ഈ വര്‍ഷം ജനുവരി 22ന് സെന്‍സെക്സ് 50,000 കടന്നു. അതായത് 10 മാസം മുമ്പത്തെ നിലവാരത്തിന്റെ ഏതാണ്ട് ഇരട്ടി. സ്റ്റോക്ക് മാര്‍ക്കറ്റ് സൂചികയുടെ വളര്‍ച്ച സാമ്പത്തിക രംഗത്തെ അടിസ്ഥാന വികസനത്തിന്റെ അളവുകോല്‍ അല്ലെങ്കിലും, അത് തീര്‍ച്ചയായും രാജ്യത്തിന്റെ സാമ്പത്തിക നിലയുടെ ചില വശങ്ങളെ കുറിച്ച് ഒരു പോസിറ്റീവ് ചിത്രമാണ് കാണിക്കുന്നത്.
ലോകത്തെ ഏതാണ്ട് എല്ലാ സ്റ്റോക്ക് മാര്‍ക്കറ്റുകളും കേവലമായി വളര്‍ച്ച രേഖപ്പെടുത്തിയെങ്കിലും വേറൊരു സ്റ്റോക്ക് മാര്‍ക്കറ്റ് സൂചികയും ഈ കാലയളവില്‍ ഇത്രയും അതിശയകരമായ വളര്‍ച്ച രേഖപ്പെടുത്തിയിട്ടില്ല. ലോകത്തെ സ്റ്റോക്ക് മാര്‍ക്കറ്റുകളിലെ ഓഹരി വിലകളിലെ വര്‍ദ്ധനവ് പരിശോധിച്ചാല്‍, സമീപ കാലത്തെ വിപണി നേട്ടത്തിന്റെ കാര്യത്തില്‍ ഇന്ത്യന്‍ മാര്‍ക്കറ്റ് അവയെക്കാളൊക്കെ വളരെ ഉയര്‍ന്നു നില്ക്കുന്നു എന്നു കാണാം.
പ്രധാനപ്പെട്ട ആഗോള സൂചികകളും അവയുടെ ചലനങ്ങളും താഴെ കൊടുക്കുന്നു
- ജപ്പാനിലെ നിക്കീ സൂചിക, 2020 മാര്‍ച്ചിലെ 18,000 ല്‍ നിന്ന് 28,600 ആയി വളര്‍ന്നു.
- ഹോങ്കോങ്ങ് സ്റ്റോക്ക് മാര്‍ക്കറ്റിലെ ഹാങ്സെങ് സൂചിക 2020 മാര്‍ച്ചിലെ 24,000 ല്‍ നിന്ന് 2021 ജനുവരിയില്‍ 29,500 ആയി.
- ബ്രിട്ടനിലെ എഫ്ടിഎസ്ഇ ഇന്‍ഡക്സ് 2020 മാര്‍ച്ചിലെ 5,400 ല്‍ നിന്ന് 6,700 ആയി ഉയര്‍ന്നു.
- ജര്‍മന്‍ മാര്‍ക്കറ്റിലെ ഡിഎഎക്സ് ഇന്‍ഡക്സ് ഇതേ കാലയളവില്‍ 9,000 ല്‍ നിന്ന് 13,800 ആയി വളര്‍ന്നു.
- യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഡോവ് ജോണ്‍സ് സൂചിക ഇപ്പോള്‍ 31,000 ല്‍ നില്ക്കുന്നു. 2020 മാര്‍ച്ചില്‍ അത് ഏകദേശം 22,000 ആയിരുന്നു.
എല്ലാ രാജ്യങ്ങളിലെയും മാര്‍ക്കറ്റ് നിലവാരം ഉയരുന്നതിനു പിന്നില്‍ പ്രധാനമായും നാല് കാരണങ്ങള്‍ ആണുള്ളത്.
- എല്ലാ സെന്‍ട്രല്‍ ബാങ്കുകളും സര്‍ക്കാരുകളും പിന്തുടരുന്ന ലളിതമായ ലിക്വിഡിറ്റി നയമാണ് അതില്‍ ഏറ്റവും പ്രധാനം. സാമ്പത്തിക വികസനത്തെ മുന്നോട്ട് നയിക്കാനാവശ്യമായ പണലഭ്യത അവര്‍ ഉറപ്പു വരുത്തിയിട്ടുണ്ട്. ഇത് ലോകത്തെല്ലായിടത്തും സ്റ്റോക്ക് മാര്‍ക്കറ്റുകളിലേക്ക് പണമൊഴുകാന്‍ കാരണമായിട്ടുണ്ട്.
- എല്ലാ രാജ്യങ്ങളും പലിശനിരക്കുകള്‍ കുറച്ചിട്ടുണ്ട്. യൂറോപ്പിലും ജപ്പാനിലും ഇപ്പോഴത്തെ പലിശനിരക്ക് ഫലത്തില്‍ നെഗറ്റീവ് ആണ്. ഇതുകാരണം ജനങ്ങള്‍ ബാങ്കുകളില്‍ പണം നിക്ഷേപിച്ച് സൂക്ഷിക്കുന്നതിനു പകരം ചെലവഴിക്കാന്‍ പ്രേരിപ്പിക്കപ്പെടുന്നു. ഇന്ത്യയിലും പലിശനിരക്ക് കുറച്ചിട്ടുണ്ട്. 7 ശതമാനത്തില്‍ കുറഞ്ഞ വാര്‍ഷിക പലിശ നിരക്കില്‍ ഇപ്പോള്‍ ഗൃഹനിര്‍മ്മാണ വായ്പകള്‍ ലഭ്യമാണ്. ഈ കുറഞ്ഞ പലിശ നിരക്കും പണമൊഴുക്കിന്റെ ഒരു ഭാഗത്തെ സ്റ്റോക്ക് മാര്‍ക്കറ്റിലേക്ക് നയിച്ചിട്ടുണ്ട്.
- താരതമ്യേന കുറഞ്ഞ ഒരു സമയത്തിനുള്ളില്‍ വാക്സിനുകള്‍ വികസിപ്പിച്ചു കൊണ്ട് ലോകം വളരെ പെട്ടെന്ന് തന്നെ കോവിഡിനെതിരെ പ്രതികരിക്കുകയുണ്ടായി. വികസിത രാജ്യങ്ങളില്‍ തുടങ്ങിക്കഴിഞ്ഞ വാക്സിനേഷന് പ്രക്രിയ, ലോകത്തെ സംബന്ധിച്ച് സാമ്പത്തിക വികസനത്തിന്റെ വര്‍ഷമായിരിക്കും 2021 – 22 എന്ന പുത്തന്‍ പ്രതീക്ഷ ഉണര്‍ത്തിയിട്ടുണ്ട്.
- അമേരിക്കയില്‍ ജോ ബൈഡന് അധികാരത്തിലേറിയത് പാശ്ചാത്യ ലോകത്ത് ശുഭപ്രതീക്ഷ വളര്‍ത്തിയിട്ടുണ്ട്. ചൈനാവിരുദ്ധതയുടെ മനോഭാവം നിലനില്‍ക്കുമെങ്കിലും, കൂടുതല്‍ വിശാലമായ അന്താരാഷ്ട്ര ബന്ധങ്ങള്‍ ഉണ്ടാവും എന്നാണ് പ്രതീക്ഷ.
എന്നാല്‍ എന്തുകൊണ്ടാണ് ഇന്ത്യന്‍ സ്റ്റോക്ക് മാര്‍ക്കറ്റ് മുമ്പെങ്ങുമില്ലാത്ത വിധമുള്ള മുന്നേറ്റത്തിന് സാക്ഷ്യം വഹിച്ചത് ? പത്തു മാസത്തിനുള്ളില്‍ സെന്‍സെക്സ് ഇരട്ടിയായി മാറത്തക്ക വിധം എന്തു പ്രത്യേകതയാണ് ഇന്ത്യയ്ക്കുള്ളത് ? ഇത് ഒരു നല്ല ലക്ഷണമാണോ ? അതോ ഇതൊരു ആസ്തി കുമിളയായി കണ്ട് നമ്മള് ആശങ്കപ്പെടേണ്ടതുണ്ടോ ? ഇതൊക്കെയാണ് ജനങ്ങള്‍ സാധാരണയായി ഉയര്‍ത്തുന്ന ചോദ്യങ്ങള്‍. ഇവയ്ക്കുള്ള എന്റെ പൊതുവായ ഉത്തരങ്ങള്‍ താഴെക്കൊടുക്കുന്നു
- ഒരു സാമ്പത്തിക വ്യവസ്ഥിതിയുടെ ആന്തരിക ശക്തിയെ അളക്കാനുള്ള ഏറ്റവും നല്ല ഉപകരണമല്ല സ്റ്റോക്ക് മാര്‍ക്കറ്റ്. വിശദീകരിക്കാന്‍ പ്രയാസമുള്ള പല ശൈലികളും അത് പിന്തുടരാറുണ്ട്. എന്നാല്‍ വിപണിയിലെ പങ്കാളികള്‍, ഭാവിയില്‍ പ്രതീക്ഷിക്കുന്ന മാറ്റങ്ങളെക്കുറിച്ചുള്ള ചില സൂചനകള്‍ അവയില്‍ നിന്ന് കിട്ടും. ആ നിലയ്ക്ക് വിപണിയുടെ പ്രതീക്ഷകളെ മനസ്സിലാക്കിയെടുക്കാന്‍ തക്കവിധം നമ്മള് ഓഹരി വിപണിയിലെ ചലനങ്ങളെ ശ്രദ്ധയോടു കൂടി നിരീക്ഷിക്കേണ്ടതുണ്ട്.
- ചൈനീസ് പ്രസിഡന്റ് ജിങ്പിങ് പ്രത്യക്ഷമായി തന്നെ എല്ലായിടത്തും ചൈനീസ് മേല്‍ക്കോയ്മയ്ക്കായുള്ള അഭിനിവേശം കാണിക്കാന്‍ തുടങ്ങിയതോടു കൂടി പാശ്ചാത്യ നിക്ഷേപകരുടെ മനസ്സില്‍ ഒരു ചൈനീസ് വിരുദ്ധ മനോഭാവം വന്നിട്ടുണ്ട്. ചൈനയെ പറ്റി പാശ്ചാത്യര്‍ മുമ്പെന്നത്തെക്കാളും ഇന്ന് ആശങ്കയുള്ളവരാണ്. ചൈനീസ് സര്‍ക്കാരിനെ മാത്രമല്ല, ഷവോമി, ഹുവേയ് തുടങ്ങിയ ചൈനീസ് കമ്പനികളെയും പാശ്ചാത്യര്‍ സംശയ ദൃഷ്ടിയോടെയാണ് നോക്കുന്നത്. ചൈനീസ് സര്‍ക്കാരിന്റെ ബിനാമികള്‍ ആണ് അവയൊക്കെ എന്നാണ് സംശയം.
- ഏഷ്യയില്‍ ചൈനയ്ക്ക് കിടനില്ക്കാന് കഴിയുന്ന ശക്തിയായി ലോകം ഇന്ത്യയെ കാണുന്നു. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. നല്ല ഭൂരിപക്ഷത്തോടു കൂടി ഭരിക്കുന്ന ശക്തമായ ഒരു കേന്ദ്ര സര്‍ക്കാര്‍ ആണ് ഇന്ത്യയില്‍ ഉള്ളത്. ചൈനയ്ക്ക് പകരമുള്ള ഒരു ആകര്‍ഷകമായ നിക്ഷേപരാജ്യമെന്ന നിലയില്‍ ഇന്ത്യയെ കാണാന്‍ ഇതൊക്കെ കാരണമാകുന്നു.
- കേന്ദ്രത്തിലെ രാഷ്ട്രീയ സുസ്ഥിരതയും, നയങ്ങളുടെ തുടര്‍ച്ചയും ഒരു വലിയ ഗുണമായിട്ടാണ് നിക്ഷേപകര്‍ കാണുന്നത്.
- ഭാരത സര്‍ക്കാര്‍ പ്രതിരോധ രംഗം പോലുള്ള മേഖലകളില്‍ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നത് നിക്ഷേപകര്‍ അനുകൂലമായി കാണുന്നു.
- ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതി, ഇന്ത്യയെ സംബന്ധിച്ച് കലങ്ങി മറിഞ്ഞതായിരുന്നെങ്കിലും, വലിയ കമ്പനികളുടെ, പ്രത്യേകിച്ചും വിവര സാങ്കേതിക രംഗത്തെ അതികായരായ ടിസിഎസ്, ഇന്‍ഫോസിസ്, വിപ്രോ തുടങ്ങിയവയുടെ മൂന്നാം പാദത്തിലെ റിപ്പോര്‍ട്ട് ശുഭപ്രതീക്ഷയ്ക്ക് വക നല്‍കുന്നതാണ്. വി ആകൃതിയിലുള്ള പ്രകടനത്തിലൂടെ സാമ്പത്തിക രംഗത്തിന്റെ മടങ്ങി വരവും കരകയറലുമാണ് പ്രതീക്ഷിക്കുന്നത്.
- സര്‍ക്കാരിന്റെ ആത്മനിര്‍ഭര്‍ ഭാരത് പാക്കേജ് നന്നായി പ്രവര്‍ത്തിച്ചു.
- ഗ്രാമീണ മേഖലയില്‍ ശക്തമായ സാമ്പത്തിക പ്രവര്‍ത്തനമാണ് നടന്നത്. ഹിന്ദുസ്ഥാന്‍ ലിവര്‍, ബ്രിട്ടാനിയ, നെസ്ലെ, ഐടിസി തുടങ്ങി ഏതാണ്ടെല്ലാ ഉപഭോഗ ഉത്പന്ന നിര്‍മ്മാണ കമ്പനികളും ഗ്രാമീണ വിപണിയില്‍ ഉയര്‍ന്ന വില്‍പ്പനയാണ് ഈ സാമ്പത്തിക വര്‍ഷം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
- ഗ്രാമീണ മേഖലയിലേക്ക് പണം ഒഴുക്കിയ ഭാരത സര്‍ക്കാരിന്റെ നടപടികള്‍ ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ മൊത്തമായി തന്നെ ഊര്‍ജ്ജസ്വലമാക്കി.
- കോവിഡിന്റെ സമയത്തും ഇന്ത്യയിലെ കാര്‍ഷിക രംഗം ഓരോ പാദത്തിലും കൂടുതല്‍ വളരുന്നതാണ് കണ്ടത്. ഇതൊരു വലിയ നേട്ടമാണ്. ഇത് എല്ലാ സംസ്ഥാനങ്ങളിലേയും ഗ്രാമീണ ഗൃഹങ്ങളില്‍ വരുമാന വര്‍ദ്ധനവ് കൊണ്ടു വരുന്നതില്‍ സഹായിച്ചു.
ഇതെല്ലാം പറയുമ്പോഴും, സ്റ്റോക്ക് മാര്‍ക്കറ്റുകളുടെ ഉയര്‍ച്ച താഴ്ചകള്‍ക്ക് അമിത പ്രാധാന്യം കൊടുക്കേണ്ടതില്ല എന്ന കാര്യം മനസ്സില്‍ വയ്ക്കേണ്ടതുണ്ട്. സാമ്പത്തിക വ്യവസ്ഥിതിയുടെ അടിസ്ഥാന സമവാക്യങ്ങളുമായി ഇണങ്ങാതെ നില്ക്കുന്ന ആസ്തിയുടെ വിലകളെ കുറിച്ച് ഭാരതീയ റിസര്‍വ് ബാങ്ക് തങ്ങളുടെ ആശങ്ക അറിയിച്ചിട്ടുണ്ട്. അതായത് പല കമ്പനികളും, സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളും കോവിഡിന്റെ ആഘാതത്തില്‍ നിന്ന് കരകയറാന്‍ ഇപ്പോഴും ബുദ്ധിമുട്ടുന്നുണ്ട്. അതുകൊണ്ട് സ്റ്റോക്ക് മാര്‍ക്കറ്റിലെ കുതിച്ചു കയറ്റം കണ്ട്, സാമ്പത്തിക സുസ്ഥിരത കൈവരിച്ചു കഴിഞ്ഞു എന്ന് ആഘോഷിക്കാന്‍ നമുക്ക് സമയമായിട്ടില്ല.
സെന്‍സെക്സ് 50000 ല്‍ എത്തി എന്നതില്‍ നമുക്ക് ആഹ്ലാദിക്കാന്‍ വകയുണ്ടെങ്കിലും, 130 കോടി ജനങ്ങളുള്ള രാജ്യത്ത് 2.25 കോടി ജനങ്ങള്‍ മാത്രമേ സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിക്ഷേപിക്കുന്നുള്ളൂ എന്ന കാര്യം നമ്മള് മറക്കരുത്.
നമ്മുടെ നാട്ടിലെ പാവങ്ങള്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും ഏതൊരു നാഗരിക സമൂഹത്തിലും അംഗീകരിക്കപ്പെടും വിധമുള്ള ജീവിത നിലവാരം ലഭ്യമാകുന്നതാവണം നമ്മുടെ വികസന ലക്ഷ്യം. അതാണ് നമ്മുടെ സാമ്പത്തിക നയത്തിന്റെ ആത്യന്തിക ലക്ഷ്യം. ദീന ദയാല്‍ ഉപാധ്യായ ദര്‍ശിച്ച അന്ത്യോദയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: