തൃശൂര്‍: മൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ട് സൗഹൃദം നടിച്ച് പെണ്‍കുട്ടികളുടെ നഗ്നചിത്രങ്ങള്‍ കൈക്കലാക്കുന്ന കൗമാരക്കാരനെ തൃശൂര്‍ സിറ്റി സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തു. സിറ്റി പോലീസ് കമ്മീഷണര്‍ ആര്. ആദിത്യയക്ക് ലഭിച്ച പരാതിയിലെ അന്വേഷണത്തിനിടയിലാണ് കൊല്ലം സ്വദേശിയായ കൗമാരക്കാരന് കുടുങ്ങിയത്.
ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക്, ടെലിഗ്രാം, വാട്സാപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയ സൈറ്റുകള്‍ നിരീക്ഷിച്ച് ഇവ ഉപയോഗിക്കുന്ന പെണ്‍കുട്ടികളെയും സ്ത്രീകളെയും പരിചയപ്പെട്ടായിരുന്നു തട്ടിപ്പ്. പരിചയപ്പെടുന്നവരെ വിവിധ സിനിമാ നടന്മാരുടേയും നടിമാരുടേയും ഫാന്‍സ് ഗ്രൂപ്പുകളിലേക്ക് ക്ഷണിക്കുകയും അംഗമാക്കുകയും ചെയ്യും. സൗഹൃദം സ്ഥാപിച്ചെടുത്ത പെണ്‍കുട്ടികളോടും സ്ത്രീകളോടും അവരുടെ സാധാരണ രീതിയിലുള്ള ഫോട്ടോകള്‍ പോസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെടും. തുടര്‍ന്ന് കൈകാലുകള്‍, പിന്‍ഭാഗം തുടങ്ങിയ ഫോട്ടോകള്‍ ആവശ്യപ്പെട്ട് നേടിയെടുക്കും.
ഇതിനു ശേഷം ഗ്ലാമര്‍ സിനിമാ താരങ്ങളുടേയും മോഡലുകളുടേയും ചിത്രങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് അയച്ചു നല്‍കുകയും അതുപോലെയുള്ള ഫോട്ടോകള്‍ ആവശ്യപ്പെടും. ഇത്തരത്തില്‍ വഴങ്ങാത്ത പെണ്‍കുട്ടികളെ അവര്‍ മുമ്പ് അയച്ചു കൊടുത്ത ഫോട്ടോകള്‍ യോജിപ്പിച്ച് മോര്‍ഫ് ചെയ്ത് നഗ്നഫോട്ടോയാക്കി മാറ്റിയെടുക്കുകയും മോര്‍ഫ് ചെയ്ത ഫോട്ടോകള്‍ സോഷ്യല്‍ മീഡിയ സെക്സ് ഗ്രൂപ്പുകളില്‍ പരസ്യപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തുകയുമാണ് ചെയ്തിരുന്നത്.
ഇത്തരത്തില്‍ ഭീഷണി നേരിട്ട പെണ്‍കുട്ടിയാണ് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ നിന്ന് ഇത്തരത്തില്‍ നിരവധി പെണ്‍കുട്ടികളുടേയും സ്ത്രീകളുടേയും നഗ്ന ചിത്രങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. സമാനരീതിയില്‍ തട്ടിപ്പു നടത്തുന്നവരെ കണ്ടെത്തുന്നതിന് ഓണ്‍ലൈന്‍ ഗ്രൂപ്പുകളില്‍ നിരീക്ഷണം ഊര്‍ജ്ജിതമാക്കിയതായി സൈബര്‍ പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: