പൊന്‍കുന്നം: സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം മയക്കുമരുന്ന് കേസില്‍ തൊട്ടുമുമ്പത്തെ വര്‍ഷത്തെ അപേക്ഷിച്ച് 45 ശതമാനത്തിന്റെ കുറവ്. സംസ്ഥാനത്ത് മയക്കുമരുന്ന് വ്യാപകമാകുമ്പോഴും കേസുകളുടെ എണ്ണത്തില്‍ കുറവുണ്ടായത് പരിശോധനകളുടെ കുറവുകൊണ്ടാണെന്നാണ് സൂചന.
2020 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത് 3667 മയക്കുമരുന്ന് കേസുകള്‍. 2019ല്‍ 7099 കേസുകളാണ് ഉണ്ടായിരുന്നത്. ഏറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ എന്‍ഡിപിഎസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 429 കേസുകള്‍. കാസര്‍കോട് ജില്ലയിലാണ് ഏറ്റവും കുറവ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. 72 കേസുകള്‍ മാത്രമാണ് ഇവിടെയുള്ളത്.
തിരുവനന്തപുരം-159, കൊല്ലം-303, പത്തനംതിട്ട-183, ആലപ്പുഴ-256, കോട്ടയം-317, ഇടുക്കി-285, തൃശ്ശൂര്‍-394, പാലക്കാട്-279, മലപ്പുറം-317, കോഴിക്കോട്-110, വയനാട്-233, കണ്ണൂര്‍-330 എന്നിങ്ങനെയാണ് മറ്റു ജില്ലകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം.
2016 മുതല്‍ 2020 ഡിസംബര്‍ വരെ സംസ്ഥാനത്ത് 27270 എന്‍ഡിപിഎസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 10235 കിലോഗ്രാം കഞ്ചാവ്, 7510 കഞ്ചാവ് ചെടി, 190.912 കി.ഗ്രാം ഹാഷിഷ് ഓയില്‍, 689.105 ഗ്രാം ഹെറോയിന്‍, 849.454 ഗ്രാം ബ്രൗണ്‍ ഷുഗര്‍, 32.049 കി. ഗ്രാം എംഡിഎംഎ, 14.33 കി.ഗ്രാം ചരസ്, 5.7 കിഗ്രാം ഓപ്പിയം, 90530 എണ്ണം ആംപ്യൂളുകള്‍ എന്നിവ വിവിധ കേസുകളിലായി പിടിച്ചെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: