ബെംഗളൂരു: സൈന്യത്തിന്റ കരുത്തായി മാറിയ ലൈറ്റ് കോമ്പാറ്റ് എയര്‍ക്രാഫ്റ്റ്(എല്‍സിഎ) തേജസ് മാര്‍ക്ക്-1എ 83 യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ വ്യോമസേനയും ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡും (എച്ച്എഎല്‍) 48,000കോടി രൂപയുടെ കരാര്‍ ഒപ്പുവച്ചു. ബെംഗളൂരുവിലെ എയ്റോ ഇന്ത്യ-21ലാണ് 83 തേജസ് എംകെ 1എ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ 48000കോടിരൂപയുടെ കരാര്‍ ഒപ്പുവച്ചത്. തദ്ദേശീയ മിലിട്ടറി ഏവിയേഷന്‍ മേഖലയിലെ ഏറ്റവും വലിയ ഇടപാടാണിത്.
അത്യാധുനിക സാങ്കേതിക ഉപയോഗിച്ചുള്ള തേജസ് വ്യോമസേനയുടെ നട്ടെല്ലായി മാറുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. പ്രതിരോധ നിര്‍മാണ രംഗത്തിന്റെ ഗതി നിര്‍ണയിക്കുന്ന കരാറാണിതെന്നും അദ്ദേഹം പറഞ്ഞു. 83 തേജസ് വിമാനങ്ങളില്‍ 73 എണ്ണം മാര്‍ക്ക് 1എ വിഭാഗത്തില്‍പ്പെട്ടവയാണ്. പത്തെണ്ണം ഇതേ വിഭാഗത്തിലുള്ള പരിശീലന വിമാനങ്ങളും. തേജസ് മാര്‍ക്ക്-1 വിമാനത്തിന്റെ പരിഷ്കരിച്ച പതിപ്പാണ് തേജസ് മാര്‍ക്ക്-1എ. 43 പരിഷ്കാരങ്ങളാണ് പുതിയ വിമാനത്തില്‍ വരുത്തിയിരിക്കുന്നത്.
എഇഎസ്എ റഡാര്‍, ആകാശത്തു വച്ച് ഇന്ധനം നിറയ്ക്കാനുള്ള സംവിധാനം, സാധാരണ കാഴ്ചയ്ക്ക് അപ്പുറത്തുള്ള ലക്ഷ്യത്തിലേക്ക് ആക്രമിക്കാന്‍ കഴിയുന്ന മിസൈലുകള്‍ ഘടിപ്പിക്കാനുള്ള സംവിധാനം, ശത്രു നിരീക്ഷണ സംവിധാനത്തിന്റെ കണ്ണുവെട്ടിക്കാനുള്ള പ്രത്യേക സംവിധാനങ്ങള്‍ എന്നിവയാണ് പരിഷ്കരിച്ച തേജസ് മാര്‍ക്ക്-1എ പതിപ്പിലുണ്ടാകുക.
48,000കോടി രൂപയുടെ 83 ലൈറ്റ് കോമ്പാറ്റ് എയര്‍ക്രാഫ്റ്റ്(എല്‍സിഎ) തേജസ് മാര്‍ക്ക്-1എ വാങ്ങാന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ സുരക്ഷാ അംഗീകാരം നല്‍കിയിരുന്നു. 2019 ഏയ്റോ ഇന്ത്യ പ്രദര്‍ശനത്തില്‍ അന്തിമ ഓപറേഷനല്‍ ക്ലിയറന്‍സ് ലഭിച്ചതോടെയാണ് തേജസ് വ്യോമസേനയുടെ ഭാഗമായത്. എല്‍സിഎ തേജസ് മാര്‍ക്ക് ഒന്നിനാണ് അന്തിമ ഓപറേഷന് ക്ലിയറന്‍സ് ലഭിച്ചിരിക്കുന്നത്.
2013ല്‍ പ്രാഥമിക ഓപ്പറേഷന് ക്ലിയറന്‍സ് ലഭിച്ചതിനു (ഐഒസി) ശേഷം ഏറെ കടമ്പകള്‍ കടന്നാണ് തേജസ് വ്യോമസേനയുടെ ഭാഗമായത്. ഡിആര്‍ഡിഒയും എയ്റോനോട്ടിക്കല്‍ ഡെവലപ്മെന്റ് ഏജന്‍സിയും രൂപകല്‍പ്പന ചെയ്ത തേജസ് ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡ് ആണ് നിര്‍മിച്ചത്.
മിഗ് 21-ന് പകരക്കാരനായാണ് തേജസ് വ്യോമസേനയുടെ ഭാഗമായത്. മണിക്കൂറില്‍ 900 മുതല്‍ 1000 കിലോമീറ്റര്‍ വേഗതത്തില്‍ പറന്ന് ആയുധങ്ങള്‍ ലക്ഷ്യസ്ഥാനത്ത് പ്രയോഗിക്കാന്‍ തേജസിന് സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: