തിരുവനന്തപുരം: ഭാവികേരളത്തിന്റെ സൃഷ്ടിക്ക് ദിശാബോധം നല്‍കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ആസൂത്രണ ബോര്‍ഡ് സംഘടിപ്പിക്കുന്ന രാജ്യാന്തര സമ്മേളനത്തില്‍ വ്യവസായ പ്രമുഖരായ രത്തന്‍ ടാറ്റ, ആനന്ദ് മഹീന്ദ്ര, എം.എ.യൂസഫ് അലി, നൊബേല്‍ ജേതാവ് പ്രൊഫ.അമര്‍ത്യാ സെന്‍ എന്നിവര്‍ സമ്മേളനത്തെ അഭിസംബോധന ചെയ്യും. കോവിഡാനന്തര കാലഘട്ടത്തില്‍ ഇന്ത്യയില്‍ നിന്നും പുറത്തുനിന്നും നിക്ഷേപങ്ങള്‍ ആകര്‍ഷിച്ച് സംസ്ഥാനത്തെ മുന്നോട്ടു കൊണ്ടുപോകുന്നതിനെ കുറിച്ച് വ്യവസായ പ്രമുഖര്‍ അടക്കമുള്ളവരുടെ നിര്‍ദേശങ്ങളും കാഴ്ചപ്പാടുകളും ഉപയോഗപ്പെടും. ഫെബ്രുവരി ഒന്നു മുതല്‍ മൂന്നു വരെ ഓണ്‍ലൈനായിട്ടാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
സംസ്ഥാനത്തിന്റെ സാധ്യതകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ശരിയായ പാതയിലാണ് കേരളമെന്ന് ആസൂത്രണ ബോര്‍ഡിന്റെ ക്ഷണം സ്വീകരിച്ചുകൊണ്ട് രത്തന്‍ ടാറ്റ അറിയിച്ചു. ഫെബ്രുവരി മൂന്നിന് നടക്കുന്ന പ്രത്യേക വ്യവസായ സെഷനില്‍ ബയോകോണ്‍ ലിമിറ്റഡ് എക്സിക്യൂട്ടീവ് ചെയര്‍പേഴ്സണ്‍ കിരണ്‍ മജൂംദാര്‍ ഷാ, ആക്സിലര്‍ വെന്‍ചേഴ്സ് ചെയര്‍പേഴ്സണ്‍ ക്രിസ് ഗോപാലകൃഷ്ണന്, ലുലു ഗ്രൂപ്പ് ചെയര്‍പേഴ്സണ്‍ എം.എ. യൂസഫ് അലി, ആര്.പി. ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ രവി പിള്ള, ആസ്റ്റര്‍ മെഡിസിറ്റി ചെയര്‍പേഴ്സണും മാനേജിംഗ് ഡയറക്ടറുമായ ഡോ.ആസാദ് മൂപ്പന് ഉള്‍പ്പെടെയുള്ള വ്യവസായ പ്രമുഖര്‍ പങ്കെടുക്കും.
മുഖ്യമന്ത്രി പിണറായി വിജയന്, വ്യവസായ വകുപ്പ് മന്ത്രി ഇ.പി. ജയരാജന് എന്നിവര്‍ പ്രത്യേക സെഷനില്‍ പങ്കെടുക്കും. ഫെബ്രുവരി ഒന്നിന് മുഖ്യമന്ത്രി സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.
ഫെബ്രുവരി ഒന്നിന് സാമ്പത്തിക നോബേല്‍ ജേതാവ് പ്രൊഫ.ജോസഫ് സ്റ്റിഗ്ലിറ്റ്സ്, ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യു.എച്ച്.ഒ) ചീഫ് സയന്റിസ്റ്റ് ഡോ.സൗമ്യ സ്വാമിനാഥന് എന്നിവരുടെ പ്രഭാഷണങ്ങളോടെ സമ്മേളനത്തിന് തുടക്കമാകും. തുടര്‍ന്നുള്ള രണ്ടു ദിവസങ്ങളില്‍ സംസ്ഥാനത്തിന്റെ ഭാവി ലക്ഷ്യമിട്ടുള്ള വിവിധ ആശയങ്ങളും പ്രവര്‍ത്തനങ്ങളും ചര്‍ച്ചചെയ്യുകയും അതില്‍നിന്ന് ഉരുത്തിരിയുന്ന മാതൃകകള്‍ ഏകോപിപ്പിക്കുകയും ചെയ്യും.
വ്യവസായത്തെക്കുറിച്ചുള്ള പ്രത്യേക സെഷനില്‍ വ്യവസായ പ്രമുഖര്‍ക്കും പങ്കാളികള്‍ക്കും മുമ്പാകെ സംസ്ഥാനത്തെ കരുത്തുറ്റതും വളര്‍ച്ച പ്രാപിക്കുന്നതും കൂടാതെ നയപരമായ ഇടപെടലുകളുടെ മെച്ചപ്പെടുത്തിയതുമായ വ്യവസായ മാതൃകകളെയും പ്രദര്‍ശിപ്പിക്കും.
മുതിര്‍ന്ന വ്യവസായ പ്രമുഖരുടെ കാഴ്ചപ്പാടുകളും സംസ്ഥാനത്തി ന്റെ ഭാവിക്കായി അവര്‍ മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളും ഈ സമ്മേളനത്തെ സംബന്ധിച്ച് ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന് ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ ഡോ.വി.കെ. രാമചന്ദ്രന് പറഞ്ഞു. ചര്‍ച്ചകളില്‍ നിന്ന് ഉയര്‍ന്നുവരുന്ന നിര്‍ദ്ദേശങ്ങളും സമവായവും ഭാവി നയങ്ങളെ ശക്തിപ്പെടുത്തുന്നതില്‍ സുപ്രധാന ഘടകങ്ങളായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാമൂഹ്യ സുരക്ഷയും ക്ഷേമ പ്രതിബദ്ധതകളും ഒഴിവാക്കാതെ സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തുന്ന വികസന മാതൃക പിന്തുടരാനാണ് കേരളം ആഗ്രഹിക്കുന്നതെന്ന് സംസ്ഥാന ആസൂത്രണ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി ഡോ.വേണു വി. പറഞ്ഞു. സമ്മേളനത്തില്‍ പങ്കെടുക്കുന്ന വ്യവസായ പ്രമുഖര്‍ സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് നല്കുന്ന പരിഗണന കൊണ്ട് ശ്രദ്ധ നേടിയവരാണ്. ഇത് സമ്മേളനം മുന്നോട്ടുവയ്ക്കുന്ന കാഴ്ചപ്പാടുമായി ബന്ധപ്പെട്ട് പ്രാധാന്യമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
ഫെബ്രുവരി രണ്ടിന് ദക്ഷിണ കൊറിയയിലെ യോന്‍സെ സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫ്യൂച്ചര്‍ ഗവണ്മെന്റ് സ്റ്റഡീസ് ഡയറക്ടര്‍ പ്രൊഫ.മ്യുങ്ജെ മൂണ്‍ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും.
ഡിപി വേള്‍ഡ് പോര്‍ട്ട് ആന്‍ഡ് ലോജിസ്റ്റിക്സിന്റെ എം.ഡിയും സി.ഇ.ഒയുമായ റിസ്വാന് സൂമര്‍, ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഡയറക്ടര്‍ പ്രൊഫ.വി.രാംഗോപാല്‍ റാവു, സിസ്കോ ഡിജിറ്റല്‍ ട്രാന്സ്ഫര്മേഷന് എം.ഡി. ഡെയ്സി ചിറ്റിലപ്പള്ളി, നിസാന്‍ മോട്ടോര്‍ മുന്‍ സി.ഐ.ഒ ടോണി തോമസ് എന്നിവര്‍ വിവിധ സെഷനുകളില്‍ സംബന്ധിക്കും.
സമ്മേളനത്തിന് രജിസ്ട്രേഷന് ആവശ്യമില്ല. പങ്കെടുക്കുന്നതിനായി www.keralalooksahead.com ല്‍ ലോഗിന്‍ ചെയ്യുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: