ന്യൂദല്‍ഹി: ഇന്ത്യ- ചൈന അതിര്‍ത്തി സംഘര്‍ഷം വീണ്ടും ശക്തമാകുന്നു. സംഘര്‍ഷം നിലനില്‍ക്കുന്ന കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യ – ചൈന സേനകള്‍ തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍ നടന്നാതായി റിപ്പോര്‍ട്ട്. സിക്കിമിലെ നാകുലയില്‍ യഥാര്‍ത്ഥ നിയന്ത്രണ രേഖയ്ക്ക് സമീപം ഇന്ത്യ ചൈന സൈനികര്‍ തമ്മില്‍ സംഘര്‍ഷം നടന്നതായാണു ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 3 ദിവസം മുന്‍പാണു സംഭവം.
അതിര്‍ത്തി രേഖ ലംഘിച്ചു കടന്നുകയറാന്‍ ശ്രമിച്ച ചൈനീസ് സേനാംഗങ്ങളെ ഇന്ത്യന്‍ സേന തടഞ്ഞതാണു ഏറ്റുമുട്ടലില്‍ കലാശിച്ചത്. സംഘര്‍ഷത്തില്‍ ചൈനയുടെ 20 പട്ടാളക്കാര്‍ക്ക് പരിക്കേറ്റതായി സൂചനയുണ്ട്. സൈന്യം ഇതുവരെ ഔദ്യോഗികമായി വിവരം സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യന്‍ ഭാഗത്ത് നാലു സൈനികര്‍ക്ക് പരിക്കേറ്റെന്നും റിപ്പോര്‍ട്ടുണ്ട്. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണ്. അതിര്‍ത്തിയിലെ നിലവിലെ സ്ഥിതി മാറ്റിമറിക്കാനുള്ള തയ്യാറെടുപ്പിലാണ് ചൈനീസ് സൈനികര്‍ എത്തിയതെന്നാണ് സൂചന. എന്നാല്‍ ഇന്ത്യന്‍ സൈനികര്‍ ഇത് തടയുകയും ചൈനീസ് സൈനികരെ തുരത്തിയോടിക്കുകയുമായിരുന്നു. ഇന്ത്യ – ചൈന സേനകളിലെ ഉന്നത സേനാ കമാന്‍ഡര്‍മാര്‍ തമ്മില്‍ അതിര്‍ത്തിയില്‍ നടന്ന ഒന്‍പതാം ചര്‍ച്ചയ്ക്കു മുന്‍പായിരുന്നു സംഭവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: