ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് തയ്യാറെടുക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആദ്യ പരീക്ഷ പാസായി. പരമ്പരയ്ക്ക് മുന്നോടിയായുള്ള ആദ്യ കൊവിഡ് പരിശോധനയില്‍ എല്ലാ കളിക്കാരുടെയും ഫലം നെഗറ്റീവ് ആയി. പരിശീലനം ആരംഭിക്കുന്ന ഫെബ്രുവരി രണ്ടിന് മുമ്പ് രണ്ട് കൊവിഡ് പരിശോധനകള്‍ കൂടിയുണ്ട്്. അഞ്ചിനാണ് ആദ്യ ടെസ്റ്റ്.
ഇന്ത്യയുടെ മുഴുവന്‍ കളിക്കാരും ചെന്നൈയിലെത്തിയിട്ടുണ്ട്. ഇന്ത്യന്‍ കളിക്കാരും ഇംഗ്ലീഷ് താരങ്ങളും ലീലാ പാലസ് ഹോട്ടലിലാണ് താമസിക്കുന്നത്. ഐപിഎല്ലിലേതുപോലുള്ള ബയോ ബബിളാണ് ഒരുക്കിയിരിക്കുന്നത്. എല്ലാവരും റൂമില്‍ തന്നെയാണ് കഴിയുന്നത്. കളിക്കാര്‍ റൂമുകളില്‍ പരിശീലനം നടത്തുന്നുണ്ട്.
കളിക്കാര്‍ക്ക് കുടുംബത്തെയും കൊണ്ടുവരാന്‍ ബിസിസിഐ അനുമതി നല്‍കിയിട്ടുണ്ട്. വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ, ഓപ്പണര്‍ രോഹിത് ശര്‍മ, വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ, ഓള് റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ക്കൊപ്പം അവരുടെ കുടുംബങ്ങളുമുണ്ട്.
കഠിനമായൊരു പരമ്പരയ്ക്ക് ശേഷമാണ് കളിക്കാര്‍ ചെന്നൈയില്‍ എത്തിയിരിക്കുന്നത്. ക്വാറന്റൈന് കാലയളവില്‍ ഭാര്യമാരുടെയും കുട്ടികളുടെയും സാന്നിദ്ധ്യം കളിക്കാര്‍ക്ക് ഏറെ ഗുണം ചെയ്യും. അതിനാലാണ് കുടുംബത്തെ കൂടെകൂട്ടാന്‍ അനുമതി നല്‍കിയതെന്ന്് ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കി.
നാലു ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. ആദ്യ രണ്ട് ടെസ്റ്റുകള്‍ ചെന്നൈയിലും അവസാന രണ്ട് ടെസ്റ്റുകള്‍ അഹമ്മദാബാദിലും നടക്കും. മൂന്നാം ടെസ്റ്റ് ദിന-രാത്രി മത്സരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: