ന്യൂദല്‍ഹി: വിളകള്‍ക്ക് ന്യായവില ഉറപ്പാക്കിയും ചെറുകിട കര്‍ഷകരുടെ ക്ഷേമത്തില്‍ ശ്രദ്ധിച്ചുമാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിനു തുടക്കമിട്ട് ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കര്‍ഷകരുടെ ജീവിതം മെച്ചപ്പെടുത്തലാണ് ആത്മനിര്‍ഭരതയുടെ ലക്ഷ്യം. കാര്‍ഷിക മേഖലയുടെ ആധുനികവല്‍ക്കരണം ത്വരിതപ്പെടുത്തി
വെല്ലുവിളികള്‍ രാജ്യത്തിന്റെ മുന്നോട്ടു പോക്കിനെ തടയില്ലെന്നും ദരിദ്രര്‍ക്ക് ആശ്വാസമായി നിരവധി നടപടികളെടുത്തെന്നും രാഷ്ട്രപ്രതി. കോവിഡും ഭൂചലനങ്ങളും പ്രളയവും സാമ്പത്തിക പ്രതിസന്ധിയും ഉള്‍പ്പെടെയുള്ള വെല്ലുവിളികളാണു രാജ്യം നേരിട്ടതെന്നും രാഷ്ട്രപതി പറഞ്ഞു.
കോവിഡ് കാലത്ത് ലക്ഷക്കണക്കിനു പൗരന്മാരുടെ ജീവിതം രക്ഷിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച സമയോചിതമായ നടപടികളില്‍ തൃപ്തനാണ്. ലോകത്തെ ഏറ്റവും വലിയ വാക്സിനേഷന് പദ്ധതിയാണ് രാജ്യത്തു നടക്കുന്നത്. രണ്ടു വാക്സീനുകളും ഇന്ത്യയാണ് നിര്‍മിച്ചതെന്നും അതില്‍ അഭിമാനമുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു.
അതേസമയം, കോണ്‍ഗ്രസടക്കം 17 പ്രതിപക്ഷ കക്ഷികള്‍ കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രസംഗം ബഹിഷ്കരിച്ചു. ഈവര്‍ഷത്തെ സാമ്പത്തിക സര്‍വേ ഇന്നു സഭകളില്‍ വയ്ക്കും. കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിര്‍മല സീതാരാമന് അവതരിപ്പിക്കും. രാജ്യസഭാധ്യക്ഷന് എം. വെങ്കയ്യ നായിഡു 31ന് സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്.
രാജ്യസഭ രാവിലെ 9 മുതല്‍ ഒന്നു വരെയും ലോക്സഭ വൈകിട്ട് 4 മുതല്‍ 9 വരെയുമാകും സമ്മേളിക്കുക. കോവിഡ് നെഗറ്റീവ് റിപ്പോര്‍ട്ട് ഇല്ലാത്ത ഒരാളെയും പാര്‍ലമെന്റ് വളപ്പില്‍ പ്രവേശിപ്പിക്കില്ല. ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ഘട്ടം ഫെബ്രുവരി 15നു തീരും. രണ്ടാംഘട്ടം മാര്‍ച്ച് 8 മുതല്‍ ഏപ്രില്‍ 8 വരെ നീളും. ഈ വര്‍ഷത്തെ ബജറ്റ് പൂര്‍ണമായി പേപ്പര്രഹിതമായിരിക്കുമെന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. പാര്‍ലമെന്റംഗങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും ബജറ്റ് മൊബൈല്‍ ആപ് വഴി ലഭ്യമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: