത്രം കൊള്ളാം- പഴമയുണര്‍ത്തുന്ന റാന്തല്‍ വിളക്ക്- നന്നായിട്ടുണ്ട്. അകത്തേയ്ക്കു കടന്നപ്പൊഴോ? കൂരിരുട്ടുകോരിയിട്ടതു പോലെ!
വൈജ്ഞാനികം എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ഈ പുസ്തകം എഴുതിയിരിക്കുന്നത്- അല്ല, തട്ടിക്കൂട്ടിയിരിക്കുന്നത് എന്നു പറയണം. പള്ളിയറ ശ്രീധരനാണ്. ആള് ചില്ലറക്കാരനല്ല എന്നു പിന്നാമ്പുറക്കവറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഗണിതസംബന്ധിയായ നൂറ്റിയമ്പതില്‍പ്പരം പുസ്തകങ്ങളുടെ കര്‍ത്താവാണ്. കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സമഗ്ര സംഭാവനയ്ക്കുള്ളതുള്പ്പെടെ എണ്ണമറ്റ പുരസ്കാരങ്ങളുടെ ജേതാവും ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഇപ്പോഴത്തെ ഡയറക്ടറുമാണ്. ഇദ്ദേഹത്തിന് ഒരു പുസത്കം കൂടി തട്ടിക്കൂട്ടണമെന്നു തോന്നിയതിന്റെ ഫലമായി അവതരിച്ചതാണ് പഴമ മലയാളം.
പ്രസിദ്ധീകരിച്ചത് സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് തന്നെ. സര്‍വ്വാധികാരിയായ ഡയറക്ടര്‍ കല്പിക്കുകയല്ലേ? പുസ്തകത്തിന്റെ നിലവാരം നോക്കാനും മറ്റും എഡിറ്റര്‍ തസ്തികയില്‍ ആളുണ്ട്. പക്ഷെ തിരുവായ്ക്കു എതിര്‍വായില്ലല്ലോ. കാലാവധി തീരാന്‍ മാസങ്ങളല്ലേയുള്ളൂ. വരട്ടെ, തന്റെ പേരില്‍ ഒരു പുസ്തകം കൂടി!
അങ്ങനെ വന്ന ‘പഴമ മലയാള’ത്തിന് അകക്കവര് മുതല്‍ പിന്നാമ്പുറക്കവര് വരെ 72 പേജുകളുണ്ട്. പകുതിയിലേറെ സ്ഥലം ചിത്രങ്ങള്‍ക്കു പോയി. ചിലതു ശൂന്യം. ബാക്കിയുള്ളിടത്തു നിഘണ്ടുവിലേതു പോലെ അകാരാദിക്രമത്തില്‍ വാക്കുകള്‍ക്കു അര്‍ത്ഥം നല്‍കാനാണ് ശ്രമം.
തുടക്കം തന്നെ തെറ്റ്! അകായി എന്ന ആദ്യവാക്കിനു ശ്രീകോവില്‍ എന്നു അര്‍ത്ഥം കൊടുത്തിരിക്കുന്നു! വീടിന്റെ അകവശമാണ് അകായി (ല്‍) എന്നത്രെ ശബ്ദതാരാവലിയില്‍ ഉള്ളത്. ക്ഷേത്രത്തില്‍ പ്രതിഷ്ഠയുള്ള ഇടമാണ് ശ്രീകോവില്‍ എന്നു കൊച്ചു കുട്ടികള്‍ക്കു പോലും അറിയാം. ശ്രീധരന് എന്നു പേരുള്ള ഗ്രന്ഥകര്‍ത്താവിന്നു അറിയില്ലേ!
” ഓന് കീഞ്ഞ് പാഞ്ഞി=അവന് ഇറങ്ങി ഓടി” എന്ന് അര്‍ത്ഥം നല്കിയതിലൂടെയും മറ്റും കണ്ണൂര്‍ പ്രദേശത്തെ ഭാഷയെ ആശ്രയിച്ചാണ് പുസ്തകരചനയെന്നു വ്യക്തം. എന്നാല്‍ കണ്ണൂര്‍ ജില്ലയിലെ പോലും വ്യത്യസ്തങ്ങളായ പദപ്രയോഗങ്ങള്‍ രേഖപ്പെടുത്തിക്കാണുന്നില്ല.
‘ക്ഷ’ എന്ന അക്ഷരത്തിനുചോടെ രണ്ടു വാക്കുകള്‍- ക്ഷേത്രഫലം ക്ഷേത്രഗണിതം എന്നിവ മാത്രം സ്ഥാനം പിടിച്ചിരിക്കുന്നു. തട്ടിക്കൂട്ടുകാരനിലെ കണക്കപ്പിള്ള പുറത്തുചാടിയതാണെന്നു വ്യക്തം. വേറെയുമുണ്ട് ഉദാഹരണങ്ങള്‍. ഇവപഴയ മലയാളമാണോ? സാക്ഷാല്‍ സംസ്കൃതമല്ലേ?
‘ജോ’ എന്ന അക്ഷരത്തിനു ജോതകന് എന്ന ഒരു പഴയ മലയാള വാക്കേ അറിയൂ വിദ്വാന്!.അര്‍ത്ഥം പറഞ്ഞിരിക്കുന്നതോ? പടനയിച്ചുവരുന്നവര്” എന്നുമാണ്. ജോനകന് മുഹമ്മദീയനാണ് മലയാളത്തില്‍. മാത്രമല്ല, ഇവിടെ ഏകവചനപദത്തിന് ബഹുവചനത്തിനുള്ള അര്‍ത്ഥമാണ് കൊടുത്തിരിക്കുന്നത്.
32-ാം പേജില്‍ ‘ഡ്രിങ്ക്സ് വെള്ളം’ എന്ന ഒരു പദം കൊടുത്തിട്ട് തണുത്ത മധുര പാനീയം എന്ന് അര്‍ത്ഥം കൊടുത്തിരിക്കയാണ.് ഇത് ഏതു തരം പഴമപ്പാനീയമാണാവോ!
‘ടൂ’ എന്ന അക്ഷരത്തിനു ചോട്ടില് ‘ടൂട്ടോറി’ എന്ന ഒറ്റപ്പദമേ കൊടുത്തിട്ടുള്ളൂ ”ടൂട്ടോറിയല്‍ – ട്യൂഷന് കൊടക്കുന്ന സ്ഥാപനം” എന്നാണ് അര്‍ത്ഥം! ഹായ്, എന്തൊരു മലയാളപ്പഴമ! അതുപോലെ ‘സ’ എന്ന അക്ഷരത്തിനടിയില്‍ ‘സര്‍ക്കീട്ട്’ എന്ന ഒറ്റവാക്കു മാത്രം നല്കി ഉല്ലാസയാത്ര എന്നു അര്‍ത്ഥം കൊടുത്തതായി കാണാം. എണ്ണിപ്പറയുവാന്‍ ഇങ്ങനെ ഇനിയും ഏറെയുണ്ട്.
ഒടുവിലത്തെ പന്ത്രണ്ടു പേജുകള്‍ ശരിക്കും തട്ടിക്കൂട്ട് തന്നെയാണ്. അളവു തൂക്കങ്ങളുടെ ചിത്രങ്ങളും പട്ടികകളും അടിച്ചു കേറ്റിയിരിക്കുകയാണവിടെ. സംസ്കൃതത്തിലെ ബൃഹത് സംഹിത, ലീലാവതി, അര്‍ത്ഥശാസ്ത്രം എന്നിവയും ബ്രിട്ടീഷ് മെട്രിക്ക് രീതിയും അവലംബിച്ച് തയ്യാറാക്കിയ ഈ പട്ടികകള്‍ തന്റെ നേരത്തേയുള്ള കണക്കുപുസ്തകങ്ങളില്‍ നിന്ന് പറിച്ചെടുത്തു ചേര്‍ക്കേണ്ട ഒരു കാര്യവുമില്ലായിരുന്നു.
ചൊല്ലുകള്ക്കായി ഒരു വിഭാഗം വേര്‍തിരിച്ചു കണ്ടുവെങ്കിലും പള്ളിയറയുടെ ചൊല്ലിയറ തികച്ചും ശൂന്യമെന്നേ പറയാനാവൂ. എന്നാല്‍ ഏറ്റവും ഒടുവിലത്തെ 71-ാം പേജ് തെറ്റുകളാല്‍ സമൃദ്ധമത്രെ! ‘പൊട്ടിയും ശീപോതിയും’ എന്ന തലക്കെട്ടിനു ചോടെ ഒരു ഖണ്ഡികയില്‍ വിവരണം കൊടുത്തിട്ടുണ്ട്. എട്ടുവരിയുള്ളതില് നാലുതവണ ‘ശീപോതി’ എന്ന് ആവര്‍ത്തിച്ചിരിക്കുന്നു. ശീപോതിയല്ല, ശീവോതിയാണ് ശരി. ‘പൊട്ടി എന്നതു പേട്ടാ ഭാഗവതി ആണ്’ എന്നു പറയുന്നിടത്തും തെറ്റു തന്നെ. ചേട്ടാ (ജ്യേഷ്ഠാ) ഭാഗവതി എന്നതാണ് ശരി. മാത്രമല്ല, ശീവോതി എന്നാല്‍ ശ്രീഭഗവതി ആണെന്ന കാര്യം ശ്രീധരന് വ്യക്തമാക്കിയുമില്ല.
ചുരുക്കത്തില്‍ , അബദ്ധങ്ങളും അപ്രസക്തമായ കാര്യങ്ങളും വാരിനിറച്ച ചവറുചാക്കാണ് പള്ളിയറ ശ്രീധരന്റെ പേരു വെച്ചിറങ്ങിയ ‘പഴമ മലയാളം’ എന്ന പുസ്തകം. ഇത് കുട്ടികള്‍ക്കു നല്‍കുന്നത് പാപമാണ്.സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഈ പുസ്തകം പിന്‍വലിച്ചു നശിപ്പിക്കുകയും ഗ്രന്ഥകാരനില്‍ നിന്നു നഷ്ടപരിഹാമുള്പ്പെടെ നിര്‍മ്മാണച്ചെലവു മുഴുവന്‍ ഈടാക്കുകയും വേണമെന്നാണ് ഒരു മലയാള ഭാഷാസ്നേഹി എന്ന നിലയില്‍ എന്റെ അഭിപ്രായം. എല്ലാ സഹൃദയരില്‍ നിന്നും ഇക്കാര്യത്തില്‍ യോജിച്ച പ്രതിഷേധം ഉണ്ടാകേണ്ടിയിരിക്കുന്നു.
പി.ഐ. ശങ്കരനാരായണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: