കുണ്ടറ: ബിജെപി പ്രവര്‍ത്തകന്റെ ആത്മഹത്യ പോലീസ് രജിസ്റ്റര്‍ ചെയ്ത കള്ളക്കേസില്‍ മനംനൊന്തെന്ന് ബന്ധുക്കള്‍. ചെറുമൂട് കണ്ണമ്പലത്തില് വീട്ടില്‍ ഉദയകുമാറി(46) നെയാണ് ഇന്നലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. പൂര്വസൈനികനായ ഉദയകുമാറിന്റെ മരണത്തില്‍ സിപിഎമ്മിന്റെ പ്രാദേശികനേതാക്കള്‍ക്കും പങ്കുണ്ടെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു.
മൃതദേഹം കളക്ടര്‍ എത്താതെ പോസ്റ്റ്മോര്‍ട്ടത്തിന് വിട്ടുനല്‍കില്ലെന്ന് ആരോപിച്ച് ബിജെപി പ്രവര്‍ത്തകര്‍ സ്ഥലത്ത് പ്രതിഷേധിച്ചു. തുടര്‍ന്ന് മരണത്തില്‍ കേസ് എടുക്കുമെന്ന പോലീസ് ഉന്നത ഉദ്യോഗസ്ഥറുടെ ഉറപ്പില്‍ മൃതദേഹം വിട്ടുനല്‍കി. തദ്ദേശതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥലത്ത് സംഘര്‍ഷം ഉണ്ടായിരുന്നു. സിപിഎം നേതാവിന്റെ വീട്ടില്‍ ബോംബ് എറിഞ്ഞെന്ന് കാട്ടി കുണ്ടറ പോലീസ് ഉദയകുമാറിനെതിരെ കേസ് എടുത്തിരുന്നു. എന്നാല്‍ ഉദയകുമാര്‍ അതില്‍ പങ്കാളിയല്ലെന്നും അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നും നാട്ടുകാര്‍ പറയുന്നു.
അതേസമയം താന്‍ നിരപരാധിയാണെന്ന് കാണിച്ച് ഹൈക്കോടതിയില്‍ ഉദയകുമാര്‍ നല്കിയ ഹര്‍ജി പരിഗണിച്ചിരുന്നു. കേസില്‍ കൃത്യമായി അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. അതിനിടെ വീണ്ടും പോലീസ് ഉദയകുമാറിനെ തേടി വീട്ടില്‍ എത്തുകയായിരുന്നു. പ്രീതമോളാണ് മരിച്ച ഉദയകുമാറിന്റെ ഭാര്യ. ദേവു, ദേവര്ശി എന്നിവര്‍ മക്കളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: