കോട്ടയം : രോഗിയുടെ കൂട്ടിരിപ്പുകാരിയെ വ്യാജമായി പേ വാര്‍ഡില്‍ താമസിപ്പിച്ച ആര്‍പ്പൂക്കര സ്വദേശിയായ സുരക്ഷാ ജീവനക്കാരനെ കോട്ടയം ഗവ. മെഡിക്കല്‍ കോളേജ് അധികൃതര്‍ സസ്പെന്റ് ചെയ്തു.
ഒരു രാഷ്ടീയനേതാവിന്റെ ബന്ധുവാണെന്നും യുവതിയുടെ ബന്ധു കാര്‍ഡിയോളജി വിഭാഗത്തില്‍ കഴിയുകയാണെന്നും പറഞ്ഞ് കാര്‍ഡിയോളജി വിഭാഗത്തിലെ പേ വാര്‍ഡ് സംഘടിപ്പിക്കുകയും ഇരുവരും ചേര്‍ന്ന് താമസിക്കുകയുമായിരുന്നു. പേ വാര്‍ഡില്‍ താമസിക്കുന്ന യുവതിയുടെ സ്റ്റേ പാസ് മറ്റൊരു സുരക്ഷാ ജീവനക്കാരന് പരിശോധിച്ചപ്പോഴാണ് ഇവര്‍ മറ്റൊരു വാര്‍ഡിലെ രോഗിയുടെ കൂട്ടിരിപ്പുകാരിയാണെന്ന് മനസ്സിലായത്. മറ്റൊരു വാര്‍ഡിലെ രോഗി കാര്‍ഡിയോളജി പേ വാര്‍ഡില്‍ താമസിക്കാനുള്ള കാരണം അന്വേഷിച്ചപ്പോള്‍ ജില്ലയിലെ ഒരു രാഷ്ടീയ നേതാവിന്റെ ബന്ധുവാണ് രോഗിയെന്ന് സസ്പെന്റ് ചെയ്യപ്പെട്ട സുരക്ഷാ ജീവനക്കാരന് പറഞ്ഞു. ആരോപണ വിധേയനായ സുരക്ഷാ ജീവനക്കാരന് പേ വാര്‍ഡില്‍ നിന്നും പലപ്പോഴായി ഇറങ്ങി വരുന്നത് ശ്രദ്ധയില്‍പ്പെട്ട ജീവനക്കാരന് വിവരം ആശുപത്രി അധികൃതരുടെ ശ്രദ്ധപ്പെടുത്തുകയായിരുന്നു. അന്വേഷണത്തില്‍ രോഗിയോ കൂട്ടിരിപ്പുകാരിയോ രാഷ്ടീയ നേതാവിന്റെ ബന്ധുവല്ലെന്ന് ബോദ്ധ്യപ്പെട്ടു. തുടര്‍ന്ന് ആശുപത്രി അധികൃതരെ തെറ്റിദ്ധരിപ്പിച്ച് പേവാര്‍ഡ് സംഘടിപ്പിച്ചതിനും രോഗിയുടെ കൂട്ടിരിപ്പുകാരിയുമായി പേ വാര്‍ഡില്‍ കഴിഞ്ഞതിന്റേയും പേരില്‍ ഇയാളെ സസ്പെന്റ് ചെയ്യുകയായിരുന്നു. ഇയാളുടെ പേരില്‍ നിരവധി ആരോപണങ്ങള്‍ ഉള്ളതിനാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: