- ഒരു സൈനിക ഓഫീസറാകണമെന്ന സ്വപ്നം കുട്ടിക്കാലത്തുതന്നെ മനസ്സില്‍ ഉണ്ടായിരുന്നോ?
നല്ലൊരു യൂണിഫോം ക്വാളിറ്റി ഓഫ് ലൈഫ് വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു. നന്നായി പഠിച്ച് നല്ല ഒരു പൊസിഷനിലുള്ള ജോലിയില്‍ എത്തിയാല്‍ മാത്രമേ ആ ക്വാളിറ്റി ഓഫ് ലൈഫ് ഉണ്ടാകുകയുള്ളൂവെന്ന് അച്ഛന് എപ്പോഴും പറയുമായിരുന്നു.
- അങ്ങനെയൊരു സര്‍വീസിന്റെ ഭാഗമാകണമെന്നു തോന്നാന്‍ പ്രത്യേകിച്ച് എന്തെങ്കിലും കാരണമുണ്ടായിരുന്നോ?
അഞ്ചാം ക്ലാസ്സ് മുതല്‍ ഏഴാം ക്ലാസ്സ് വരെ സ്വാതന്ത്ര്യദിനത്തിനും റിപ്പബ്ലിക് ദിനത്തിനും പരേഡിന് പോകാനവസരം കിട്ടാറുണ്ട്. അതൊരു വലിയ ത്രില്ലിങ്ങായാണ് തോന്നാറുള്ളത്. നല്ല യൂണിഫോമില്‍ മാര്‍ച്ച് ചെയ്യുന്ന ഞങ്ങളെ മാതാപിതാക്കള്‍ കാണികള്‍ക്കിടയിലിരുന്ന് കാണുന്നത് വലിയൊരു സന്തോഷമായിരുന്നു. അതിനുശേഷം കിട്ടുന്ന മധുരപലഹാരങ്ങള്‍ എല്ലാവരുമായി പങ്കിടും. പരേഡില്‍ പോകാന്‍ ക്ലാസ്സില്‍ ഒന്നോ രണ്ടോ കുട്ടികള്‍ക്കു മാത്രമേ അവസരം ലഭിക്കൂ. അത് ഒരിക്കലും നഷ്ടപ്പെട്ടില്ല. അഞ്ചാം സ്റ്റാന്റേര്‍ഡ് മുതല്‍ ടെന്ത് വരെ പരേഡില്‍ എല്ലാവര്‍ഷും പങ്കെടുക്കാനുള്ള അവസരം എനിക്ക് കിട്ടി. എട്ടാം ക്ലാസ്സില്‍ ആയപ്പോള്‍ എന്സിസിയിലെത്തി. ഒന്നരവര്‍ഷം കഴിഞ്ഞപ്പോള്‍ അതിന്റെ ലീഡറായി. മാര്‍ച്ച് പാസ്റ്റിലും നിരവധി എന്‍സിസി ക്യാമ്പുകളിലും പങ്കെടുക്കാനള്ള അവസരം കിട്ടി. തുടക്കത്തില്‍ എന്‍സിസി ക്യാമ്പ് അടുത്തായിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ അധ്യാപകര്‍ ഞങ്ങളെ ഹയര്‍ ലെവല്‍ ക്യാമ്പില്‍ വിട്ടു. ബേസിക് മൗണ്ടനേറിയന് കോഴ്സ്, നാഷണല്‍ ഇന്റഗ്രേഷന്‍ ക്യാമ്പ് അങ്ങനെ ചെറിയ ചെറിയ അവസരങ്ങള്‍ സ്കൂളില്‍ പഠിച്ചിരുന്ന കാലത്തുതന്നെ കിട്ടിയിരുന്നു.
- ഒരു സൈനിക ഓഫീസറാവണമെന്ന് സ്വപ്നം കാണുന്ന കുട്ടികള്‍ക്ക് എന്‍സിസിയും സ്കൗട്ടും എത്രത്തോളം സഹായകമാണ്?
എന്‍സിസിയില്‍ ഒരുപാട് കാര്യങ്ങള്‍ നമ്മുടെ വികാസത്തിന് സഹായിക്കും. പരേഡും ക്ലാസ്സുകളും ആക്ടിവിറ്റീസും നമ്മുടെ കായികക്ഷമത വര്‍ധിപ്പിക്കും. വെറുമൊരു പുസ്തക ജ്ഞാനംകൊണ്ട് ഒന്നും നേടാനാവില്ല. ശാരീരികമായും മാനസികമായും കരുത്തു നേടിയാലേ സായുധസേനയില്‍ ചേര്‍ന്ന് ഒരു ഗ്രൂപ്പിനെ നയിക്കാനാവൂ. ഇതിനൊക്കെ നമ്മുടെ കായികക്ഷമത അത്യാവശ്യമാണ്. പുറത്തുള്ള ഏത് പ്രവൃത്തിയും മാനസികവും ശാരീരികവുമായ വികാസത്തിന് സഹായകമാവും.
- പ്രതിരോധ സേനയില്‍ വനിതാ ഓഫീസര്‍മാരെ നിയമിച്ചു തുടങ്ങിയത് 90 കളുടെ തുടക്കത്തിലാണല്ലോ. എങ്ങനെയാണ്, എപ്പോഴാണ് അങ്ങനെയൊരു അവസരമുണ്ടെന്ന് മനസ്സിലാക്കിയത്?
1992 ല്‍ ഇന്ത്യന്‍ നേവിയാണ് വനിതകള്‍ക്ക് ആദ്യമായി പ്രവേശനം കൊടുത്തത്. ഞാന്‍ ബിഎസ്സിക്ക് എറണാകുളം മഹാരാജാസില്‍ പഠിച്ചുകൊണ്ടിരിക്കെ വിശാഖപട്ടണത്തെ ഐഎന്‍എസ് സദ്വാഹന നേവല്‍ ബേസില്‍ ഒരു എന്‍സിസി ക്യാമ്പില്‍ പങ്കെടുത്തു. ആ ക്യാമ്പില്‍ ഒരു വനിതാ മെഡിക്കല്‍ ഓഫീസര്‍ വന്നു. ശാലിനി രവീന്ദ്രന്. അവര്‍ അന്ന് ലഫ്. കമാന്‍ഡര്‍ റാങ്കിലായിരുന്നു. ഞങ്ങളുടെ ക്യാമ്പില്‍ ഒരു പ്രോഗ്രാമിന് വന്നപ്പോള്‍ ക്യാമ്പിലെ സീനിയറായതിനാല്‍ അവരുമായി ഇടപഴകാന്‍ എനിക്ക് അവസരം കിട്ടി. സായുധസേനയില്‍ അന്നത്തെക്കാലത്ത് വനിതകള്‍ക്ക് ആര്‍മി മെഡിക്കല്‍ കോറിലൂടെ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും ഓഫീസര്‍മാര്‍ക്കും മാത്രമേ പ്രവേശനം ഉണ്ടായിരുന്നുള്ളൂ. ജനറല്‍ ബ്രാന്റിലേക്ക് പ്രവേശനം ആയിട്ടില്ല. ഭാവിയില്‍ അത് വരാന്‍ സാധ്യതണ്ടെന്ന് ഒരു സൂചന കിട്ടി. ഇന്നത്തെപ്പോലെ വാട്സാപ്പോ ഇന്റര്‍നെറ്റോ വഴി വിവരങ്ങള്‍ കിട്ടുന്ന കാലമല്ലല്ലോ.
പത്രങ്ങളില്‍നിന്നോ ലൈബ്രറികളില്നിന്നോ കിട്ടുന്ന വിവരങ്ങളേ ഉണ്ടായിരുന്നുള്ളൂ. അതല്ലെങ്കില്‍ ഈ ഫീല്‍ഡില്‍ ഉള്ളവരുമായി ബന്ധപ്പെട്ട് അവര്‍ വിവരങ്ങള്‍ പങ്കുവയ്ക്കണം. ഇല്ലെങ്കില്‍ ഇതൊന്നും കിട്ടില്ല. അങ്ങനെയൊരു സാഹചര്യമായിരുന്നു. ഒരിക്കല്‍ എന്‍സിസിയുടെ ക്യാമ്പില്‍ ഞങ്ങളുടെ ഒരു സീനിയര്‍ കപ്പലില്‍ ഡിന്നറിന് കൊണ്ടുപോയി. കപ്പലില്‍ ആദ്യം പ്രവേശിക്കുമ്പോള്‍ ഒരു സല്യൂട്ട് കിട്ടുന്നു. ഓഫീസേഴ്സ് ഭക്ഷണം കഴിക്കുന്ന വാര്‍ഡ് റൂമിലേക്ക് ചെല്ലുമ്പോള്‍ എല്ലാവരും എഴുന്നേല്ക്കുന്നു. സല്യൂട്ട് ചെയ്യുന്നു. അപ്പോള്‍ ഞാന്‍ ചോദിച്ചു. എന്തിനാ എല്ലാവരും ഞങ്ങളെയൊക്കെ കാണുമ്പോള്‍ എഴുന്നേല്‍ക്കുന്നത്. ഒരു വനിതയ്ക്ക് പരമാവധി ബഹുമാനം കിട്ടുന്ന സ്ഥലമാണ് സായുധസേന എന്നായിരുന്നു മറുപടി. അന്ന് വ്യത്യസ്ത രീതിയിലുള്ള ഭക്ഷണം കഴിച്ചു. അതൊരു പുതിയ അനുഭവമായിരുന്നു. ഇതുവഴി പല ആശയങ്ങള്‍ കിട്ടി. അപ്പോള്‍ എനിക്കും എന്തുകൊണ്ട് ഈ ഫീല്‍ഡിലേക്ക് വന്നുകൂടാ എന്നൊരു ആഗ്രഹം മനസ്സിലുണ്ടായി. എന്‍സിസിയിലെ വൈറ്റ് യൂണിഫോമും സ്ട്രൈപ്പുമിട്ട് നടക്കുമെങ്കിലും, നാവികസേനയില്‍ ഓഫീസറായിട്ട് വൈറ്റ് ഡ്രസ്സും ഗോള്‍ഡണ്‍ സ്ട്രൈപ്പുമൊക്കെയിട്ട് നടക്കാന്‍ പറ്റുമോ എന്നത് എന്റെ ഒരു സ്വപ്നമായിരുന്നു. നേവല്ബേസിനടുത്താണ് ഞങ്ങളുടെ കോളജ്. ബോട്ടിങ്ങിനും മറ്റുമായി നേവല്‍ബേസില്‍ പോകാറുണ്ട്. സെയലിങ് ക്ലബ്ബില്‍ പ്രോഗ്രാമിനും പോയിരുന്നു. ഒരുപാട് നാവിക ഓഫീസര്‍മാര്‍ അവിടെയുണ്ടാവും. വൈറ്റ് യൂണിഫോമില്‍ അവര്‍ നടക്കുന്നത് കാണുമ്പോള്‍ ഞങ്ങള്‍ക്ക് കൗതുകമായിരുന്നു. ഇതൊക്കെ നമ്മളെക്കൊണ്ടും സാധിക്കുമോയെന്ന് ചിന്തിക്കും. 1992 ല്‍ വനിതകള്‍ക്കും നാവികസേനയില്‍ പ്രവേശനാനുമതിയായി. എനിക്കും അപേക്ഷിക്കാമെന്നും അതിന് ശ്രമിക്കേണ്ട ആവശ്യമുണ്ടെന്നും മനസ്സിലാക്കി.
- അന്നത്തെ സെലക്ഷന് പ്രൊസസ്സ് എങ്ങനെയായിരുന്നു?
കരസേനയിലും വ്യോമസേനയിലും സ്പെഷ്യല്‍ എന്‍ട്രി സ്കീമുണ്ട്. നേവിയില്‍ അങ്ങനെയുണ്ടായിരുന്നില്ല. പുരുഷ, വനിതാ വേക്കന്‍സി കമ്പയിന്‍ഡ് ആയിരുന്നു. ഞങ്ങളുടെ സെലക്ഷന് പ്രൊസസ്സും കമ്പയിന്‍ഡ് ആയിരുന്നു. ഞാന്‍ മനസ്സിലാക്കിയിടത്തോളം കുറച്ച് വിഷമമാണ്. പുരുഷ കാന്‍ഡിഡേറ്റ്സിന്റെ കൂടെയാണ് കോംപീറ്റ് ചെയ്യേണ്ടത്. ഭാഗ്യവശാല്‍ ഞങ്ങളുടെ ബ്രാഞ്ചില്‍ ഏഴു വേക്കന്‍സിയില്‍ ആറുപേരും വനിതകളായിരുന്നു. ആറ് വനിതാ ഓഫീസര്‍മാരുടെ കൂടെ ഒരു മെയില്‍ ഓഫീസര്‍. പലയിടത്തും ചെല്ലുമ്പോള്‍ ഇതെങ്ങനെ വന്നുവെന്ന് പലരും ചോദിക്കും. കഴിവില്‍ വനിതകള്‍ ഒട്ടും പിന്നിലല്ല എന്നു തെളിയിക്കുന്ന കാര്യമായിരുന്നു അത്. കാരണം ഞങ്ങളുടെ ബ്രാഞ്ചില്‍ പരമാവധി വനിതാ ഓഫീസര്‍മാര്‍ ജോയിന്‍ ചെയ്തിരുന്നു.
- അക്കാലത്തെ സെലക്ഷന് പ്രോസസ്സില്‍ ഇപ്പോള്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നിട്ടുണ്ടോ? അതുതന്നെയാണോ ഇപ്പോഴും പിന്തുടരുന്നത്?
കരസേന, നാവിക സേന, വ്യോമസേന എന്നിവയിലേക്ക് ഓഫീസര്‍മാരെ തിരഞ്ഞെടുക്കുന്നത് സര്‍വീസ് സെലക്ഷന് ബോര്‍ഡിന്റെ നടപടിക്രമങ്ങള്‍ അനുസരിച്ചാണ്. അത് ലോകത്തെ ഏറ്റവും നല്ല സെലക്ഷന് രീതികളില്‍ ഒന്നാണ്. ഒരു കാന്‍ഡിഡേറ്റിനെ അഞ്ച് ദിവസം എക്സാമിന് ചെയ്ത് മാനസികവും ശാരീരികവും വ്യക്തിത്വപരവുമായ കാര്യങ്ങളില്‍ വളരെ വിശദമായ വിലയിരുത്തലുകള്‍ നടത്തും. അതിനുശേഷമാണ് റിസല്‍ട്ട് വരുന്നത്. ആ സെലക്ഷന് പ്രോസസ്സ് ഒരിക്കലും തെറ്റാറില്ല. കാരണം ഏറ്റവും മികച്ച രീതിയാണത്. അതീവ ബുദ്ധിശാലികള്ക്കൊന്നും പറ്റിയ സ്ഥലമല്ല. ശരാശരി ബുദ്ധി, പൊസിറ്റീവ് ആറ്റിറ്റിയൂഡ്, നിശ്ചയദാര്‍ഢ്യം ഇങ്ങനെയുള്ള ചെറിയ ചെറിയ കാര്യങ്ങള്‍ വളര്‍ത്തിയെടുത്താല്‍ സായുധസേനയിലേക്കുള്ള പ്രവേശനം ബുദ്ധിമുട്ടല്ല.
കേരളത്തില്‍ ജനിച്ച പല കുട്ടികളുടെയും പ്രശ്നം എന്താണെന്നു ചോദിച്ചാല്‍ ഇംഗ്ലീഷില്‍ പാഠപുസ്തക ജ്ഞാനമുണ്ട്. പക്ഷേ ആശയവിനിമയത്തിന് ഒരുപാട് ബുദ്ധിമുട്ടുകള്‍. കാര്യങ്ങള്‍ അറിയാം. ഒരു ഗ്രൂപ്പില്‍ അത് വേണ്ട രീതിയില്‍ പ്രകടിപ്പിച്ച് നമ്മുടെ വാദഗതികള്‍ സ്ഥാപിച്ചെടുക്കണമെങ്കില്‍ കുറച്ചുകൂടി മാറി ചിന്തിക്കേണ്ടതുണ്ട്. അതിന് തയ്യാറെടുപ്പ് ആവശ്യമുണ്ട്. സാധാരണ ഇങ്ങനെയുള്ള സെലക്ഷന് മറ്റു സംസ്ഥാനങ്ങളിലെ കുട്ടികളും ഉണ്ടാവും. ഹിന്ദി ഒരു പൊതു മീഡിയമായും വരാം. കുറച്ചു ആശയവിനിമയം ഹിന്ദിയില്‍ ചെയ്യാന്‍ പറ്റിയാല്‍ വളരെ സഹായകമാകും. എന്നാലും ഇംഗ്ലീഷ് വളരെ ഉപകരിക്കും.
- സര്‍വീസ് ബോര്‍ഡ് സെലക്ഷന് അഥവാ എസ്എസ്ബിയുടെ അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന പരീക്ഷയിലേക്ക് എങ്ങനെയാണ് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്? അവരുടെ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണോ അതോ വേറെ ഏതെങ്കിലും പരീക്ഷ നടത്തിയാണോ?
ആദ്യ ഘട്ടത്തില്‍ അടിസ്ഥാന യോഗ്യതയുടെ പേഴ്സന്റേജിന്റെ കട്ട് ഓഫ് വച്ചായിരുന്നു. ഇപ്പോള്‍ സെലക്ഷന് പ്രോസസിങ് മാറിയിട്ടുണ്ട്. യുപിഎസ് സിയും വരുന്നുണ്ട്. അടിസ്ഥാന യോഗ്യത ഓരോ കാലത്തും മാറ്റിയിട്ടുണ്ട്. ആര്‍മി, നേവി, എയര്‍ഫോഴ്സ് എന്നിവയുടെ വെബ്സൈറ്റില്‍ മുഴുവന്‍ വിവരങ്ങളും ലഭ്യമാണ്. കുറെ കാര്യങ്ങള്‍ മാറിയിട്ടുണ്ട്. അന്നത്തേതിലും കൂടുതല്‍ ബ്രാഞ്ചുകളായിട്ടുണ്ട്.
- അഞ്ച് ദിവസത്തിലെ ടെസ്റ്റില്‍ അവസാനമാണോ ആരൊക്കെ തെരഞ്ഞെടുക്കപ്പെട്ടു എന്നറിയുന്നത്? അതോ ഓരോ ദിവസവും കുറച്ചു പേരെ വീതം സെലക്ട് ചെയ്യുകയാണോ? എങ്ങനെയാണ് സെലക്ഷന് പ്രോസസ്സ്?
ആദ്യത്തെ എലിമിനേഷന് പോസ്റ്റ് ഗ്രാഡുവേഷന്റെ കട്ട് ഓഫ് മാര്‍ക്കില്‍. എസ്എസ്ബി സെന്ററില്‍ നമ്മള് ചെല്ലുന്ന ദിവസംതന്നെ പ്രിലിമിനറി ടെസ്റ്റ്. സമയപരിധിയുള്ള ഒരു ആപ്റ്റിട്യൂഡ് ടെസ്റ്റാണ്. അത് ക്ലിയറായാല്‍ ബാക്കി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവും. അഞ്ചാം ദിവസം ഇന്റര്‍വ്യൂ വിനുശേഷം റിസല്‍റ്റ് പ്രഖ്യാപിക്കും. മെഡിക്കല്‍സിന് കാത്തിരിക്കാം. ഇതിന്റെ റിപ്പോര്‍ട്ട് ദല്‍ഹിയ്ക്ക് അയയ്ക്കുന്നു. മെറിറ്റിന്റെ അടിസ്ഥാനത്തില്‍ ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്ളവര്‍ക്ക് ട്രെയിനിങ്ങിന് ജോയിന്‍ ചെയ്യാനുള്ള ഇന്റിമേഷന്‍ കിട്ടും. അന്ന് ബാംഗ്ലൂരും ഭോപ്പാലിലുമായിരുന്നു നാവിക സേനയ്ക്ക് പ്രധാന കേന്ദ്രങ്ങള്‍. ഇപ്പോള്‍ കുറച്ചുകൂടി കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
- താങ്കളുടെ ടെസ്റ്റ് എവിടെ വച്ചായിരുന്നു? ആ അനുഭവം ഒന്ന് ഓര്‍ത്തെടുക്കാമോ?
എന്റെ ടെസ്റ്റ് ഭോപ്പാലില്‍ വച്ചായിരുന്നു. അവിടെയെത്താനുള്ള സമയം വളരെ പരിമിതമായിരുന്നു. ഇന്നത്തെപ്പോലെ 120 ദിവസം മുന്‍പൊന്നും റിസര്‍വേഷന്‍ അന്നത്തെക്കാലത്ത് ഉണ്ടായിരുന്നില്ല. ട്രെയിനുകളും കുറവാണ്. ഞാന്‍ എറണാകുളം സൗത്ത് സ്റ്റേഷനില്‍ ചെന്ന് അന്വേഷിച്ചപ്പോള്‍ ടിക്കറ്റൊന്നും അവയിലബിള്‍ അല്ല. സ്റ്റേഷന് മാസ്റ്ററോട് പറഞ്ഞു, എനിക്ക് ഭോപ്പാലില്‍ എത്തണം. സെക്കന്‍ഡ് ക്ലാസ്സില്‍ യാത്ര ചെയ്യണം. ഞങ്ങള്‍ക്ക് റീഇംബേഴ്സ്മെന്റ് ചെയ്യുന്നത് സെക്കന്റ് ക്ലാസ്സ് ടിക്കറ്റിനാണ്. എന്നെ സഹായിക്കാമോയെന്ന് ഞാന്‍ ചോദിച്ചു. അപ്പോള്‍ എന്താണ് കാര്യമെന്ന് അദ്ദേഹം ചോദിച്ചു. എനിക്ക് നേവിയില്‍ ഓഫീസറായി സെലക്ഷനാണെന്ന് ഞാന്‍ മറുപടി നല്കി. അദ്ദേഹം ചോദിച്ചു, കുട്ടി തന്നെയാണോ സെലക്ഷന് പോകുന്നത്. ”ഞാന്‍ ഒന്നുപോയി ശ്രമിച്ചു നോക്കട്ടെ. പോയാലല്ലേ അറിയൂ ഞാന്‍ ക്വാളിഫൈഡ് ആകുമോ ഇല്ലയോയെന്ന്.”
എന്റെ മറുപടി കേട്ട് സ്റ്റേഷന് മാസ്റ്റര്‍ പറഞ്ഞു. ”മംഗലാപുരത്തുനിന്ന് ഭോപ്പാല്‍ വഴി ദല്‍ഹിക്കു പോകുന്ന ഒരു ട്രെയിനുണ്ട്. പാലക്കാട് വഴിയാണ് പോകുന്നത്. അതില്‍ ലേഡീസ് ക്വാട്ട അവയിലബിള്‍ ആണ്.” ഞാന്‍ പാലക്കാട് പോയി. ഒറ്റയ്ക്കാണ് പോകുന്നത്. ട്രെയിനില്‍ എന്റെ പ്രായംവരുന്ന ഒരച്ഛനൊപ്പം ഒരു കുട്ടിയും ഇരിപ്പുണ്ട്. കുട്ടി പഠിച്ചുകൊണ്ടിരിക്കുന്നു. അടുത്തതിന്റെ അടുത്ത ദിവസം നാലര മണിക്ക് ഭോപ്പാലില്‍ എത്തുന്നു. എന്നെപ്പോലെ കുറച്ചുപേര്‍ അവിടെ മാതാപിതാക്കള്‍ക്കൊപ്പം വന്നിറങ്ങുന്നതു കണ്ടു. അന്നൊക്കെ റെയില്‍വേ സ്റ്റേഷനില്‍ സൗകര്യങ്ങള്‍ വളരെ കുറവാണ്. റെസ്റ്റ് റൂമുകളൊന്നും അത്ര വൃത്തിയുള്ളതായിരിക്കില്ല. ഞാന്‍ നാലര മണിക്ക് തന്നെ അവിടെയെത്തുന്നു. പ്ലാറ്റ്ഫോമില്‍ കാത്തുനിന്നു. വെയ്റ്റിങ് റൂമൊന്നും തുറന്നിട്ടില്ല. എന്റെ ലഗേജെല്ലാം ഒരു പില്ലറില്‍ ചങ്ങലയിട്ട് ലോക്കു ചെയ്തശേഷം അടുത്തുള്ള ഷോപ്പ് തുറക്കാന്‍ കാത്തുനിന്നു. എസ്എസ്ബിയുടെ വണ്ടി വരേണ്ടതുണ്ട്. ഒടുവില്‍ വണ്ടി വന്നു. എല്ലാവരും കയറി സെന്ററിലേക്ക്. ഞങ്ങള്‍ സ്ക്രീനിങ് ടെസ്റ്റിന് കേറുകയാണ്. സ്ക്രീനിങ്ങ് ടെസ്റ്റ് കഴിഞ്ഞ് റിസല്‍ട്ട് വന്നു. അതില്‍ കുറച്ചുപേര്‍ പുറത്തായി. അധികൃതരുടെ നിര്‍ദ്ദേശപ്രകാരം താമസസ്ഥലത്തേക്കുപോയി. അടുത്ത ദിവസം രാവിലെ അടുത്ത ടെസ്റ്റ് തുടങ്ങി. രണ്ടു മണിക്ക് ടെസ്റ്റെല്ലാം കഴിഞ്ഞു. കുറച്ചുപേര്‍ക്ക് അന്നുതന്നെ ഇന്റര്‍വ്യൂ ഉണ്ടായിരുന്നു.
ഞാന്‍ എന്റെ ബാഗെല്ലാം അവിടെവച്ച് പുറത്തേക്കു പോയി. ഭോപ്പാലിനെക്കുറിച്ച് മനസ്സിലാക്കിയിരുന്നു. എന്തൊക്കെയാണ് കാണാനുള്ളതെന്ന് അറിയാം. അടുത്തുള്ള പാര്‍ക്ക്, ക്ഷേത്രം എന്നിങ്ങനെ മൂന്നുനാല് സ്ഥലങ്ങളില്‍ പോയശേഷം മടങ്ങിവന്നു. ഞാന്‍ തിരിച്ചെത്തിയപ്പോള്‍ മറ്റു കുട്ടികളൊക്കെ ചോദിച്ചു എവിടെ പോയെന്ന്. ഞാന്‍ പറഞ്ഞു സ്ഥലം കാണാന്‍ പോയി. ഉടന്‍ വന്നു അടുത്ത ചോദ്യം. ആരുടെ കൂടെ? തന്നെ പോയി. എങ്ങനെ പോയി? ഞാന്‍ പറഞ്ഞു, ചോദിച്ചുപോയി. അവരാരും പുറത്തൊന്നും പോയില്ല. അടുത്ത ദിവസത്തെ ടെസ്റ്റും കഴിഞ്ഞു. ഇന്റര്‍വ്യൂ നടന്നു.
- അന്നത്തെ ഇന്റര്‍വ്യൂവില്‍ എന്തൊക്കെ ചോദിച്ചുവെന്ന് ഓര്‍ക്കുന്നുണ്ടോ?
എന്നോട് ചില നാവിക കപ്പലിന്റെ പേരുകള്‍ പറയാന്‍ പറഞ്ഞു. ഞാന്‍ എന്‍സിസിയില്‍ ഉണ്ടായിരുന്നതിനാല്‍ കൊച്ചിയിലെ നേവല്‍ബേസില്‍ പോയി ഒരുപാട് കപ്പലുകള്‍ കണ്ടതുകൊണ്ട് ഒരു ഐഡിയയുണ്ടായിരുന്നു. ഞാനൊരു 30 കപ്പലിന്റെ പേരുകള്‍ പറഞ്ഞു കഴിഞ്ഞപ്പോള്‍ ഇന്റര്‍വ്യൂ ചെയ്യുന്ന ഓഫീസര്‍ അദ്ഭുതപ്പെട്ടു. എനിക്കുപോലും ഇത്രയും ഓര്‍മയില്ല. ഇതെങ്ങനെ കുട്ടിക്കറിയാമെന്നു ചോദിച്ചു. പിന്നീട് എന്നോട് ചോദിച്ചത് ഉദുമയുടെ അടുത്ത് പള്ളിക്കര എന്ന ഒരു സ്ഥലമുണ്ട്. ഈ പള്ളിക്കരയുടെ സവിശേഷത എന്താണ് എന്നായിരുന്നു. അത് എന്നെ വളരെ അദ്ഭുതപ്പെടുത്തി. ഒരു ഉത്തരേന്ത്യന്‍ ഓഫീസര്‍. കേരളത്തിലെ പള്ളിക്കരയുടെ സവിശേഷത എന്താണെന്ന് ചോദിക്കുന്നു. ഞാന്‍ ഈ ഇന്റര്‍വ്യൂവിന് കുറച്ചുമാസം മുന്‍പ് പള്ളിക്കരയില്‍ പോകാനിടയായി. അന്ന് അവിടുത്തെ ഭക്ഷണരീതിയെപ്പറ്റി ചോദിച്ചു മനസ്സിലാക്കി. വ്യത്യസ്ത രീതിയിലുള്ള പുകയിലയുടെ കേന്ദ്രമാണത്. ഈ പ്രത്യേകതരം പുകയില പ്രസിദ്ധവും വിലയുള്ളതും കയറ്റി അയയ്ക്കുന്നതുമാണെന്ന് ഒരാള്‍ എനിക്ക് പറഞ്ഞു തന്നത് ഓര്‍മയിലുണ്ടായിരുന്നു. ഞാന്‍ അക്കാര്യം പറഞ്ഞു.
അപ്പോള്‍ ഓഫീസര്‍ ചോദിച്ചു: How do you know? ഞാന്‍ മറുപടി നല്കി.I visited that place. I seen that plantation, tobacco cultivation. അതുപോലെ ചെറിയ ചെറിയ ചോദ്യങ്ങള്‍. എന്നെ അത് വല്ലാതെ ആശ്ചര്യപ്പെടുത്തി. നമ്മള് ഒട്ടും പ്രതീക്ഷിക്കുന്നില്ല. നമ്മളുടെ ഗ്രാമത്തെപ്പറ്റി അവിടെയിരിക്കുന്ന ഒരാള്‍ക്ക് നമ്മള് ഉദ്ദേശിക്കുന്നതിലധികം അറിവ് ഉണ്ടായിരുന്നു. പിന്നീട് ചെറിയ ചെറിയ കാര്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങി. നേവിയെപ്പറ്റി ചോദിക്കാന്‍ തുടങ്ങി. എല്ലാം ചോദ്യങ്ങള്‍ക്കും ഞാന്‍ ഉത്തരം നല്കി. ഏകദേശം 20 മിനിറ്റു കഴിഞ്ഞപ്പോള്‍ ഞാന്‍ അടുത്ത ചോദ്യത്തിന് കാത്തിരുന്നു. അപ്പോള്‍ എന്നോട് ചോദിച്ചു, എന്താണ് കുട്ടിയുടെ മനസ്സിലെന്ന്. ഞാന്‍ പറഞ്ഞു, അടുത്ത ചോദ്യം. എന്നോട് എന്തെങ്കിലും ചോദിക്കാനുണ്ടോയെന്ന് ഓഫീസര്‍. ഒന്നുമില്ല. പ്രത്യേകിച്ച് ഒന്നുമില്ല. ഈ ഇന്റര്‍വ്യൂ നന്നായി എന്ജോയ് ചെയ്തു എന്നു ഞാന്‍ പറഞ്ഞു. സാധാരണ അങ്ങനെ പറയാന്‍ പാടില്ലെന്നാണ് എനിക്ക് തോന്നുന്നത്. പക്ഷേ അന്ന് എനിക്കങ്ങനെ തോന്നിയില്ല.
ഇന്റര്‍വ്യൂ കഴിഞ്ഞ് പുറത്തിറങ്ങി വന്നപ്പോള്‍ ഒരാള്‍ എന്നോട് ചോദിച്ചു.”When I back to home? ഞാന്‍ ഉടന്‍ മറുപടി കൊടുത്തു. I visited that place. I seen that plantation, tobacco cultivation. അദ്ദേഹമൊരു ട്രെയിനി ഓഫീസറായിരുന്നു. എന്റെ ഇന്റര്‍വ്യൂ സൈഡില്‍ ഇരുന്ന് കേട്ടിട്ട് എന്റെ മനസ്സില്‍ എന്താണുള്ളതെന്ന് അറിയാന്‍ ചോദിച്ചതാണ്. വെള്ളിയാഴ്ചയാണ് റിസല്‍റ്റ് വരുന്നത്. അന്നും ഞാന്‍ അടുത്തുള്ള പാര്‍ക്കിലൊക്കെ പോയി തിരിച്ചുവന്നു. റിസല്‍റ്റ് പ്രഖ്യാപിച്ചപ്പോള്‍ ഞങ്ങള്‍ മൂന്നുപേര്‍ക്കാണ് സെലക്ഷന് കിട്ടിയത്. ഇതെല്ലാം കഴിഞ്ഞ് എല്ലാവരും മടങ്ങിപ്പോകാന്‍ തുടങ്ങി. ധാരാളം ആണ്‍കുട്ടികളും ഉണ്ടായിരുന്നു. ആര്‍ക്കും സെലക്ഷന് കിട്ടിയിരുന്നില്ല. എട്ട് പേരുള്ള ഞങ്ങളുടെ ഗ്രൂപ്പില്‍ ഐപിഎസിന് തയ്യാറെടുക്കുന്ന ഒരാളും ഉണ്ടായിരുന്നു. എന്റടുത്ത് പറഞ്ഞു. ”ക മാ ൗെൃല വേമ ്യേീൗ ംശഹഹ ംലമൃ ംവശലേ ൗിശളീൃാ, ലെല ്യീൗ ീൊല ശോല.” ആ തവണ ഒരു മെയില്‍ ഓഫീസര്‍ പോലും സെലക്ട് ആയിരുന്നില്ല.
എന്നെ കാപ്പി കുടിക്കാന്‍ ക്ഷണിച്ച ഓഫീസര്‍ വീണ്ടും വന്നു, പിന്നെയും കാപ്പി കുടിക്കാന്‍ വിളിച്ചു. ഞാന്‍ കാപ്പിയൊക്കെ കുടിച്ചു തിരിച്ചുവന്നു. എന്റെ കോണ്ടാക്റ്റില് ഇപ്പോഴും അദ്ദേഹമുണ്ട്. ദിവസവും എപ്പോഴെങ്കിലും ഒരു മെസേജ് എനിക്ക് അയയ്ക്കും. പിന്നീടൊരിക്കല്‍ ജിജ്ഞാസയില്‍ എന്താ എന്നോട് അന്ന് അങ്ങനെയൊക്കെ ചോദിച്ചതെന്ന് തിരക്കി. അപ്പോള്‍ അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്: ഇന്റര്‍വ്യൂ ഓഫീസറുടെ ചോദ്യങ്ങള്‍ക്ക് ഞാന്‍ ഉത്തരം നല്‍കിയത് വ്യത്യസ്തവും നിഷ്കളങ്കവുമായി അവര്‍ക്ക് തോന്നി. കപ്പലുകളുടെയെല്ലാം പേര് പഞ്ഞപ്പോള്‍ അവര്‍ക്ക് തോന്നി, ഞാന്‍ എല്ലാ തയ്യാറെടുപ്പോടും കൂടിയാണ് വന്നിരിക്കുന്നതെന്ന്.
എനിക്ക് പറയാനുള്ളത് ഒന്നേയുള്ളൂ. നേവിയില്‍ ചേരാനായിരുന്നു എന്റെ ആഗ്രഹം. അതിനുവേണ്ടി എന്താണ് ചെയ്യേണ്ടതെന്ന് മനസ്സിലാക്കി. എന്റെ കുറവുകള്‍ എന്തൊക്കെയാണെന്ന് കണ്ടെത്തി. എവിടെയൊക്കെയാണ് മെച്ചപ്പെടുത്തേണ്ടതെന്ന് മനസ്സിലാക്കി. കുറച്ചുസമയം അതിനായി നീക്കിവച്ച് തയ്യാറെടുത്തിരുന്നു. ചില റിട്ട. ഓഫീസര്‍മാര്‍ എന്നെ സഹായിച്ചിരുന്നു. ദിവസവും 40-45 കി. മീ. യാത്ര ചെയ്ത് അവരെ കണ്ടെത്തി. 15 മിനിറ്റ് അവരുടെ അടുത്ത് ചെലവഴിച്ച് എന്തിനൊക്കെ ഞാന്‍ നില മെച്ചപ്പെടുത്തണമെന്ന് മനസ്സിലാക്കി. കുറച്ച് സൈക്കോളജിക്കല്‍ കറക്ഷന്‍സ്. എന്തൊക്കെ ചെയ്താല്‍ നല്ല റിസല്‍റ്റ് കിട്ടുമെന്നും അവര്‍ പറഞ്ഞു തന്നു. അങ്ങനെ പല ടിപ്സും കണ്ടെത്തി ശരിയാക്കിയെടുത്തതിനാല് സെലക്ഷന് പ്രോസസ്സ് എനിക്ക് ഒരു ബുദ്ധിമുട്ടായി തോന്നിയില്ല.
സഞ്ജയ് അമ്പലപ്പറമ്പത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: