കൊട്ടാരക്കര: ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്ത ദമ്പതികളെ അടിച്ചു വീഴ്ത്തി മാല കവര്‍ന്നതിന് പിന്നില്‍ യുവതിയുടെ മാതാവെന്ന് പോലീസ്. ഇവര്‍ ഏര്‍പ്പാട് ചെയ്ത ക്വട്ടേഷന്‍ സംഘമാണ് കവര്‍ച്ച നടത്തിയതെന്നും എഴുകോണ്‍ പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. സംഭവത്തില്‍ എഴുകോണ്‍ കാക്കകോട്ടൂരില്‍ വാടകയ്ക്ക് താമസിക്കുന്ന കേരളപുരം, കല്ലൂര്‍വിളയില്‍ നജി(48) യെ ഇന്നലെ പുലര്‍ച്ചയോടെ വര്‍ക്കലയില്‍ നിന്നും പോലീസ് പിടികൂടി.
കഴിഞ്ഞ ഡിസംബര്‍ 23 നായിരുന്നു കേസിനാസ്പദമായ സംഭവം. കൊട്ടാരക്കര പുലമണില്‍ വാടയ്ക്ക് താമസിക്കുന്ന നജിയുടെ മൂത്തമകള്‍ അഖിന(20)യും ഭര്‍ത്താവ് ജോബിനും(24) കാക്കക്കോട്ടൂരിലെ നജിയുടെ വീട്ടിലേക്ക് വരവേയാണ് ഇരുചക്ര വാഹനത്തിലെത്തിയ മൂന്നംഗ സംഘം ആക്രമിച്ച ശേഷം ഒന്‍പത് പവന് തൂക്കം വരുന്ന മാല പൊട്ടിച്ച് കടന്ന് കളഞ്ഞത്. കേസില്‍ ഈ മാസം ആറാം തീയതി അറസ്റ്റിലായ കൊല്ലം മങ്ങാട് ഷാര്‍ജാ മന്‍സിലില്‍ ഷെബിന്‍ഷാ(29), മങ്ങാട് വികാസ് ഭവനില്‍ വികാസ് (34), കരിക്കോട് മുതുരുവിള വീട്ടില്‍ കിരണ്‍ (31) എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ് മാതാവിന്റെ പങ്ക് പോലീസ് തിരിച്ചറിയുന്നത്.
മകളുടെ രണ്ടാം ഭര്‍ത്താവായ തൃശൂര്‍ സ്വദേശി ജോബിന് നജിയുടെ ചെലവിലാണ് കഴിഞ്ഞ് വന്നിരുന്നത്. ജോലിക്കു പോകാതെ ആഢംബര ജീവിതമാണ് മകളും മരുമകനും ചേര്‍ന്ന് നയിച്ച് വന്നതത്രേ. ജോലിക്ക് പോകാത്തതിന് വഴക്ക് പറഞ്ഞ നജിയെ ജോബിന് മര്‍ദ്ദിച്ചിരുന്നു. ഇതിലുള്ള വിരോധമാണ് മാലപറിക്കുന്നതിനും ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് ആക്രമണം നടത്തിച്ചതിനും കാരണമെന്ന് നജി പോലീസിനോട് പറഞ്ഞു.
സംഭവത്തിന് ശേഷം നജി ഇളയമകളുമൊത്ത് വീടുവിട്ടിറങ്ങി പലയിടങ്ങളിലായി താമസിക്കുകയായിരുന്നു. എഴുകോണ്‍ സിഐ ശിവപ്രസാദ്, എസ്ഐ ബാബുക്കുറുപ്പ്, എഎസ്ഐ ആഷിര്‍ കോഹൂര്‍, സൈബര്‍ സെല്‍ ഉദ്യോഗസ്ഥരായ വിബു, മഹേഷ് മോഹന്‍ എന്നിവരടങ്ങുന്ന സംഘമാണ് ഒളിവില്‍കഴിഞ്ഞ് വരികയായിരുന്ന നജിയെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: