കേരളത്തില്‍ മാപ്പിള ലഹളയും മുസ്ലിം ലീഗും; ആസ്സാമില്‍ മുസ്ലിം ജിഹാദിന് പരസ്യമായി ആഹ്വാനം ചെയ്യുന്നവര്‍. കേരളം വിട്ടാല്‍ മറ്റെല്ലായിടത്തും ഇടത് -വലത് കമ്മ്യുണിസ്റ്റ് പാര്‍ട്ടികളും മാവോവാദികളും; ജമ്മു കാശ്മീരില്‍ എല്ലാ ദേശവിരുദ്ധ ശക്തികളും; കര്‍ഷക സമരഭൂമിയില്‍ ഖാലിസ്ഥാനികളും പാക്കിസ്ഥാന് വാദികളും. ഇതാണിപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അവസ്ഥ; അതാണ് അവരുടെ കൂട്ടുകെട്ടുകള്‍. അതിന് ശക്തി പകരാനായി ഹിന്ദു നേതാക്കളെ ഒന്നൊന്നായി പാര്‍ട്ടി നേതൃത്വത്തില്‍ നിന്ന് ഒതുക്കുകയും ചെയ്യുന്നു. റിപ്പബ്ലിക് ദിനത്തില്‍ നടക്കുന്ന പവിത്രമായ, അഭിനാര്ഹമായ ചടങ്ങുകള്‍ പോലും തടസപ്പെടുത്താന്‍ ചിലരിറങ്ങി പുറപ്പെടുമ്പോള്‍ അവര്‍ക്കൊപ്പവും കോണ്‍ഗ്രസ് നേതാക്കളുണ്ട്. ഇങ്ങനെ ഇന്ത്യയില്‍ ഒരു പാര്‍ട്ടിക്ക് മുന്നോട്ട് പോകാനാവുമോ? ഇന്ത്യന്‍ ജനത അതൊക്കെ സഹിക്കുമോ?
കേരളത്തില്‍ നിന്ന് തുടങ്ങാം; അടുത്ത് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ എല്ലാം നിര്‍ണായകമാണ് എന്നതാണ് സോണിയയുടെ പാര്‍ട്ടിയുടെ വിലയിരുത്തല്‍. അതില്‍ ആസ്സാമും, തമിഴ്നാടും, ബംഗാളും, കേരളവും ഒക്കെ ഉള്‍പ്പെടുന്നുണ്ടല്ലോ. എന്നാല്‍ കേരളത്തിന്റ കാര്യത്തില്‍ വലിയ ശ്രദ്ധയാണ് ഹൈക്കമാന്റിനുള്ളത്. കേരളത്തില്‍ തങ്ങളാണ് ഇനി ഭരണത്തിലേറേണ്ടത് എന്നതാണ് അവര്‍ കരുതുന്നത്. അഞ്ചുവര്‍ഷം കൂടുമ്പോള്‍ ഭരണമാറ്റം സംഭവിക്കുന്ന സംസ്ഥാനമെന്ന നിലക്കാണിത്. അതുകൊണ്ടാവണം, മറ്റേത് സംസ്ഥാനത്തിന് കൊടുക്കുന്നതിനേക്കാള്‍ പ്രാധാന്യം അവര്‍ കേരളത്തിന് നല്‍കുന്നത്. പക്ഷെ, അടുത്തിടെ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലം അവരെ വല്ലാതെ ഭയപ്പെടുത്തുന്നു. ഒരു ഭാഗത്ത് ഇടതുമുന്നണി വലിയ നേട്ടം പലയിടത്തുമുണ്ടാക്കി എന്നത്; മറ്റൊന്ന് ബിജെപി കേരളത്തിലങ്ങോളമിങ്ങോളം കരസ്ഥമാക്കിയ വലിയ ജന പിന്തുണ. അതിനിടയിലൂടെ കരകയറാന്‍ ആരുമായും കൂട്ടുകൂടാന്‍ തയ്യാര്‍, ഏത് നേതാവിനെയും ഉള്‍ക്കൊള്ളാനും ഏതൊരാളെയും ബലി കൊടുക്കാനും തയ്യാര്‍ എന്ന് സോണിയ പരിവാര്‍ പ്രഖ്യാപിച്ചു കഴിഞ്ഞിരിക്കുന്നു.
യുഡിഎഫ് എന്താണ് ഭയപ്പെടുന്നത് എന്നത് പലവട്ടം ചര്‍ച്ചചെയ്തതാണ്. അവരുടെ അടിത്തറ തകര്‍ന്നു കഴിഞ്ഞു എന്നതാണ് യാഥാര്‍ഥ്യം. മാണി കേരളാ കോണ്‍ഗ്രസിന്റെ മുന്നണി മാറ്റവും മറ്റും കനത്ത പ്രഹരമാണ് നല്‍കിയത് എന്നത് കോണ്‍ഗ്രസുകാര്‍ തന്നെ ഇന്നിപ്പോള്‍ തുറന്നു പറയുന്നുണ്ടല്ലോ. അതിനുള്ള പരിഹാരമെന്ന നിലക്കാണ് രമേശ് ചെന്നിത്തല എന്ന പ്രതിപക്ഷ നേതാവിനെ പുറന്തള്ളിക്കൊണ്ട് ഉമ്മന്‍ ചാണ്ടിയെ കൊണ്ടുവന്നത്. പക്ഷെ അതൊക്കെ കൊണ്ട് കോണ്‍ഗ്രസ് രക്ഷപ്പെടുമോ? ജയിക്കും എന്ന് താത്വികമായൊക്കെ പരസ്യ പ്രകടനങ്ങള്‍ നടത്തുമ്പോഴും ഒരു കോണ്‍ഗ്രസുകാരനും, ഒരു യുഡിഎഫ് നേതാവിനും ആത്മവിശ്വാസമില്ല.
കേരളത്തില്‍ മറ്റു പലതും ഇതിനിടെ കേള്‍ക്കാനിടയായി. മത ന്യൂനപക്ഷങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ ഏതാണ്ട് മുഴുവനും മറ്റൊരു ന്യൂനപക്ഷ സമുദായം കൈക്കലാക്കുന്നു എന്നും ക്രൈസ്തവര്‍ക്ക് ഒന്നും കിട്ടുന്നില്ല എന്നും മറ്റുമുള്ള പരാതിയാണ് അതിലൊന്ന്. ന്യൂനപക്ഷ അവകാശങ്ങള്‍ കവര്ന്നെടുക്കുന്നതിനെ മുസ്ലിം ലീഗ് പരസ്യമായി ന്യായീകരിച്ചു. കേരളത്തിലെ കത്തോലിക്കാ സഭ അവരുടെ പത്രത്തിലൂടെ ഇക്കാര്യം ഒന്നിലേറെത്തവണ ഉന്നയിച്ചതുമോര്ക്കുക. അപ്പോഴൊന്നും ക്രൈസ്തവ മത മേലധ്യക്ഷന്മാരോട് സംവദിക്കാന്‍ പോലും കോണ്‍ഗ്രസുകാര്‍ തയ്യാറായില്ല. വേറൊന്ന് ജമാ അത്തെ ഇസ്ലാമി പോലുള്ള സംഘടനകളുമായി കൈകോര്‍ക്കാന്‍ കോണ്‍ഗ്രസ് സന്നദ്ധമായതും ക്രൈസ്തവ നേതൃത്വത്തെ അലട്ടി. ഇതിനൊക്കെ ഒരു പരിഹാരമായില്ല എന്ന് മാത്രമല്ല തങ്ങളുടെ പരാതികളുമായി സഭാ നേതൃത്വത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണേണ്ടിപ്പോലും വന്നു. ‘തങ്ങളെ ക്ഷണിച്ചുവരുത്തി, തങ്ങളുടെ വിഷമങ്ങള്‍ മുഴുവന്‍ കേട്ടു, എന്ത് പ്രയാസമുണ്ടെങ്കിലും പറയാമെന്ന് നിര്‍ദ്ദേശിച്ചു’; ഇതാണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മൂന്ന് കര്‍ദ്ദിനാള്‍മാര്‍ സന്തോഷത്തോടെ വാര്‍ത്താലേഖകരോട് പറഞ്ഞത് എന്നതോര്‍ക്കുക. മാത്രമല്ല, ബിജെപിയോട് തങ്ങള്‍ക്ക് തൊട്ടുകൂടായ്മയില്ല എന്നും അവര്‍ തുറന്നുപറഞ്ഞു. ആ സന്ദേശം വ്യക്തമല്ലേ.
ഇതിനൊക്കെയിടയിലാണ് മുസ്ലിം ലീഗ് തലയുയര്‍ത്തിപ്പിടിച്ചുകൊണ്ട് യുഡിഎഫിന്റെ ‘താക്കോല്‍ സ്ഥാനത്തേക്ക്’ എത്തുന്നത്. പി.കെ. കുഞ്ഞാലിക്കുട്ടിയാണിപ്പോള് യുഡിഎഫിനെ നയിക്കുന്നത് എന്ന് പറഞ്ഞാല്‍ അതിശയോക്തിയാവുകയില്ല. അദ്ദേഹം എന്ത് പറയുന്നോ അതാണ് നടക്കുന്നത്; കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പോലും ചെവികൊടുക്കുന്നത് മുസ്ലിം ലീഗ് നേതാവിനാണ്. ലീഗ് അതേസമയം അവരുടെ അജണ്ടയിലൊന്നും ഒരു മാറ്റവും വരുത്തുന്നില്ല. ഉദാഹരണം, 2021 മാപ്പിള കലാപത്തിന്റെ നൂറാം വാര്‍ഷികമായി വ്യാപകമായി ആചരിക്കാനുള്ള പുറപ്പാടിലാണവര്‍. നൂറുവര്‍ഷം മുന്‍പ് നടന്ന ഹിന്ദു നരഹത്യകളെയൊക്കെ സാധൂകരിക്കാന്‍, ന്യായീകരിക്കാന്‍, അവര്‍ ഇറങ്ങിവരുമ്പോള്‍ കൂടെ കോണ്‍ഗ്രസുകാരുമുണ്ട്. ഇവരെയൊക്കെ കടത്തിവെട്ടി കൂടുതല്‍ ശക്തമായി ഹിന്ദു വിരുദ്ധത ഉയര്‍ത്താനും ജിഹാദി ശക്തികളുടെ പിന്തുണ ആര്‍ജ്ജിക്കാനുമായി ഇടതുപാര്‍ട്ടികളുമുണ്ട്. സൂചിപ്പിച്ചത്, മുസ്ലിം ലീഗ് എന്ത് പറയുന്നോ അതേ ഇവിടെ നടക്കൂ എന്ന് കോണ്‍ഗ്രസുകാര്‍ സമ്മതിക്കുന്നു. ചെന്നിത്തല ഒതുക്കപ്പെട്ടതിന് പിന്നിലും അതുതന്നെയത്രേ.
ഒരു ചരിത്രം, കുറെ പാഠങ്ങള്‍
കാല് നൂറ്റാണ്ടു മുന്‍പാണ്, 1995 മാര്‍ച്ചിലാണ്, കെ കരുണാകരന് മുഖ്യമന്ത്രി പദമൊഴിയുന്നത്. തുടര്‍ന്ന് എകെ ആന്റണി വന്നു. 2001 -04 കാലഘട്ടത്തിലും ആന്റണി തന്നെയായിരുന്നു മുഖ്യമന്ത്രി. ലോകസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയെത്തുടര്‍ന്ന് അദ്ദേഹം 2004ല്‍ കസേരയൊഴിഞ്ഞു. പകരക്കാരനായി വക്കം പുരുഷോത്തമന് രംഗത്തുണ്ടായിരുന്നുവെങ്കിലും നറുക്കുവീണത് ഉമ്മന്‍ ചാണ്ടിക്കാണ്. 2011 ല്‍ യുഡിഎഫ് അധികാരത്തിലേറിയപ്പോഴും ഉമ്മന്‍ ചാണ്ടി തന്നെയായിരുന്നല്ലോ മുഖ്യമന്ത്രി. അതുകഴിഞ്ഞ് കരുണാകരന്റെ പിന്‍ഗാമി എന്ന മട്ടില്‍ രംഗത്തുണ്ടായിരുന്നത് ചെന്നിത്തലയാണ്. 2016ലെ പരാജയത്തിന് ശേഷം ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതൃസ്ഥാനം അദ്ദേഹത്തിന് കൈമാറിയതോടെ അനന്തരാവകാശിയാണ് എന്ന തോന്നലും പൊതുവേയുണ്ടായി. കേരളത്തില്‍ യുഡിഎഫില്‍ നിന്ന് മറ്റൊരു ഹിന്ദു മുഖ്യമന്ത്രി (അല്ലെങ്കില്‍ ഒരു ഹിന്ദു മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെങ്കിലും) ഉണ്ടാവുന്നു എന്നതാണ് ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പുവരെ പലരും, ചുരുങ്ങിയത് ഐ ഗ്രുപ്പുകാരായ കോണ്‍ഗ്രസുകാരെങ്കിലും പറഞ്ഞുനടന്നത്. മുന്‍പ് താക്കോല്‍ സ്ഥാനത്തിനായി ചെന്നിത്തലക്ക് പിന്തുണ നല്കിയവര് അതില്‍ സന്തോഷവാന്മാരായിരുന്നു എന്നും കേട്ടിരുന്നു. എന്തായാലും അതൊക്കെ ഒരുരാത്രി കൊണ്ട് തട്ടിത്തെറിച്ചുപോയി. ഇനി എന്നെങ്കിലും ഒരു ഹിന്ദു മത വിശ്വാസിയായ മുഖ്യമന്ത്രിയെ പോട്ടെ ഒരു മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെയെങ്കിലും കോണ്‍ഗ്രസിന് പ്രദാനം ചെയ്യാനാവുമോ എന്നതാണ് ചോദ്യം. അതിന് എത്ര വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടതായി വരും?
ഹിന്ദുനാമധാരികളെങ്കിലും കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിമാര്‍ ഒരിക്കലും ഹിന്ദു വികാരം പരിഗണിച്ചിരുന്നില്ല എന്നത് ചരിത്രമാണ്. തളിക്ഷേത്രം മുതല്‍ മലപ്പുറം ജില്ലാ രൂപീകരണം തുടങ്ങി ശബരിമല വരെ അത് നമ്മെ ബോധ്യപ്പെടുത്തിയിട്ടുമുണ്ടല്ലോ. ഇവിടെ വേറൊന്ന് കൂടി ഓര്‍ക്കേണ്ടതുണ്ട്; കോണ്‍ഗ്രസും സിപിഎമ്മും മുസ്ലിം ലീഗും തമ്മിലെന്ത് ഭിന്നത? കേരളത്തില്‍ അവര്‍ തമ്മിലടിക്കുമ്പോള്‍ കളിയിക്കാവിളയും വാളയാറും കടന്നാല്‍ അവര്‍ ഒരു മുന്നണിയിലാണ്. ആസ്സാമിലും ബംഗാളിലും ആന്ധ്രയിലും മഹാരാഷ്ട്രയിലുമൊക്കെ അവര്‍ കൈകോര്‍ത്താണല്ലോ നീങ്ങുന്നത്.
കേരളത്തിലെ ഹിന്ദുക്കളായ കോണ്‍ഗ്രസുകാരുടെ പൊതു ദു:ഖമാണ് സൂചിപ്പിച്ചത്. അവര്‍ അക്ഷരാര്‍ഥത്തില്‍ നിരാലംബരായില്ലേ. അവര്‍ക്ക് ഇനി എന്താണ് ഈ പാര്‍ട്ടിയില്‍ ഭാവിയുള്ളത്? കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് എന്ന് പറഞ്ഞാല്‍ ആരാണ് എന്ന് പറയേണ്ടതില്ല. ബിഷപ്പുമാരും ഇസ്ലാമിക നേതാക്കളും മറ്റും പറയുന്നതല്ലേ അവര്‍ കേള്‍ക്കൂ. ഇത് കോണ്‍ഗ്രസുകാര്‍ തിരിച്ചറിയേണ്ടെ, പ്രത്യേകിച്ചും കോണ്‍ഗ്രസുകാരായ ഹിന്ദുക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: