നൂറ് പൂക്കള്‍ വിരിയട്ടെ എന്നത്, ചൈനീസ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഗോപുരങ്ങളില്‍ ഒരാളായി കരുതപ്പെടുന്ന, മാവോയുടെ ഒരു വാചകമാണ്. സര്‍ഗ്ഗാത്മകതയോടും വിപ്ലവത്തോടും ബന്ധപ്പെടുത്തി പറയാവുന്ന ഒരു ഋതുവാണ് വസന്തകാലം. ഇന്ന് ലോകം മുഴുവന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം ഇല്ലാതായിക്കൊണ്ടിരിക്കുന്നു. റഷ്യ ഈ ഭൂമിയിലെ സ്വര്‍ഗ്ഗമായിരുന്നില്ല, നരകമാണെന്ന് ഇന്നത്തെ റഷ്യന്‍ ചരിത്രകാരന്മാര് പറയുന്നു. ‘The wilting of hundred flowers’ (നൂറു പൂക്കളുടെ കൊഴിയല്‍) എന്ന കൃതി എഴുതിയത് ചൈനീസ് എഴുത്തുകാരന് മ്യൂ. ജ്യുഷുങ്ങായിരുന്നു. വിപ്ലവത്തിനു ശേഷമുള്ള ശുദ്ധീകരണ പ്രക്രിയയുടെ ഭാഗമായി കോടികളെ കൊന്നൊടുക്കിയതില്‍ സ്റ്റാലിനും പോള്‍പോട്ടും (കംപൂച്ചിയ) ഏറെ മുന്‍പിലാണ്.
ഓരോ ഉട്ടോപ്പിയയും തകര്‍ന്നടിഞ്ഞ് ചാരമായി മാറുന്നത് ചരിത്രത്തിന്റെ വൈരുദ്ധ്യമാണ്. സോള്‍ ഷെനിറ്റ്സന് എന്ന വിഖ്യാത എഴുത്തുകാരനും, അനേക ലക്ഷം തടവുകാരും സൈബീരിയയിലെ മഞ്ഞില്‍ പുതഞ്ഞ് പോകേണ്ടതായിരുന്നു. പക്ഷേ കുറേപ്പേര് രക്ഷപ്പെട്ടു. ലക്ഷക്കണക്കിനാളുകള്‍ മൃതിയുടെ തുറമുഖത്തേക്ക് നടന്നുനീങ്ങി. കലയും സാഹിത്യവും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കുവേണ്ടി മാത്രമുള്ളതാണെന്ന സ്റ്റാലിനിസ്റ്റ് രീതിയിലേക്ക് കമ്യൂണിസ്റ്റുകള്‍ വഴുതി വീഴാറുണ്ട്. കലാകാരന് ഭരണകൂടത്തിന്റെ പരിചാരകനാണെന്നും, സോഷ്യലിസ്റ്റ് വ്യവസ്ഥ കെട്ടിപ്പൊക്കുകയാണ് ആത്യന്തികമായി കലാകാരന്റെ ലക്ഷ്യമെന്നും സ്റ്റാലിന് വാദിച്ചു. സ്റ്റാലിന്റെ മരണശേഷം അതുവരെയുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ക്ക് മാറ്റങ്ങള്‍ സംഭവിച്ചു.
സാഹിത്യത്തിന്റെ നിയന്ത്രണങ്ങള്‍ അയഞ്ഞതോടെ കഥാപാത്രങ്ങളുടെ മാനസികഘടനയുടെ ചിത്രീകരണം അനായാസമായി. ഭാവനയില്‍ കാണുന്ന ഒരു ഉട്ടോപ്യന്‍ സമൂഹത്തിന്റെ പ്രതിരൂപങ്ങളായി കഥാപാത്രങ്ങളെ സൃഷ്ടിച്ചാല്‍ പോരാ, അവര്‍ മനുഷ്യ വികാരങ്ങളുടെയും വിചാരങ്ങളുടെയും പ്രതിരൂപങ്ങളായി മാറണം. സോഷ്യലിസ്റ്റ് റിയലിസം കലയുടെ സ്വര്‍ണ്ണ നൂലുകൊണ്ട് വരിഞ്ഞു കെട്ടിയതുകൊണ്ടാണ് ചിലിയിലെ നെരൂദയുടെ പ്രേമഗീതങ്ങള്‍ ഇന്നും ലോകത്ത് ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന പുസ്തകങ്ങളില്‍ ഒന്നായി മാറുന്നത്. കമ്യൂണിസ്റ്റ് ലോകം തലയിലേറ്റിയ പാവ്ലോ നെരൂദ ഉപരിപ്ലവമായ പ്രതിബദ്ധതാ സാഹിത്യം രചിച്ചില്ല. റഷ്യന്‍ എഴുത്തുകാരായ മിഖായേല്‍ ഷൊളഖോവും ഡോസ്റ്റോവസ്കിയും പുഷ്ക്കിനും ടര്‍ജനേവും ടോള്‍സ്റ്റോയിയും ലോകമെമ്പാടുമുള്ള വായനാസമൂഹം ഷെയ്ക്സ്പിയറെപ്പോലെ മാറോട് ചേര്‍ത്തുപിടിക്കുന്നു.
ഒ.വി. വിജയന് നിന്ദയും സ്തുതിയും
ആഴം കുറഞ്ഞ സാമൂഹ്യ ചിത്രങ്ങള്‍ തിരിച്ചും മറിച്ചും നോക്കി ഒരു സാഹിതിക്കും ഏറെക്കാലം നിലനില്ക്കാന് കഴിയില്ല. വ്യക്ത്യനുഭവങ്ങളുടെ സങ്കീര്‍ണ മേഖലകളും, അവിടെ ഉയര്‍ന്നുവരുന്ന ലോലഭാവങ്ങളുടെ ശോണ മുഹൂര്‍ത്തങ്ങളും തേടി ബഷീറും ഒ.വി. വിജയനും പൊന്‍കുന്നം വര്‍ക്കിയും ഉറൂബും കോവിലനും ടി. പത്മനാഭനും കാക്കനാ
ടനും ആനന്ദും പുനത്തിലും നടത്തിയ അന്വേഷണത്തിന്റെ സാഫല്യമാണ് അവരുടെ രചനകളില്‍ പലതും ഇന്നും ചര്‍ച്ച ചെയ്യുന്നത്. ഒ.വി. വിജയന് മലയാള നോവല്‍ സാഹിത്യത്തേയും കഥാ സാഹിത്യത്തെയും വിശ്വസാഹിത്യത്തിലേക്ക് ഉയര്‍ത്തിയ കോസ്മിക് വിഷനുള്ള എഴുത്തുകാരനാണ്. ”ഖസാക്കിനു മുകളില്‍ മലയാളം പറന്നില്ല” എന്ന് വി.സി. ശ്രീജന് പറഞ്ഞത് ശരിയാണ്.
ഒ.വിയുടെ കഥകള്‍ക്ക് എഴുതിയ അവതാരികയില്‍ ആഷാ മേനോന് പറഞ്ഞതിങ്ങനെയാണ്: ”പഞ്ചഭൂതങ്ങളില്‍ ഈ എഴുത്തുകാരന് ഏറ്റവും ഹിതകരമായത് കാറ്റാണെന്ന് ഞാന്‍ ധരിക്കും. അരയാലിലകളിലും പനമ്പട്ടകളിലും പതിഞ്ഞ് വീശിയ കാറ്റ് പുതിയ സൗന്ദര്യശാസ്ത്രത്തിന്റെ മുന്നോടിയായി” മലയാളിയുടെ പഴയ സംവേദനശീലങ്ങ
ളെ തകര്‍ത്തെറിഞ്ഞ ഒരു പുതിയ സൗന്ദര്യശാസ്ത്രത്തിന്റെ ഗന്ധവും നനവും ഈ കാറ്റിലുണ്ട്. ചുരത്തിലൂടെ വരുന്ന കാറ്റിന് അതിന്റെ ഗന്ധമുണ്ട്. മലയാളത്തിലെ ലെജെന്ഡായ ഒ.വി. വിജയനെ ഏറ്റവും കൂടുതല്‍ മാനസികമായി പീഡിപ്പിച്ചത് സിപിഎം എന്ന രാഷ്ട്രീയ പ്രസ്ഥാനമാണ്. ആദ്യകാലത്ത് ഇടതുപക്ഷത്തിന്റെ വഴിയമ്പലത്തില്‍ അല്‍പ്പനേരം തങ്ങിയ ഒ.വി. വിജയന് ആത്മജ്ഞാനത്തിന്റെ വഴികള്‍ അന്വേഷിച്ച് ഭാരതീയ ചിന്തയുടെ സാഗരത്തിലേക്ക് ഇറങ്ങിയപ്പോള്‍ അദ്ദേഹത്തെ ചെളികൊണ്ടെറിയാന് സിപിഎം മുന്നോട്ടുവന്നു. അമേരിക്കന്‍ ചാരന് എന്നും, ഹൈന്ദവ വര്‍ഗീയവാദിയെന്നും പി.ഗോവിന്ദ പിള്ളയടക്കം മുദ്രകുത്തി. വിജയന്റെ മരണം നടക്കുമ്പോള്‍ സാഹിത്യ അക്കാദമിയുടെ പ്രസിഡന്റ്, നോവലിസ്റ്റ് എം. മുകുന്ദനായിരുന്നു. ഒരു അനുശോചന യോഗം വിളിക്കാന്‍ അന്നത്തെ ഇടതുപക്ഷ സര്‍ക്കാര്‍ മുകുന്ദനെ അനുവദിച്ചില്ല.
ഒ.വിയുടെ പ്രതിമ പാലക്കാട് തസ്രാക്കില്‍ പണിയാന്‍ ബഡ്ജറ്റില്‍ പണം നീക്കിവച്ചത് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ആയിരുന്നു. ഇക്കാലത്ത് സിപിഎം വളര്‍ത്തിക്കൊണ്ടുവന്ന പല കമിറ്റ്മെന്റ് എഴുത്തുകാരും ചാണ്ടിയെ പരിഹസിച്ചിരുന്നു. ഇപ്പോള്‍ വിജയനോട് ചെയ്ത തെറ്റിന് പ്രായശ്ചിത്തത്തിനായി സിപിഎം നേതാക്കള്‍ തസ്രാക്കില്‍ വിജയന്റെ സ്മാരകത്തിനടുത്ത് പോയി തൊഴുതു വണങ്ങുന്നു! ഇന്നത്തെ സാംസ്കാരിക മന്ത്രിയും ഇടക്കിടെ തസ്രാക്കിലേക്ക് കുതിക്കുന്നു. ഇത് ഇരട്ടത്താപ്പാണ്. സാമൂഹ്യ പ്രതിബദ്ധത അത്യന്തം മനോഹരമായി കഥയില്‍ സന്നിവേശിപ്പിച്ച എം. സുകുമാരനെയും മഹാകവി വൈലോപ്പിള്ളിയേയും തള്ളിക്കളഞ്ഞ സിപിഎം ഇപ്പോള്‍ മഹാകവി അക്കിത്തത്തെയും തള്ളിക്കളയുന്നു.
അക്കിത്തത്തിന് അവഗണന
പുതിയ വാര്‍ഷിക ബജറ്റില്‍ സുഗതകുമാരിക്കും എം.പി. വീരേന്ദ്ര കുമാറിനും പ്രതിമ നിര്‍മിക്കാന്‍ പണം നീക്കിവച്ചിട്ടുണ്ട്. പക്ഷേ മഹാകവി അക്കിത്തത്തെ മറന്നുപോയത് സിപിഎം എന്ന പ്രസ്ഥാനത്തിന് സമ്മതമല്ലാത്തതുകൊണ്ടാണോ? എം.പി. വീരേന്ദ്ര കുമാറിന്റെ പ്രതിമയുണ്ടാക്കാന്‍ അഞ്ച് കോടിയും, സുഗതകുമാരിക്ക് രണ്ട് കോടിയും നീക്കിവച്ച ധനമന്ത്രി തോമസ് ഐസക്ക് അക്കിത്തത്തിന്റെ മഹത്വം അറിയാന്‍ സാധ്യതയില്ല. മലയാളത്തിന്റെ ഋഷി കവിയാണ് അക്കിത്തം. ‘നാനൃഷി കവി’ എന്ന കാവ്യദര്‍ശനം വച്ച് വിലയിരുത്താന്‍ അര്‍ഹതയുള്ള ഒരേ ഒരു കവി ഇന്നത്തെ മലയാള സാഹിത്യത്തില്‍ അക്കിത്തമാണ്. യാഥാസ്ഥിതിക പൗരോഹിത്യത്തിന്റെ നടുമുറ്റത്ത് വളര്‍ന്ന ഈ മഹാകവി താനുള്‍പ്പെടെയുള്ള സമൂഹത്തെ ഉടച്ചുവാര്‍ക്കാനുള്ള വിപ്ലവത്തിന് തുടക്കം കുറിച്ചു. ടാഗോറും അരബിന്ദോയും ഇക്ബാലും ഖാസി നസുറുല്‍ ഇസ്ലാമും വിപ്ലവത്തിന് ആക്കം കൂട്ടിയത് ഭാരതീയ തത്വചിന്തയുടെ സമുദ്രത്തില്‍ മുങ്ങിക്കുളിച്ചുകൊണ്ടാണ്. സാമൂഹ്യമാറ്റത്തിന് ചുവപ്പ് തുണി അനിവാര്യമാണെന്ന് അക്കിത്തം കരുതിയില്ല.
രാഷ്ട്രീയം നോക്കി പ്രതിമകള്‍
നിലവിലുള്ള രാഷ്ട്രീയ പരിതസ്ഥിതികളാണ് സിപിഎം പ്രതിമാ നിര്‍മാണത്തിന് അളവുകോലാക്കി മാറ്റുന്നത്. എം. സുകുമാരന്‍ എന്ന വലിയ കഥാകൃത്ത് ബുദ്ധിപരമായ സത്യസന്ധതയുടെ പര്യായമായിരുന്നു. അദ്ദേഹത്തെ പുറംകാലുകൊണ്ട് തട്ടിയത് ”ശേഷക്രിയ” എഴുതിയതുകൊണ്ടാണ്. എം.എന്‍. വിജയന് കണ്ണൂരില്‍ സിപിഎം നടത്തിയ എല്ലാ തിന്മകളേയും ന്യായീകരിച്ചിരുന്നു. ഒടുവില്‍ സിപിഎം വിജയനെ കൈവിട്ടു. കെ.എം.മാണി കള്ളന്മാരുടെ കുലകൂടസ്ഥനാണെന്ന് തട്ടിവിട്ടു. അദ്ദേഹത്തെ വിവസ്ത്രനാക്കി. ഒടുവില്‍ അഞ്ച് കോടിയുടെ പ്രതിമയും സ്മാരകവും പണിയുന്നതിന് പണം പൊതുഖജനാ
വില്‍നിന്ന് ജനം നല്‍കണമെന്ന് സിപിഎം പറയുന്നതില്‍ വിരോധാഭാസമുണ്ട്. എം.പി. വീരേന്ദ്ര കുമാര്‍ യുഡിഎഫ് വിട്ട് എല്‍ഡിഎഫില്‍ ചേര്‍ന്നതുകൊണ്ടാണ് ഇപ്പോള്‍ തിരക്കിട്ട് പ്രതിമ നിര്‍മിച്ച് ധൂര്‍ത്ത് നടത്തുന്നത്. ഇതിനെല്ലാം പൊതുജനത്തിന്റെ നികുതിപ്പണം വേണോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: