പടികള്‍ കയറുമ്പോള്‍ ഞാന്‍ അയാളുടെ കൈപിടിച്ചു.
”താങ്സ്.”
മഞ്ഞച്ച ഒരു പുഞ്ചിരി. താഷി വാങ്ഡെ. തിബറ്റന്‍ ബുദ്ധഭിക്ഷു. വലതുകാലില്‍ ചെറിയ മുടന്ത്. കൈവരിപിടിച്ചു കയറാന്‍ ആയാസപ്പെടുകയായിരുന്നു.
ധൗളിയിലെ ശാന്തിസ്തൂപത്തിലേക്കുള്ള ഗോവണിപ്പടികള്‍.
മുകളില്‍ നിറഞ്ഞുപരക്കുന്ന ഇളവെയില്. കുളിര്‍കാറ്റ്. ധവളകാന്തിയില് വെട്ടിത്തിളങ്ങുന്ന സ്തൂപം. ധ്യാനബുദ്ധന്. വെണ്ണക്കല്ലില്‍ തീര്‍ത്ത പ്രശാന്തസുന്ദരമായ വിഗ്രഹം. നിമീലിതമായ നേത്രങ്ങള്‍. വിടര്‍ന്ന ചുണ്ടുകളില്‍ കാരുണ്യത്തിന്റെ മന്ദഹാസം. തുടുത്ത മുഖത്തിനിരുവശവും വലംപിരിശംഖുപോലെ നീണ്ട കാതുകള്‍. ശരസ്സിനു പിറകില്‍ പുഷ്പാകാരത്തിലുള്ള പ്രഭാവലയം. കൈകളില്‍ ശാന്തിമുദ്ര. വിടര്‍ന്ന താമരത്തല്പ്പത്തില് പത്മാസനത്തിലുള്ള ഇരിപ്പ്. പിന്നില്‍ ഇരുഭാഗത്തായി സിംഹങ്ങളും ആനകളും.
പടികള്‍ വലിഞ്ഞുകയറിയ ചെറുക്ഷീണം. ബുദ്ധപ്രതിമയ്ക്കുതാഴെ കല്പ്പടവിലിരുന്നു.
താഷി ~ാസ്കിലെ വെള്ളം പകര്‍ന്നു കുടിച്ചു. കര്‍ണാടകത്തിലെ ബൈലക്കുപ്പയില്‍ ഗവേഷണവിദ്യാര്‍ഥിയാണ് അയാള്‍. ‘ബുദ്ധദര്‍ശനം സാധ്യതകള്‍ ആധുനികജീവിതത്തില്‍.’ അതാണ് പഠനവിഷയം.
പടികളിലൂടെ ആളുകള്‍ കയറി വരുന്നത് നോക്കി താഷി പറഞ്ഞു:
“”God Buddha has never have a teacher. He has attained great wisdom with his own effort. His own strength. His own knowledge. His own sanity.”
അല്‍പ്പനേരം എന്റെ മുഖത്തേക്ക് നോക്കി. അയാള്‍ തുടര്‍ന്നു.
“”We can achieve perfection in life only by ultimate dedication and sacrifice.”
ജീവിതത്തെക്കുറിച്ച് അയാള്‍ ശുഭാപ്തിവിശ്വാസിയാണ്.
എന്നെപ്പോലെ അയാളും ധൗളിയില്‍ ആദ്യമാണ്. എന്റെ കൈപിടിച്ച് അയാള്‍ എഴുന്നേറ്റു.
വിശാലമായി പരന്നുകിടക്കുന്ന സമതലത്തിനു നടുവില്‍ തലയുയര്‍ത്തി നില്ക്കുന്ന കൊച്ചുകുന്ന്. കുന്നിന്റെ വെള്ളിക്കിരീടം പോലെ സമാധാനത്തിന്റെ ശ്വേതവീചികള് പരത്തുന്ന ശാന്തിസ്തൂപം. താഴികക്കുടത്തിന്റെ ആകൃതി. ‘ധൗളി’ എന്നാല്‍ ധവളിമയുള്ളത്, വെളുത്തത്.
വീശിവരുന്ന കൊച്ചുകാറ്റിന്റെ തണുപ്പ് കുടിച്ചുകൊണ്ട് സ്തുപത്തെ പ്രദക്ഷിണംവച്ചു. ചുമരുകളില്‍ ചെറുതും വലുതുമായ ശില്‍പ്പങ്ങളുടെ പാനലുകള്‍. ബുദ്ധജീവിതവും ദര്‍ശനവും. ബുദ്ധന്റെ കാലടിപ്പാടുകള്‍. ബോധിവൃക്ഷം. ബുദ്ധപാദങ്ങളില്‍ രണവാള്‍ സമര്‍പ്പിക്കുന്ന അശോകചക്രവര്‍ത്തി. കിടക്കുന്ന ബുദ്ധന്. കൈയുയര്‍ത്തി അനുഗ്രഹിക്കുന്ന ബുദ്ധന്. തപസ്സിരിക്കുന്ന ബുദ്ധന്.
മുകളിലേക്ക് കയറിവരാന്‍ നിരവധി പടവുകളുള്ള ഗോവണിപ്പടികള്‍. മുന്നില്‍നിന്നും പിന്നില്‍നിന്നും. പടികളുടെ ഇരുവശത്തുമായി പീതവര്‍ണത്തില്‍ വലിയ സിംഹപ്രതിമകള്‍. മൗര്യസാമ്രാജ്യത്തിന്റെ രാജചിഹ്നം.
പ്ലാറ്റ്ഫോമില്‍നിന്നുള്ള ദൂരക്കാഴ്ചയില്‍ നടന്നുവന്ന വെട്ടുവഴി കാണാം.
ഭുവനേശ്വറില്‍നിന്ന് ബസ്സില്‍ പുരിയിലേക്കുള്ള പാതയില്‍ ഏഴു കിലോമീറ്റര്‍ യാത്ര. ബസ്സിറങ്ങിയത് ഒരു മണ്‍പാതയിലേക്ക്.
കാലില്‍ പുരണ്ടത് ചോരയാണോ.
തലേദിവസം പെയ്ത മഴയില്‍ ചെമ്മണ്ണ് കലങ്ങിയൊഴുകിപ്പരന്നിരുന്നു. പാതയ്ക്ക് ഇരുവശങ്ങളിലായി കുടിലുകളും പണിശാലകളും. കല്ലില്‍കൊത്തിയുണ്ടാക്കിയ പ്രതിമകള്‍ നിരത്തിവച്ചിരിക്കുന്നു. ചുവപ്പു കലര്‍ന്ന കല്ലുകള്‍. സഹസ്രാബ്ദങ്ങളുടെ ചരിത്രവഴികളില്‍ മണ്ണിനും കല്ലിനും വെള്ളത്തിനും രക്തവര്‍ണം. സിംഹപ്രതിമയെത്തൊട്ട് കിഴക്കോട്ടു നോക്കിയാല്‍ ദൂരെ അതാ ദയാനദി. നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ചോരച്ചാലൊഴുകിയ കുഞ്ഞുപുഴ. പുതുയുഗസംക്രമണത്തിന് നാന്ദി കുറിച്ച കലിംഗയുദ്ധത്തിന്റെ മഹാസാക്ഷി.
ദയാനദിക്കപ്പുറവും ഇപ്പുറവും പരന്നുകിടക്കുന്ന രണനിലങ്ങള്. ഈ കുന്നില്‍ നിന്നുകൊണ്ട് അശോകചക്രവര്‍ത്തി യുദ്ധം വീക്ഷിച്ചു. കലിംഗത്തിലെ അവസാനത്തെ പുരുഷന്റെ തലയറുത്ത ചോരയില്‍ മുക്കിയ കൊടി അതാ ഉയരുന്നു. അശോകന് യുദ്ധഭൂമിയിലേക്കിറങ്ങിച്ചെന്നു.
കുന്നുകുന്നായി കൂടിക്കിടക്കുന്ന മനുഷ്യശരീരങ്ങള്‍. മരിച്ചതും പാതിമരിച്ചതും. കൊടുംക്രൂരത ഘനീഭവിച്ച പോലെ കറുത്തുകട്ടപിടിച്ച രക്തം. ചുവന്ന കണ്ണീരൊലിപ്പിച്ച് മൂകയായി ഒഴുകുന്ന ദയാനദി. പേടിച്ചരണ്ട കുഞ്ഞിനെപ്പോലെ. ആര്‍ത്തലച്ചു കരയുന്ന കുഞ്ഞുങ്ങളും സ്ത്രീകളും. ശവംതീനിപ്പക്ഷികളുടെയും മൃഗങ്ങളുടെയും മുരള്‍ച്ച. കുറുക്കന്മാര് ഓരിയിടുന്നു. കഴുകന്മാര് ചുറ്റിപ്പറക്കുന്നു. താന്‍ കീഴടക്കിയത് വിസ്തൃതമായ ശവപ്പറമ്പാണോ!!
കുന്നിന് മുകളില്‍ തിരിച്ചെത്തിയ അശോകന് പിന്നെ ഉറങ്ങാന്‍ കഴിഞ്ഞില്ല. കാതില്‍ അശരണരായ കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും ആര്‍ത്തനാദം മാത്രം. കണ്ണടയ്ക്കുമ്പോള്‍ തെളിയുന്നത് അവസാനശ്വാസത്തിനായി പിടയുന്ന ചോരവാര്‍ന്ന മുഖങ്ങള്‍. കഴുകന്മാര് കൊത്തിവലിക്കുന്ന കബന്ധങ്ങള്‍.
പ്രായശ്ചിത്തത്തിനുള്ള പരിദേവനം. മനഃശാന്തിക്കുള്ള പ്രാര്‍ഥന. മരണഗന്ധം വമിച്ച കാറ്റില്‍ ശംഖനാദം പോലെ ഒരു മന്ത്രം അലയടിച്ചെത്തി.
”ബുദ്ധം ശരണം ഗച്ഛാമി. സംഘം ശരണം ഗച്ഛാമി”
അശോകന് ശിഷ്ടജീവിതം ബുദ്ധചരണത്തില് സ്വയമര്‍പ്പിച്ചു.
”ഈ കുന്നിറങ്ങിയാണ് ബുദ്ധമതം ലോകചരിത്രത്തിലേക്ക് ഒഴുകിപ്പരന്നത്.”
താഷി വാങ്ഡു വികാരാധീനനായി. ഈറന്‍കണ്ണുകള്‍ തുടച്ച് പരന്നുകിടക്കുന്ന പടനിലങ്ങള്‍ നോക്കി അയാള്‍ കൈകള്‍ കൂപ്പി. പാടങ്ങളുടെ ഓരം ചേര്‍ന്ന് വെള്ളച്ചേലചുററിയ ദയാനദി ശാന്തമായി ഒഴുകുകയാണ്. ശാന്തിയുടെ നിലാവുദിച്ച ഈ കുന്നില്‍ 1970 ലാണ് സ്തുപം സ്ഥാപിച്ചത്. കലിംഗ നിപ്പോണ്‍ ബുദ്ധസംഘവും ജപ്പാന് ബുദ്ധസംഘവും ചേര്‍ന്ന്. ഫുജി ഗുരുജിയുടെ സഹായമുണ്ടായിരുന്നു. താഷി വിവരിച്ചു.
‘സധര്മ്മവിഹാര് മൊണാസ്ട്രി’ എന്നൊരു ബുദ്ധമഠം അവിടെയുണ്ട്. അവിടത്തെ പ്രധാനഭിക്ഷുവിനെ കാണാനാണ് താഷി വാങ്ഡെ വന്നത്. എന്നോട് യാത്ര പറഞ്ഞ് അയാള്‍ മഠത്തിലേക്ക് ഇറങ്ങി. കൈപിടിക്കാന്‍ ഭാവിച്ച എന്നെ ഒരു ചെറുപുഞ്ചിരിയാല്‍ അയാള്‍ വിലക്കി.ബുദ്ധദര്‍ശനത്തിന്റെ മഞ്ചാടിക്കുരുപെറുക്കാന് പുതുജീവിതത്തിന്റെ കുണ്ടുവഴികളിലൂടെ മുടന്തിനടക്കുന്ന ഒരു കുട്ടി.
പിന്പടികള് ഇറങ്ങിച്ചെന്നത് ഒരു പുരാതനക്ഷേത്രത്തില്‍. ധവളേശ്വര്ക്ഷേത്രം. അശോകന് പൂജചെയ്തതെന്ന് വിശ്വസിക്കുന്ന ശിവക്ഷേത്രം. സന്ദര്‍ശകരാരുമില്ല. ഏകനായി കാത്തുനില്ക്കുന്ന പൂജാരി നെറ്റിയില്‍ കുങ്കുമം ചാര്‍ത്തി. ചൊല്ലിത്തന്ന മന്ത്രങ്ങളുരുവിട്ട് ഞാന്‍ ആരതി ചെയ്തു. ദക്ഷിണ നല്കി. ആ മുഖത്ത് ഉദിച്ച സൂര്യന് അവാച്യം! അവര്ണനീയം!
കയറിയും ഇറങ്ങിയും ചെന്നെത്തിയത് അനന്യമായ ഒരു കല്‍പ്രതിമയ്ക്കരികില്‍. ഉരുണ്ടുപൊങ്ങിനില്ക്കുന്ന വലിയ ഒരു പാറക്കല്ലിന്റെ പകുതിഭാഗത്തില്നിന്ന് ആനയുടെ അര്ധശരീരം കൊത്തിയെടുത്തിരിക്കുന്നു. മസ്തകമുയര്‍ത്തി പുറത്തേക്കിറങ്ങാനുള്ള ഭാവത്തില്‍.
ബുദ്ധധര്മ്മത്തിന്റെ പ്രതീകം.
പാറയുടെ ബാക്കിഭാഗം വിത്തില്‍ തൊടാതെ പാതിമുറിച്ചെടുത്ത മാങ്ങപോലെ. തൃശൂര്പ്പൂരത്തില് വടക്കുംനാഥന്റെ ഗോപുരകവാടം തുറന്ന് പുറത്തേക്കിറങ്ങുന്ന ഗജവീരനാണ് മനസ്സില്‍ തെളിഞ്ഞത്. 1988 ഏപ്രില്‍ മാസത്തിലെ ‘ഹെറിറ്റേജ്’ മാസികയില്‍ ധൗളിയെക്കുറിച്ച് വിന്ദുസര് എഴുതിയ ഫീച്ചര്‍ വായിച്ച ഓര്‍മ്മ.
ചാള്‍സ് ഫാബ്രിയുടെ “”History of the Art of Orissa” എന്ന പുസ്തകത്തില്‍ ഈ ശില്‍പ്പത്തെ പരാമര്‍ശിച്ചത് അതില്‍ ഉദ്ധരിച്ചിരുന്നു. മൗര്യകലയിലെ മൃഗശില്‍പ്പങ്ങളെ രണ്ടായി തിരിക്കാം. അലംകൃതവും ശൈലീകൃതവുമായവ. യഥാതഥവും സരളവുമായവ. ധൗളിയിലെ ആന രണ്ടാമത്തെ വിഭാഗത്തിലാണ്.
താഴേക്കിറങ്ങിയാല്‍ പാറയുടെ പിന്‍വശത്ത് ശിലാലിഖിതങ്ങളാണ്. അശോകന്റെ ശാസനങ്ങള്‍. പാലിലിപിയില്. ദിവ്യവും ദയാര്‍ദ്രവുമായ രാജശാസനങ്ങള്‍. തന്റെ യുദ്ധഭീകരതയിലുള്ള പശ്ചാത്താപം. മനുഷ്യഹൃദയത്തെ കീഴടക്കാന്‍ സ്നേഹവും കാരുണ്യവും മാത്രമാണ് വഴി എന്ന തിരിച്ചറിവ്. ധര്‍മ്മസംരക്ഷണത്തിനുള്ള തന്റെ ദൃഢനിശ്ചയം. സാമ്രാജ്യം മുഴുവന്‍ അഹിംസാധര്മ്മചാരിയാവണം എന്ന രാജകല്പ്പന.
പടികളിറങ്ങവേ മൗര്യസാമ്രാജ്യത്തിന്റെ പതനമാണ് മനസ്സില്‍ കയറിവരുന്നത്. മക്കളെയും മന്ത്രിമാരെയും ബുദ്ധമതപ്രചരണാര്‍ഥം ലോകത്തിന്റെ വിവിധ കോണുകളിലേക്കയച്ച അശോകന്. സാമ്രാജ്യം മുഴുവന്‍ ബുദ്ധസ്മാരകങ്ങള്‍ പണിത് ശിലാശാസനകളിലൂടെ, കര്‍മ്മപഥങ്ങളിലൂടെ മതപ്രചാരണം നടത്തി. അഹിംസാവാദികളായിത്തീര്ന്ന അശോകനും പിന്‍ഗാമികളും സൈനികശക്തിയെ നിരാകരിച്ചു. ഇന്ത്യ കീഴടക്കാന്‍ തക്കം പാര്‍ത്തിരുന്ന വിദേശികള്‍ കയറി മേയാന്‍ തുടങ്ങി.
ചാണക്യബുദ്ധിയില്‍ പിറവികൊണ്ട മൗര്യസാമ്രാജ്യപ്രതാപം നാമാവശേഷമായി. കണ്ടവര്‍ കയറി നിരങ്ങുകയായിരുന്നു പിന്നെ ഈ ഭാരതഭൂമിയില്‍. നൂറ്റാണ്ടുകളോളം. ഒരുപക്ഷേ ഏഴാം നൂറ്റാണ്ടില്‍ ഗുപ്തസാമ്രാജ്യം ഉദയം ചെയ്യുംവരെ.
ഊഞ്ഞാലില്‍ ഒരറ്റത്തിന്റെ പരമാവധിയെത്തിയാല്പ്പിന്നെ മറ്റേ അറ്റത്തേക്ക് ഒറ്റക്കുതിപ്പാണ്. ശമനമില്ലാത്ത യുദ്ധക്കൊതിയുടെ ഉച്ചസ്ഥായിയില്‍ ആനന്ദനിര്വൃതിപൂണ്ട അശോകജീവിതത്തിന്റെ മറ്റേയറ്റം അണുവിട നിഷ്ഠവിടാത്ത അഹിംസയിരുന്നു. ലോകസ്വഭാവമാണത്. നക്സല്‍പ്രസ്ഥാനത്തില്‍ യൗവ്വനം ഹോമിച്ചവര്‍ വാര്‍ധ്യക്യത്തില്‍ സായിഭക്തരും വികാരിയച്ചന്മാരുമായതുപോലെ.
ഓട്ടോറിക്ഷയില്‍ മടങ്ങുമ്പോള്‍ ദയാനദിയുടെ പാലത്തില്‍ അല്‍പ്പനേരം ഇറങ്ങിനിന്നു. മെലിഞ്ഞ ഒരു കൊച്ചുനദി.
മഹാനദിയുടെ കൈവഴിയായ കോയ്ഖൈയുടെ ഇരുശാഖകളില് ഒന്നാണ് ഭാര്ഗവിനദി. ഭാര്‍ഗവി വീണ്ടും മൂന്നായി പിരിയുന്നു. തെക്കുഭാഗത്തേത് ദയാനദി.
പാലത്തിന്റെ കൈവരിയില്‍പ്പിടിച്ച് പടിഞ്ഞാറോട്ട് നോക്കി.
നദീജലത്തില്‍ ധൗളിസ്തൂപത്തിന്റെ വെളുത്തനിഴല്.
ദയാനദിയുടെ കണ്ണീരില്‍ വെണ്ണിലാവുദിച്ചതാണോ!!
ഒരു കാര്മേഘശകലം ശിരസ്സില്‍ മഴത്തുള്ളിയുടെ തീര്‍ഥം തളിച്ച് മാഞ്ഞുപോയി.
എം. ശ്രീഹര്ഷന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: