ക്ഷേത്രച്ചുമരിന്റെ വലതുവശം പകലാണ്. ഇടത് രാത്രിയും. ചുമരുകള്‍ ചുറ്റോടുചുറ്റും ശില്‍പ്പങ്ങളാണ്. ചെറുതും വലുതുമായവ. സൂക്ഷ്മവും സ്ഥൂലവുമായ കൊത്തുപണികള്‍.
ഭോഗമണ്ഡപത്തിന്റെ വലതുവശത്തെ ചുമരില്‍ രതിശില്‍പ്പങ്ങള്‍. നിരന്തരയുദ്ധം മൂലം രാജ്യത്തെ ജനസംഖ്യ കുറയുകയാണ്. ജനങ്ങളില്‍ ഭൗതികജീവിതതാല്പ്പര്യം വളര്‍ത്തിയെടുക്കണം. വാത്സ്യായനപാഠങ്ങള് കൊത്തിവയ്ക്കാന്‍ നരസിംഹദേവനാണ് നിര്‍ദേശിച്ചത്.
തെക്കുവശത്തെ ചുമരുകളില്‍ രാജസഭയും രാജകീയദമ്പതികളും. യുദ്ധം നയിക്കുന്ന രാജാവ്, യുദ്ധശില്പ്പങ്ങളുടെ ചെറുതും വലുതുമായ പാനലുകള്‍. വിവാഹഘോഷയാത്ര. കമ്പവലി. ജീവിതത്തിന്റെ സകല മേഖലകളും ശില്പ്പനി
ര്‍മിതിക്ക് വിഷയമായിരിക്കുന്നു.
കാഴ്ചക്കിടയില്‍ ഒരു കൗതുകം. ശില്‍പ്പങ്ങളുടെ കൂട്ടത്തില്‍ ജിറാഫും ഹിപ്പോപ്പൊട്ടാമസ്സും. നരസിംഹരാജാവ് ആഫ്രിക്ക സന്ദര്‍ശിച്ചിരുന്നത്രേ.
ജഗന്മോഹനമണ്ഡപച്ചുമരുകളില് പുരാണകഥാസന്ദര്ഭങ്ങളാണ്. തട്ടുതട്ടായി വിവിധ പാനലുകള്‍. രാമായണകഥകള്‍. മഹാഭാരതകഥകള്‍. ഭാഗവതകഥകള്‍….
രഥത്തിന്റെ ഏറ്റവും അടിത്തട്ടില്‍ ചുറ്റിലും നീണ്ടനിരയായി വ്യത്യസ്തഭാവത്തില്‍ ആനകളുടെ മിനിയേച്ചര്‍ ശില്പ്പങ്ങള്.
ഇടതുവശത്തെ ശില്‍പ്പങ്ങള്‍ക്കിടയില്‍ വിചിത്രമായ ഒന്ന്. ക്ഷേത്രശില്പ്പിയായ ബിസു മഹാറാണയുടെ ഒരു ‘സെല്‍ഫി.’ ക്ഷേത്രനിര്‍മ്മിതിക്കുള്ള പ്ലാന്‍ ഒരു ഫലകത്തില്‍ വരച്ചുണ്ടാക്കുന്ന ശില്പ്പിയുടെ സ്വശില്പ്പം.
229 അടി ഉയരമുണ്ടായിരുന്ന ഗര്ഭഗൃഹഗോപുരം മുക്കാല്‍ഭാഗവും വീണടിഞ്ഞുപോയിരിക്കുന്നു. താഴത്തെ രണ്ടുനിലകള്‍ മാത്രമേ ബാക്കിയുള്ളൂ.
അതിന്റെ തെക്കും പടിഞ്ഞാറും വടക്കും വ്യത്യസ്തഭാവത്തിലുള്ള മൂന്ന് സൂര്യവിഗ്രഹങ്ങള്‍.
ശാന്തഗംഭീരഭാവത്തിലുള്ള പ്രഭാതസൂര്യനാണ് ദക്ഷിണത്തില്‍. ആഭരണങ്ങളുടെ അതിസൂക്ഷ്മമായ കൊത്തുവേല.
പടിഞ്ഞാറ് മദ്ധ്യാഹ്നസൂര്യന്‍. തീക്ഷ്ണമായ മുഖഭാവം. വടക്കു ഭാഗത്തുള്ള സായാഹ്നസൂര്യന് ക്ഷീണഭാവത്തില്‍ കുതിരപ്പുറത്തിരിക്കുന്ന മട്ടില്‍.
”ശാന്തായ രൗദ്രായ സൗമ്യായ ഘോരായ
കാന്തിമതാം കാന്തിരൂപായതേ നമഃ”
എഴുത്തച്ഛന്റെ ആദിത്യഹൃയം.
ക്ഷേത്രനിര്മ്മിതിക്കുപയോഗിച്ച മറ്റ് ശിലകളില്‍ നിന്ന് വ്യത്യസ്തമായി കൃഷ്ണശിലകൊണ്ടാണ് ഇവ പണിതിരിക്കുന്നത്. സൂക്ഷ്മമായ ചെറിയതരികളുള്ള ഈ നീലശിലകള്‍ കര്‍ണാടകത്തിലെ കാര്ക്കളയില്നിന്നുള്ളവയത്രേ.
അകത്തെ പ്രധാനമൂര്‍ത്തിയായ സൂര്യവിഗ്രഹം ഇപ്പോഴിവിടെയില്ല. ബ്രിട്ടീഷുകാര്‍ കടത്തിക്കൊണ്ടുപോയിരുന്ന അത് വീണ്ടെടുത്ത് ദല്‍ഹി ആര്‍ക്കിയോളജിക്കല്‍ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കയാണിപ്പോള്‍.
വൈദേശികാക്രമണങ്ങളെ ഭയന്ന പു
രിയിലെ രാജാവ് സൂര്യവിഗ്രഹം കൊണാര്‍ക്കില്‍നിന്നു മാറ്റി മണ്ണില്‍ കുഴിച്ചിട്ടു എന്നും പറയപ്പെടുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം കുഴിച്ചെടുത്ത് പുരിക്ഷേത്രസമുച്ചയത്തിലെ ഇന്ദ്രക്ഷേത്രത്തിനുള്ളില് സ്ഥാപിച്ചത്രേ. പിന്നീടത് പുറത്തെടുക്കാന്‍ കഴിഞ്ഞില്ല എന്ന് ഒരു വാദം.
സൂര്യവിഗ്രഹം ഇപ്പോഴും കൊണാര്‍ക്കിന്റെ പരിസരത്തെവിടെയോ മണ്ണില്‍ പൂണ്ടുകിടപ്പുണ്ടെന്നു വേറെ ചിലര്‍.
തര്‍ക്കവിതര്‍ക്കങ്ങള്‍ അങ്ങനെ തുടര്‍ന്നുകൊണ്ടിരിക്കുന്നു…
ഗോപുരമുകളില്‍ ധര്‍മ്മപദന്‍ സാഥാപിച്ച അദ്ഭുതകാചം പോര്‍ച്ചുഗീസ് അക്രമകാരികളാണ് ഇളക്കിയെടുത്തു കൊണ്ടുപോയത്. അവരുടെ കപ്പലുകളിലെ കോമ്പസ്സുകളുടെ പ്രവര്‍ത്തനം ഈ കാന്തക്കല്ല് തകരാറാക്കിയത്രേ.
എല്ലാ മണ്ഡപങ്ങളുടെയും ഭിത്തികള്‍ വീണുപോവാതിരിക്കാന്‍ അകത്ത് മണല്നിറച്ചിരിക്കയാണിപ്പോള്. കൃഷ്ണശിലയില്പ്പണിത സൂര്യവിഗ്രഹങ്ങളും ഭോഗമണ്ഡപകവാടവും ഒഴികെ മറ്റെല്ലാശിലകളും ദ്രവിച്ചുതുടങ്ങിയിരിക്കുന്നു. കടലില്നിന്നടിക്കുന്ന ഉപ്പുകാറ്റാണത്രേ കാരണം. കാറ്റു തട്ടാതിരിക്കാന്‍ ക്ഷേത്രസമുച്ചയത്തെ മറച്ചുകൊണ്ട് കടല്ക്കരയില് കശുമാവ് വച്ചുപിടിപ്പിച്ചിരിക്കയാണ്.
ശിലാശില്പ്പങ്ങളുടെ ഈ സര്‍വകലാശാല പ്രദക്ഷിണംവച്ച് നടന്നു നടന്ന് കാലുകഴച്ചു.വടക്കുവശത്തെ വിശ്രമത്തണലിലിരുന്നു.
ഭ്രഷ്ടു കല്‍പ്പിക്കപ്പെട്ട കലാകാരനെപ്പോലെ ആരാധനവിലക്കിയ ആ കലാശില്പ്പം മുന്നില്‍ നിശ്ചലമായി നില്‍പ്പാണ്.
ആകാശത്ത് നീങ്ങിവരുന്ന കാര്‍മേഘങ്ങള്‍. സൂര്യന് മറഞ്ഞു. മഴ ചാറിത്തുടങ്ങി. ഉണങ്ങിയ ശിലകളില്‍ മഴവെള്ളം ഒലിച്ചിറങ്ങുകയാണ്.
നിറഞ്ഞുപെയ്യുന്ന മഴയില്‍ ശില്പ്പങ്ങള് സചേതനമാവുന്നോ. പുതിയൊരു ചൈതന്യം കാഴ്ചയിലേക്ക് സന്നിവേശിക്കുന്നു.
ആ ചോദ്യം ചോദിച്ചത് ഞാനായിരുന്നില്ലേ!
”എന്തിനാവാം ഈ യാത്രയിലുടനീളം മഴ എന്നെ അനുഗമിക്കുന്നത്!”
കാഴ്ചയുടെ അവാച്യമായ പുതുചൈതന്യം അനുഭൂതിയായി മനസ്സില്‍ നിറയുമ്പോള്‍ മഴ ഉത്തരം നല്കുകയാണോ?
ഓരോ ശില്‍പ്പവും ഇപ്പോള്‍ കിളിര്ത്തുവന്നതുപോലെ. തേജോമയികളായി. ആര്‍ദ്രമായി…
പത്തുമിനുട്ടോളം തിമര്‍ത്തുപെയ്ത മഴ. കല്ത്തുമ്പുകളില് അടിച്ചുതെറിക്കുന്ന മഴയുടെ താളം.
സക്കീര്‍ഹുസൈന്റെ തബല… ശിവമണിയുടെ ഡ്രംസ്… പെരുവനം കുട്ടന്മാരാരുടെ മേളപ്പെരുക്കം… യാനിയുടെ സിംഫണി…
താളലയത്തില് നടനം ചെയ്യുന്ന കാഴ്ചപ്പൊലിമ.
അതെ, മഴ ഉത്തരം നല്‍കുകയാണ്!
പതുക്കെ മഴ നിലച്ചു. പെട്ടെന്ന് വെയില് പരന്നു. നനഞ്ഞ ശിലകള്‍ സൂര്യതാപത്തില്‍ ഉണങ്ങിവരുന്നു.
വ്യത്യസ്തമായ മറ്റൊരു ദൃശ്യചാരുത. ശില്പ്പവിസ്മയത്തിലൊരു പകര്‍ന്നാട്ടം!
എഴുന്നേറ്റ് നടന്നു. പുല്‍ത്തകിടിയിലൂടെ ചുറ്റും. അടര്‍ന്നു വീണുപോയ ശില്‍പ്പഭാഗങ്ങള്‍. വളപ്പില്‍ പലയിടത്തായി ചിതറിക്കിടക്കുന്നു.
വടക്കുഭാഗത്ത് ആനയുടെയും വ്യാളിയുടെയും കൂറ്റന്‍ പ്രതിമകള്‍. തെക്ക് കുതിരപ്പോരാളിയുടെ ഭീമാകാരപ്രതിമ.
ഓരോ കാലഘട്ടത്തിലായി എത്രയോ ആക്രമണങ്ങള്‍ ഏറ്റുവാങ്ങിയിരിക്കുന്നു ഈ ക്ഷേത്രം. ബംഗാള്‍ സുല്‍ത്താനായിരുന്ന സുലൈമാന്‍ ഖാന് ഖരാനിയുടെ മന്ത്രി കലാപഹദ്ദ്. കൊണാറക്കിന്റെ സിംഹഭാഗവും തച്ചുതകര്ത്തവന്. ഒറീസയിലെ മിക്ക ക്ഷേത്രങ്ങളും തകര്‍ത്തത് ആ കൊലക്കൈകളാണ്.
ശിവജി പുരിയിലെത്തും വരെ അക്രമകാരികള്‍ ഇവിടം മേഞ്ഞു.
അതിവിശാലമായ ക്ഷേത്രവളപ്പിലെ ശില്പ്പാവൃതമായ നിരവധി കൊച്ചുക്ഷേത്രങ്ങള് മിക്കതും പൂര്‍ണമായി തകര്‍ത്തു.
കിഴക്കുഭാഗത്തുണ്ടായിരുന്ന കൂറ്റന്‍ ഇരുമ്പുതൂണുകളിലെ നവഗ്രഹവിഗ്രഹങ്ങള്‍ ഇളകിത്തെറിച്ചുപോയിരുന്നു. അവ ശേഖരിച്ച് മതില്‍ക്കെട്ടിനു പുറത്ത് സ്ഥാപിച്ച പ്രത്യേകക്ഷേത്രത്തില് ഇപ്പോള്‍ പൂജ നടത്തി വരുന്നുണ്ട്.
ഇവിടെ ഉണ്ടായിരുന്ന അരുണസ്തംഭം പുരി ക്ഷേത്രത്തിനു മുമ്പിലേക്ക് മാറ്റി സ്ഥാപിച്ചത് ശിവജിയാണ്.
മുന്‍വശത്തെ ആല്മരച്ചുവട്ടിലെത്തി. കുറെ സന്ദര്‍ശകര്‍. വിദേശികളും സ്വദേശികളും. ഒരു വൃദ്ധന് അവര്‍ക്കു നടുവിലിരുന്ന് ക്ഷേത്രചരിതം വിവരിക്കുകയാണ്.
സുമന്യുമഹര്ഷിയുടെ മകള്‍, ചന്ദ്രഭാഗ. അവളെ കാമിച്ച സൂര്യദേവനെ മഹര്‍ഷി ശപിച്ചു. സൂര്യന് നദിയില്‍ ശിലയായി ഉറച്ചുപോയത്രേ. ഒരിക്കല്‍ കുഷ്ഠരോഗം പിടിപെട്ട ശ്രീകൃഷ്ണപുത്രന്‍ സാംബന് രോഗശാന്തിക്കായി തപസ്സു ചെയ്ത് ചന്ദ്രഭാഗാനദിയില്‍ കുളിച്ചു. മുങ്ങി നിവര്‍ന്നപ്പോള്‍ മുന്നില്‍ പത്മപീഠത്തില്‍ ഉറച്ച സൂര്യവിഗ്രഹം. രോഗം മാറിയ സാംബന് നദിക്കരയില്‍ ക്ഷേത്രം പണി കഴിപ്പിച്ചു.
ഒറീയമഹാകവി രാധനാഥ് റേയുടെ ‘ചന്ദ്രഭാഗ’ എന്ന കൃതിയില്‍ ഈ പുരാവൃത്തമുണ്ട്.
ചന്ദ്രഭാഗ സമുദ്രത്തില്‍ പതിക്കുന്ന സംഗമസ്ഥാനത്ത് ഇന്നും മാഘപൗര്‍ണമിയില്‍ ചര്മരോഗശാന്തിക്കായി സ്നാനം ചെയ്ത് ഉദയസൂര്യനെ കാണാന്‍ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരങ്ങള്‍ എത്താറുണ്ടത്രേ.
ചരിത്രവും ഐതിഹ്യവും ഇതാ വീണ്ടും കെട്ടുപിണഞ്ഞ് കുഴഞ്ഞുമറിയുന്നു. നേരിന്റെ നേര്‍രേഖ കണ്ടെത്തുക പ്രയാസം. യുക്തിയുടെ മാപിനി മാറ്റിവച്ച് രണ്ടും ഒരുപോലെ വിശ്വസിക്കുക. മുന്നിലുള്ളത് ഒരു മൂകസാക്ഷിയാണ്.
നൂറ്റാണ്ടുകള്‍ക്കപ്പുറത്തുനിന്ന് ഈ കല്ലുകളിലൂടെ നമ്മോട് സംവദിക്കുന്ന വാസ്തുശില്‍പ്പികളും കലാകാരന്മാരും. മനസ്സിന്റെ കുടുസ്സുമുറികള്‍ തകര്‍ത്ത് അനാദിയായ ഒരു സംസ്കൃതിയിലേക്ക് നമ്മെ ഉപനയിക്കുന്നു. ചിരപരിചിതരായ സുഹൃത്തുക്കളെപ്പോലെ.
കൊണാറക്കിലെ കടലോരത്ത് ഉഷ്ണലേശമില്ലാത്ത വെയില്. നനുത്ത കടല്‍ക്കാറ്റ്.പറങ്കിമാത്തോട്ടത്തിന്റെ ശീതളഛായ.
ഒരു തണിലില്‍ തോര്‍ത്തുവിരിച്ചു കിടക്കുകയാണ് രാജന് കാക്കനാടന്.
”മുഴുവനും കണ്ടോ?”
”കണ്‍നിറയെ.”
”കല്ലുകൊണ്ടെഴുതിയ ആദിത്യഹൃദയം”
അദ്ദേഹം എഴുന്നേറ്റ് ചമ്രം പടിഞ്ഞിരുന്നു. കണ്ണടച്ച് കൈകള്‍കൂപ്പി. ശിരസ്സുയര്‍ത്തി. പതിഞ്ഞ സ്വരത്തില്‍ ശാന്തമായി ഉരുവിടാന്‍ തുടങ്ങി.
എഴുത്തച്ഛന്റെ ആദിത്യഹൃദയം.
”സന്താപനാശകരായ നമോ നമഃ
അന്ധകാരാന്തകരായ നമോ നമഃ
…………………………………………………………”
മുകളില്‍ ജ്വലിക്കുന്ന സൂര്യന്. വെയിലിന്റെ മഞ്ഞപ്പട്ടില്‍ ചാറ്റല്‍മഴയുടെ നൂലിഴകള്‍.
എം. ശ്രീഹര്ഷന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: