കൊല്ലം: കൊല്ലത്ത് കോണ്‍ഗ്രസിന് തന്റേടമുള്ള നേതാക്കന്മാരില്ലെന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ജി മഞ്ജുക്കുട്ടന്റെ കുറിപ്പ് വൈറലാകുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഗണേഷ്കുമാര് എംഎല്‍എയുടെ പിഎ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ഗണേഷ് കുമാര്‍-കോണ്‍ഗ്രസ് പോര് കൊല്ലത്ത് കനക്കുന്നതുമായി ബന്ധപ്പെട്ടുള്ളതാണ് മഞ്ജുക്കുട്ടന്റെ കുറിപ്പ്.
ഗണേഷ് കുമാര്‍-കോണ്‍ഗ്രസ് പോരിന്റെ തുടര്‍ച്ചയെന്നോണം ആര്‍എസ്പിക്ക് സ്വാധീനമുളള ചവറയിലും ഗണേഷ് കുമാറിന്റെ വാഹനം ആക്രമിക്കപ്പെട്ടു. ഇതിന്റെ ഭാഗമായി ആറ് യൂത്ത് കോണ്‍ഗ്രസുകാരെ അറസ്റ്റ് ചെയ്ത് പൊലീസ് സ്റ്റേഷനിൽ കൊണ്ട് പോയിരുന്നു. എന്നാല്‍ നൂറോളം വരുന്ന ഡിവൈഎഫ് ഐ പ്രവർത്തകർ സ്റ്റേഷൻ വളയുകയും പോലിസ് നോക്കി നിൽക്കെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ധിക്കുകയും ചെയ്തു. ഇതറിഞ്ഞു പെട്ടെന്ന് തന്നെ മൂന്നുറോളം പാർട്ടി പ്രവർത്തകരുമായി ഷിബു ബേബി ജോൺ സംഭവ സ്ഥലത്ത് എത്തി ഡിവൈഎഫ്ഐ പ്രവർത്തകരെ അടിച്ചോടിക്കുകയായിരുന്നു.
ഇത് കണ്ടാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ജി മഞ്ജുക്കുട്ടന് ഇങ്ങിനെപ്രതികരിച്ചത് : ” മുണ്ട് മടക്കിക്കുത്തി ഇങ്ങനെ നിക്കാൻ ഞങ്ങൾക്ക് ഒര് നേതാവ് കൊല്ലത്ത് ഉണ്ടായിരുന്നു എങ്കിൽ?….” . കോണ്‍ഗ്രസില്‍ തന്റേടമുള്ള നേതാക്കന്മാരില്ലെന്ന വസ്തുത വ്യംഗമായി സൂചിപ്പിക്കുന്ന ഈ കുറിപ്പ് വൈറലായിരിക്കുകയാണ്.
എൽഡിഎഫിന്റെ കോട്ടയില്‍ വിള്ളലുണ്ടാക്കാന്‍ പറ്റിയ ഒരു നേതാവ് കോണ്‍ഗ്രസില്‍ ഇല്ല എന്നതായിരുന്നു മഞ്ജുക്കുട്ടന്റെ പരാതി. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ആശ്വാസമായത് കൊല്ലം എംപി സീറ്റും ചവറ നിയമസഭാ സീറ്റും മാത്രമാണ്. ഇപ്പോള്‍ കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ ഡിസിസിലെ നേതൃമാറ്റം പ്രവർത്തകർ ആവശ്യപ്പെടുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് മഞ്ജുക്കുട്ടന്റെ ഈ കുറിപ്പിന് വര്‍ധിച്ച പ്രതികരണം ലഭിക്കുന്നത്.
കരുത്തുളള ഒരു നേതാവ് കോൺഗ്രസിനെ നയിക്കാൻ കരുത്തുളള ഒരു നേതാവ് കൊല്ലത്തില്ലെന്നാണ് പ്രവർത്തകരുടെ പരാതി. ഈ കുറിപ്പിന് കോൺഗ്രസുകാരിൽ നിന്നടക്കം വലിയ പിന്തുണയാണ് ലഭിക്കുന്നത്. അതേ സമയം, ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ നേതൃത്വത്തിലെത്തിയ യുഡിഎഫ് നേതാക്കള്‍ സംഭവസ്ഥലത്തെത്തി അറസ്റ്റ് ചെയ്ത യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ കരുനാഗപ്പള്ളി സ്റ്റേഷനിലേക്ക് മാറ്റിയത് മൂലം അവിടെ വലിയൊരു സംഘർഷം ഒഴിവായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: