ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ പരാമർശം വിവാദമാക്കിയത് കോണ്‍ഗ്രസ്സാണെന്നും താന്‍ ജാതിവെറിയനല്ലെന്നും കെ. സുധാകരന്.
മാപ്പ് പറയണമെന്ന പ്രസ്താവനയുമായി ഇറങ്ങിയ ഷാനിമോള്‍ ഉസ്മാനും തന്റെ പ്രസ്താവനയെ ആദ്യം ന്യായീകരിക്കുകയും പിന്നീട് വിമര്‍ശിക്കുകയും ചെയ്ത ചെന്നിത്തലയും പാര്‍ട്ടിക്കുള്ളിലെ ഏതോ ശക്തികളുടെ താല്പര്യത്തിനനുസരിച്ച് പ്രവര്‍ത്തിക്കുകയാണെന്നും സുധാകരന് പറഞ്ഞു. ആദ്യം സുധാകരനെ ന്യായീകരിച്ച് ചെന്നിത്തല പിന്നീട് പരാമർശം ഒഴിവാക്കേണ്ടിയിരുന്നതാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തില്‍ ചെത്തുകാരന്റെ കുടുംബത്തിൽ നിന്നും വളർന്നു വന്ന് കേരളത്തിന്റെ മുഖ്യമന്ത്രിയായി സഞ്ചരിക്കാൻ ഹെലികോപ്റ്ററെടുത്ത ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി എന്നായിരുന്നു സുധാകരന്റെ വിവാദ പരാമർശം.
പിണറായി വിജയനെ കുറിച്ച് ജാതീയമായി ഒന്നും പറഞ്ഞിട്ടില്ലെന്നും തൊഴിലും കുടുംബ പശ്ചാത്തലവുമാണ് സൂചിപ്പിച്ചതെന്നും കെ സുധാകരൻ പറഞ്ഞു. താൻ പറഞ്ഞതിൽ തെറ്റില്ലെന്നും പരാമർശത്തിൽ ഉറച്ച് നിൽക്കുന്നതായും സുധാകരൻ വ്യക്തമാക്കി. ഇതില്‍ തന്നെ വിമര്‍ശിക്കുന്ന ഹൈക്കമാന്റിന്റെ താരിഖ് അന്‍വറിനെയും സുധാകരന് വിമര്‍ശിച്ചു.
ഒരു തൊഴിൽ വിഭാഗത്തെ കുറിച്ച് പറഞ്ഞതിൽ എന്താണ് തെറ്റ്. താൻ മര്യാദ ലംഘനം നടത്തിയിട്ടുണ്ടെങ്കിൽ ചൂണ്ടിക്കാട്ടണം. ജാതീയമായി അധിക്ഷേപിച്ചിട്ടില്ല. ഇക്കാര്യത്തിൽ സിപിഎമ്മിന് ഇല്ലാത്ത വിഷമമാണ് ഷാനിമോൾ ഉസ്മാനെ പോലെയുള്ളവർക്കെന്നും സുധാകരൻ പറയുന്നു.
മാപ്പ് പറയണമെന്ന് ഷാനിമോൾ ആവശ്യപ്പെട്ടതിന് പിന്നിൽ എന്താണെന്ന് മനസിലാകുന്നില്ല. കോൺഗ്രസ് നേതാക്കൾക്കെതിരെ പ്രസ്താവന വന്നപ്പോൾ ഉണ്ടാകാതിരുന്ന രോഷം പിണറായിയെ കുറിച്ച് പറഞ്ഞപ്പോൾ വന്നതിൽ സംശയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: