ബെംഗളൂരു: ഏഷ്യയിലെ ഏറ്റവും വലിയ വ്യോമയാന പ്രദര്‍ശനം ‘എയ്റോ ഇന്ത്യ-2021’ ഫെബ്രുവരി മൂന്നു മുതല്‍ അഞ്ചുവരെ ബെംഗളൂരു യെലഹങ്ക വ്യോമത്താവളത്തില്‍. നാളെ പൂര്‍ണ റിഹേഴ്സല്‍. കേന്ദ്ര പ്രതിരോധ മന്ത്രാലയവും പ്രതിരോധ ഗവേഷണ വികസന സ്ഥാപനമായ ഡിആര്‍ഡിഒയും സംയുക്തമായാണ് എയ്റോ ഇന്ത്യ സംഘടിപ്പിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആത്മനിര്‍ഭര്‍ ഭാരതത്തെ കുറിച്ചുള്ള കാഴ്ചപ്പാടിന് അനുസൃതമായി ‘നൂറ് കോടി അവസരങ്ങളിലേക്കുള്ള റണ്‍വെ’ എന്നതാണ് എയ്റോ ഇന്ത്യയുടെ സന്ദേശം. മുന്‍ വര്‍ഷങ്ങളില്‍ അഞ്ചു ദിവസം നടന്നിരുന്ന എയ്റോ ഇന്ത്യ ഇത്തവണ കൊവിഡ് പശ്ചാത്തലത്തില്‍ മൂന്നു ദിവസമായി കുറച്ചു. കൊവിഡ് കാരണം ഓസ്ട്രേലിയന്‍ ഇന്റര്‍നാഷണല്‍ എയര്ഷോ, പാരീസ് എയര്ഷോ എന്നിവ മാറ്റിവച്ചിരുന്നു. ഈ സാഹചര്യത്തില്‍ എയ്റോ ഇന്ത്യയും മാറ്റിവയ്ക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും നിശ്ചയിച്ച തീയതിയില്‍ തന്നെ നടത്താന്‍ പ്രതിരോധ മന്ത്രാലയം തീരുമാനിക്കുകയായിരുന്നു. കൊറോണ കാലഘട്ടത്തില്‍ സംഘടിപ്പിച്ച ആദ്യത്തെ ആഗോള എയര്ഷോ എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
ഏഷ്യയിലെ ഏറ്റവും വലിയ വ്യോമ പ്രദര്‍ശനമാണിത്. പ്രതിനിധികള്‍ക്ക് നേരിട്ടോ, വെര്‍ച്വലായോ പങ്കെടുക്കാന്‍ സാധിക്കുന്ന ഹൈബ്രിഡ് ഷോ ആണ് ഇത്തവണ സംഘടിപ്പിച്ചിരിക്കുന്നത്. ആഗോള തലത്തില്‍ ആദ്യമാണ് തദ്ദേശീയമായി വികസിപ്പിച്ച ഹൈബ്രിഡ് മാതൃകയില്‍ ഒരു എയര്‍ ഷോ നടക്കുന്നത്.
റഫാല്‍ വിമാനങ്ങളും അമേരിക്ക, ഇംഗ്ലണ്ട്, റഷ്യ, ജര്‍മനി, ജപ്പാന് തുടങ്ങി വിവിധ രാജ്യങ്ങളുടെ വ്യോമസേനകളും ആകാശത്ത് കരുത്ത് തെളിയിക്കും. വിവിധ രാജ്യങ്ങളുടെ എയ്റോബാറ്റിക് സംഘങ്ങളുമുണ്ടാകും ആകാശ കാഴ്ചയൊരുക്കാന്‍.
എംഐ-17, ഡക്കോട്ട, തേജസ്, എ3 ഹെലികോപ്ടര്‍, ധ്രുവ്, രുദ്ര, എഎല്‍എച്ച് ധ്രുവ്, സുഖോയ്, തേജസ്, ജാഗ്വര്‍, മിഗ്-21, സാരസ്, നേത്ര, പി-81, എസ്യു-30 എംകെഐ, എഫ്-16, എയര്‍ബസ് 330, ബി-52, വ്യോമസേനയുടെ മിറാഷ്-200, മിഗ്-21, മിഗ്-27, സുഖോയ്, വിന്റേജ് വിമാനങ്ങള്‍, സു-30 എംകെഐ, സി-130ജെ സൂപ്പര്‍ ഹെര്‍ക്കുലീസ്, ബോയിങ്ങിന്റെ സി-17 ഗ്ലോബ്മാസ്റ്റര്-3, എംബ്രാര്‍ തുടങ്ങിയ ജെറ്റുകളും ആകാശക്കാഴ്ചയൊരുക്കും.
രാജ്യത്തിനകത്തും പുറത്തുനിന്നുമായി 41 വിമാനങ്ങള്‍ വ്യോമ പ്രദര്‍ശനത്തില്‍ പങ്കെടുക്കും. 63 വിമാനങ്ങളുടെ നിശ്ചല ദൃശ്യങ്ങളും ഒരുക്കിയിട്ടുണ്ട്.
വ്യോമ പ്രദര്‍ശനത്തില്‍ ലോകത്ത് ഏറ്റവും വലിയ ആകര്‍ഷകമായ ഇന്ത്യയുടെ സൂര്യകിരണ്‍, സാരംഗ് ടീമുകള്‍ സംയോജിപ്പിച്ചുള്ള അഭ്യാസ പ്രകടനം നടത്തുമെന്ന പ്രത്യേകതയും ഇത്തവണത്തെ എയര്‍ ഷോയ്ക്കുണ്ട്. വിദേശത്തും സ്വദേശത്തുമുള്ള കമ്പനികളുടെ പ്രതിരോധ സാമഗ്രികള്‍ പ്രദര്‍ശിപ്പിക്കാനായി പവലിയനുകള്‍ ഉണ്ടാകും.
പ്രതിരോധ മേഖലയില്‍ ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി പ്രകാരം രൂപകല്‍പ്പന ചെയ്ത വിമാനങ്ങളും സ്റ്റാര്‍ട്ട് അപ്പുകളുടെയും പ്രദര്‍ശനം ഇക്കുറി പ്രത്യേകതയാകും. ഇതുകൂടാതെ വ്യവസായ പ്രമുഖര്‍, ശാസ്ത്രജ്ഞര്‍, രാജ്യാന്തര പ്രതിരോധ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന ചര്‍ച്ചകള്‍, സെമിനാറുകള്‍ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.
വെര്‍ച്വല്‍ പ്ലാറ്റ്ഫോം
ഇന്ത്യയാണ് ആദ്യമായി വെര്‍ച്വല്‍ എക്സിബിഷന് പ്ലാറ്റ് ഫോം ഒരുക്കുന്നത്. വെര്‍ച്വല്‍ എക്സിബിഷനില്‍ പങ്കെടുക്കാന്‍ ഇതുവരെ 214 കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തു.
വെര്‍ച്വല്‍ എക്സിബിഷന് സന്ദര്‍ശകര്‍ക്ക് 24 മണിക്കൂറും പ്രവേശിക്കാം. ഒപ്പം ഓരോ ഉത്പ്പന്നത്തിന്റെയും വിശദമായ വിവരണങ്ങള്‍ അവര്‍ക്ക് കാണാനും കമ്പനി പ്രതിനിധികളോട് സംവദിക്കാനും സാധിക്കും. വെര്‍ച്വല്‍ സന്ദര്‍ശകര്‍ക്ക് എയ്റോ ഇന്ത്യയില്‍ നടക്കുന്ന എല്ലാ കോണ്‍ഫറന്‍സുകളിലും പങ്കെടുക്കാം.
600 കമ്പനികള്‍
എയ്റോ ഇന്ത്യയില്‍ നേരിട്ട് പങ്കെടുക്കാന്‍ 600 കമ്പനികളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 522 ഇന്ത്യന്‍ കമ്പനികളും 14 രാജ്യങ്ങളില്‍ നിന്നായി 78 വിദേശ കമ്പനികളും. ഫ്രാന്‍സില്‍ നിന്നാണ് കൂടുതല്‍-25. പിന്നാലെ യുഎസ്-22.
രാഷ്ട്രപതിയും പ്രതിരോധമന്ത്രിയും പങ്കെടുക്കും
എയ്റോ ഇന്ത്യ-2021ല്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും പങ്കെടുക്കും. രാജ്നാഥ് സിങ് ഉദ്ഘാടന ദിവസവും രാഷ്ട്രപതി സമാന ദിവസവുമാണ് പങ്കെടുക്കുക.
ഫെബ്രുവരി മൂന്നിന് രാവിലെ 9.30ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് എയ്റോ ഇന്ത്യ-2021 ഉദ്ഘാടനം ചെയ്യും. 10.15ന് വ്യോമ പ്രദര്‍ശനം. 11.40ന് പവലിയനുകളുടെ ഉദ്ഘാടനം രാജ്നാഥ് സിങ് നിര്‍വഹിക്കും. ഒന്നിന് ബിസിനസ് മീറ്റുകള്‍ക്ക് തുടക്കം.
2.30ന് ഇന്ത്യ-റഷ്യ മിലിട്ടറി ഇന്സ്ട്രിയല് കോണ്‍ഫറന്‍സ്, ആറിന് ആദ്യ ദിവസത്തെ പരിപാടികള്‍ സമാപിക്കും. നാലിന് രാവിലെ ഒമ്പതിന് ആരംഭം. 9.30 മുതല്‍ വിവിധ സെഷനുകള്‍. 10ന് വ്യോമ പ്രദര്‍ശനം. 10.30 മുതല്‍ സെമിനാറുകള്‍. വൈകിട്ട് മൂന്നിന് വ്യോമ പ്രദര്‍ശനം. ആറിന് സമാപനം. അഞ്ചിന് രാവിലെ ഒമ്പതിന് ആരംഭം. പത്തിന് വ്യോമ പ്രദര്‍ശനം. 10മുതല്‍ വിവിധ സെമിനാറുകള്‍. 3.15ന് സമാപനം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും.
സൗജന്യമായി കാണാം
എയ്റോ ഇന്ത്യ-21, വെര്‍ച്വലില്‍ സൗജന്യമായി കാണാന്‍ സാധിക്കും. വെര്‍ച്വലായി രജിസ്റ്റര്‍ ചെയ്യുന്നതിന് ആയിരം രൂപ നേരത്തെ നിശ്ചയിച്ചിരുന്നു. പ്രതിരോധ മന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് വെര്‍ച്വല്‍ സന്ദര്‍ശകര്‍ക്കുള്ള ഫീസ് ഒഴിവാക്കിയത്.
എയ്റോ ഇന്ത്യ-21നായി വികസിപ്പിച്ചെടുത്ത പ്രത്യേക പോര്‍ട്ടലില്‍ (പ്ലെ സ്റ്റോറില്‍ നിന്ന് ഡൗണ്‍ ലോഡ് ചെയ്യാം) വെര്‍ച്വല്‍ സന്ദര്‍ശകര്‍ക്ക് ഒരിക്കല്‍ രജിസ്റ്റര്‍ ചെയ്താല്‍ മുഴുവന്‍ പരിപാടികളും ഓണ്‍ലൈനില്‍ വീക്ഷിക്കാന്‍ സാധിക്കും.
അതേസമയം എക്സിബിറ്റേഴ്സിനും കമ്പനികള്‍ക്കും മറ്റു ബിസിനസുകാര്‍ക്കും വെര്‍ച്വല്‍ രജിസ്ട്രേഷന് ഫീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. എക്സിബിറ്റര്‍മാര്‍ക്ക് 20,000, എംഎസ്എംഇ, മറ്റ് ബിസിനസുകാര്‍ക്കും 40,000 രൂപയുമാണ് അടയ്ക്കേണ്ടത്.
വെര്‍ച്വലായി പങ്കെടുക്കുന്ന എക്സിബിറ്റര്‍മാര്‍ക്ക് നിരവധി അവസരങ്ങളും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. കമ്പനികളുടെ ബാനറുകള്‍, വീഡിയോ, ഉത്പ്പാദനങ്ങള്‍, സേവനങ്ങള്‍, ചിത്രങ്ങള്‍ തുടങ്ങിയ പ്രദര്‍ശിപ്പിക്കാന്‍ സാധിക്കും. വീഡിയോ/ചാറ്റ്/ഓണ്‍ലൈന്‍ വഴി എക്സിബിറ്റര്‍മാര്‍ക്ക് വെര്‍ച്വല്‍ സന്ദര്‍ശകരുമായി സംവദിക്കാന്‍ സാധിക്കും. സ്റ്റാളുകള്‍ സന്ദര്‍ശിക്കുന്നവരുടെ വിശദാംശങ്ങള്‍ ട്രാക്ക് ചെയ്ത് അവരുമായി ഓണ്‍ലൈനില്‍ ബിസിനസ് ടു ബിസിനസ് മീറ്റുകള്‍ നടത്താനും കോണ്‍ഫറന്‍സുകളില്‍ പങ്കെടുക്കാനും കഴിയും. കൊവിഡിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണമാണ് വ്യോമയാന പ്രദര്‍ശന മേഖലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. മുന്‍വര്‍ഷങ്ങളില്‍ ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുത്തിരുന്ന എയര്‍ഷോയില്‍ ഇത്തവണ 15,000 പേര്‍ക്കുമാത്രമാണ് നേരിട്ടു പ്രവേശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: