തിരുവനന്തപുരം: കേന്ദ്ര ഭരണഘടനാ സ്ഥാപനത്തെ വിമര്‍ശിച്ചുകൊണ്ടുള്ള അസാധാരണ പ്രമേയം പാസാക്കുന്നതിനാണ് ഇന്ന് നിയമസഭ സാക്ഷ്യം വഹിച്ചത്.
കംപ്ട്രോളര്‍ ആന്റ് ആഡിറ്റര്‍ ജനറലിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കിഫ്ബിയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനാണ് ചട്ടം 118 അനുസരിച്ച് പ്രമേയം അവതരിപ്പിച്ചത്. കിഫ്ബിയുടെ വായ്പകള്‍ ഭരണഘടനാനുസൃതമല്ലന്നും, കിഫ്ബി പുറപ്പെടുവിച്ച മസാല ബോണ്ട് കേന്ദ്ര സര്‍ക്കാറിന്റെ അധികാരത്തിലുള്ള കടന്നുകയറ്റമാണെന്നുമുള്ള സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശം പിശകാണെന്ന് പ്രമേയം പറയുന്നു.
കിഫ്ബിയുടെ വിദേശ കടമെടുപ്പിനെ വിമര്‍ശിച്ച സിഎജി റിപ്പോര്‍ട്ടിനെതിരെയുള്ള മുഖ്യമന്ത്രിയുടെ പ്രമേയം ശബ്ദവോട്ടോടെ പാസാക്കി. ഇതാദ്യമായാണ് ഇത്തരമൊരു പ്രമേയം സഭയിലെത്തുന്നതും പാസാക്കുന്നതും.
സിഎജി റിപ്പോര്‍ട്ടുകള്‍ സംബന്ധിച്ച ആക്ഷേപങ്ങള്‍ സാധാരണ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയാണ് പരിഗണിക്കുന്നത്. കിഫ്ബി വിദേശത്തുനിന്നും കടമെടുത്തത് ഭരണഘടനാ ലംഘനമാണെന്നായിരുന്നു സിഎജി റിപ്പോര്‍ട്ടിലെ വിമര്‍ശനം.
ഭരണഘടനാ ചുമതല നിര്‍വഹിക്കുന്ന സ്ഥാപനങ്ങളെ അവഹേളിക്കുകയും ഭീഷണിപ്പെടുത്തുകയുമാണെന്ന് ഒ രാജഗോപാല്‍ പറഞ്ഞു. കിഫ്ബി സമാന്തര സാമ്പത്തിക സംവിധാനം പോലെയാണ് പ്രവര്‍ത്തിക്കുന്നത്. സിഎജി റിപ്പോര്‍ട്ടിനെതിരായ പ്രമേയം ഭരണഘടനാ തത്വങ്ങള്‍ക്കും ഫെഡറല്‍ സംവിധാനത്തിനും എതിരാണെന്നും രാജഗോപാല്‍ പറഞ്ഞു.
ഇത് അസാധാരണ നടപടിയാണെന്നും പ്രമേയം ഭരണഘടനക്ക് മേലുള്ള കടന്നു കയറ്റമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഇന്ത്യയുടെ ചരിത്രത്തില്‍ ഒരു നിയമസഭയോ ഒരു പാര്‍ലമെന്റോ ഇത്തരത്തില്‍ ഒരു പ്രമേയം ഇതുവരെ അവതരിപ്പിച്ചിട്ടില്ല. ഇത് ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്ന നടപടിയാണ്. അതിനാല്‍ ആണ് ഈ പ്രമേയത്തെ പ്രതിപക്ഷം എതിര്‍ക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി.
വിചിത്രമായ പ്രമേയമെന്ന് വി.ഡി. സതീശന് പ്രതികരിച്ചു. സിഎജി റിപ്പോര്‍ട്ടിലെ ചില ഖണ്ഡികകള്‍ നിരാകരിക്കണമെന്നു പറയാനുള്ള അവകാശം നിയമസഭയ്ക്കില്ല. സിഎജി റിപ്പോര്‍ട്ട് സഭയില്‍ വച്ചാല്‍ പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റിയിലേക്കാണ് പോകുന്നത്. കമ്മിറ്റി വകുപ്പുകള്‍ക്കു കത്തയ്ക്കും. സെക്രട്ടറിമാരെ ആവശ്യമെങ്കില്‍ വിളിച്ചുവരുത്തി തീര്‍പ്പു കല്‍പ്പിക്കും. കമ്മിറ്റിക്കുള്ള അധികാരം നിയമസഭയ്ക്കില്ലെന്നും വി.ഡി.സതീശന് പറഞ്ഞു. ഗവര്‍ണര്‍ ഒപ്പിട്ട് ധനമന്ത്രി സഭയില്‍ വെച്ച സിഎജി റിപ്പോര്‍ട്ട് ആണോ പ്രമേയത്തിലുടെ തള്ളിയ ഭാഗം ഒഴിവാക്കിയ റിപ്പോര്‍ട്ടാണോ പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റി പരിഗണിക്കേണ്ട് എന്ന ഭരണഘടനാ പരമായ ചോദ്യവും സതീശന് ഉന്നയിച്ചു.
അധികാരം ലംഘിച്ച് ഭരണഘടനാ ലംഘനത്തിന് കൂട്ടുനില്‍ക്കരുതെന്ന് കെ സി ജോസഫ് ആവശ്യപ്പെട്ടു. സിഎജിക്കെതിരെ പ്രമേയം അവതരിപ്പിച്ച ജിനം ജനാധിപത്യത്തിന്റെ കറുത്തദിനമാണെന്നും തെറ്റായ കീഴ് വഴക്കമാണെന്നും എം കെ മൂനീര്‍ പറഞ്ഞു. സിഎജി എന്നുകേട്ടാല്‍ സംഘപരിവാര്‍ ബന്ധം ആരോപിച്ച് കൈ കഴുകി രക്ഷപ്പെടാന്‍ ശ്രമിക്കേണ്ടന്നും മുനീര്‍ പറഞ്ഞു. ജനാധിപത്യ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നു കെ എന്‍ എ ഖാദര്‍ പറഞ്ഞു
എന്‍.ഐ.എയോ ഇ.ഡിയോ പോലെ ഒരു ഏജന്‍സിയെ പോലെയാണ് സിഎജിയെ പ്രതിപക്ഷം വിശേഷിപ്പിക്കുന്നതെന്നും ഒരു കുറ്റാന്വേഷകന്റെ ജോലിയല്ല സിഎജിക്കെന്നും പ്രമേയത്തെ പിന്തുണച്ചുകൊണ്ട് ജയിംസ് മാത്യു പറഞ്ഞു.
മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തെ എതിര്‍ത്തുകൊണ്ട് പ്രതിപക്ഷം നടത്തുന്ന പരാമര്‍ശങ്ങള്‍ വിചിത്രമായി തോന്നുന്നുവെന്ന് വീണാ ജോര്‍ജ് പറഞ്ഞു. സിഎജി എന്ന ഭരണഘടനാ സ്ഥാപനത്തെ ഉപയോഗിച്ച് രാഷ്ട്രീയ ഗൂഢലക്ഷ്യങ്ങള്‍ നടപ്പിലാക്കുന്ന ബിജെപിയുടെ തന്ത്രമാണെന്നും അവര്‍ ആരോപിച്ചു.
സംസ്ഥാന നിയമസഭയുടെ പരിധിയിലേക്ക് കടന്നുകയറിയത് സിഎജിയാണെന്ന് ഷംസീര്‍ പറഞ്ഞു. സിഎജി അതിക്രമിച്ച് കയറിയാല്‍ മിണ്ടാതെ ഇരിക്കണമെന്നാണോ. ഭരണഘടനാ സ്ഥാപനങ്ങളെ പൂര്‍ണമായും ദുര്‍വിനിയോയം ചെയ്യിച്ചതാരാണെന്ന ചരിത്രം പറയണോ എന്നും അദ്ദേഹം ചോദിച്ചു.
സിഎജിയെ ഉപയോഗിച്ച് കേന്ദ്രം രാഷ്ട്രീയം കളിക്കുകയാണെന്നുംആ രാഷ്ട്രീയ കളിക്ക് എന്തിനാണ് യുഡിഎഫ് കൂട്ടുനില്‍ക്കുന്നതെന്നും എ സ്വരാജ് ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: