ന്യൂദല്‍ഹി: മലയാളത്തിന്റെ മഹാകവി വള്ളത്തോള്‍ നാരായണമേനോന്റെ കേരളീയത്തിലെ വരികള്‍ പാര്‍ലമെന്റില്‍ ഉദ്ധരിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഭാരതമെന്ന പേര് കേട്ടാലഭിമാനപൂരിതമാകണമന്തരംഗം എന്ന വരികള്‍ മലയാളത്തില്‍ ഉദ്ധരിച്ച ശേഷം ഇതിന്റെ അര്‍ത്ഥം ഹിന്ദിയില്‍ പറഞ്ഞു മനസിലാക്കുകായിരുന്നു. നിറഞ്ഞ കൈയടിയോടെയാണ് ഇതിനെ അംഗങ്ങള്‍ സ്വീകരിച്ചത്. റിപ്പബ്ലിക് ദിനത്തില്‍ ദല്‍ഹിയില്‍ അരങ്ങേറിയ സംഭവങ്ങള്‍ നിര്‍ഭാഗ്യകരമെന്ന് വിശേഷിപ്പിച്ച ശേഷമാണ് വള്ളത്തോള്‍ കവിത രാഷ്ട്രപതി ഉദ്ധരിച്ചത്. ബജറ്റ് സമ്മേളനത്തിന് തുടക്കമിട്ടുകൊണ്ട് പാര്‍ലമെന്റിന്റെ ഇരുസഭകളേയും അഭിസംബോധന ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.
ദേശീയ പതാകയും റിപ്പബ്ലിക് ദിനം പോലുള്ള വിശേഷ ദിനവും കഴിഞ്ഞ ദിവസങ്ങളില്‍ അപമാനിക്കപ്പെട്ടുവെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യം പ്രധാനം ചെയ്യുന്ന ഭരണഘടന, നിയമവും നിയമങ്ങളും ഗൗരവമായി പാലിക്കേണ്ടതുണ്ടെന്നും നമ്മെ പഠിപ്പിക്കുന്നതും അതേ ഭരണഘടന തന്നെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്രത്തിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ റിപ്പബ്ലിക്ദിനത്തില്‍ നടന്ന ട്രാക്ടര്‍ പരേഡിനിടെ ചെങ്കോട്ടയില്‍ നടന്ന അക്രമസംഭവങ്ങളെ ചൂണ്ടിക്കാട്ടിയായിരുന്നു രാഷ്ട്രപതിയുടെ പ്രതികരണം.
വിളകള്‍ക്ക് ന്യായവില ഉറപ്പാക്കിയും ചെറുകിട കര്‍ഷകരുടെ ക്ഷേമത്തില്‍ ശ്രദ്ധിച്ചുമാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. കര്‍ഷകരുടെ ജീവിതം മെച്ചപ്പെടുത്തലാണ് ആത്മനിര്‍ഭരതയുടെ ലക്ഷ്യം. കാര്‍ഷിക മേഖലയുടെ ആധുനികവല്‍ക്കരണം ത്വരിതപ്പെടുത്തി
വെല്ലുവിളികള്‍ രാജ്യത്തിന്റെ മുന്നോട്ടു പോക്കിനെ തടയില്ലെന്നും ദരിദ്രര്‍ക്ക് ആശ്വാസമായി നിരവധി നടപടികളെടുത്തെന്നും രാഷ്ട്രപ്രതി. കോവിഡും ഭൂചലനങ്ങളും പ്രളയവും സാമ്പത്തിക പ്രതിസന്ധിയും ഉള്‍പ്പെടെയുള്ള വെല്ലുവിളികളാണു രാജ്യം നേരിട്ടതെന്നും രാഷ്ട്രപതി പറഞ്ഞു.
കോവിഡ് കാലത്ത് ലക്ഷക്കണക്കിനു പൗരന്മാരുടെ ജീവിതം രക്ഷിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച സമയോചിതമായ നടപടികളില്‍ തൃപ്തനാണ്. ലോകത്തെ ഏറ്റവും വലിയ വാക്സിനേഷന് പദ്ധതിയാണ് രാജ്യത്തു നടക്കുന്നത്. രണ്ടു വാക്സീനുകളും ഇന്ത്യയാണ് നിര്‍മിച്ചതെന്നും അതില്‍ അഭിമാനമുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: