ഇന്ത്യന്‍ ജനത മുഴുവനും നിങ്ങളുടെ അഭിനന്ദനാര്‍ഹമായ നേട്ടത്തില്‍ ആഹ്ലാദിക്കുകയാണ്. ഇതൊരു പ്രതീകാത്മക നിമിഷമാണ്. എയര്‍ ഇന്ത്യ 176 വിമാനത്തിന്റെ കമാന്‍ഡിങ് ഓഫീസര്‍ എന്ന നിലയ്ക്ക് ഈ നിമിഷത്തെ എങ്ങനെ നോക്കിക്കാണുന്നു?
വളരെ സന്തോഷമുണ്ട്, അതിലേറെ അഭിമാനമുണ്ട്. ഓരോ പൈലറ്റിന്റെയും ആഗ്രഹമാണ് വെല്ലുവിളികള്‍ ഏറ്റെടുത്തുകൊണ്ടൊരു വിമാനയാത്ര. എനിക്ക് മുന്‍പ്, പലപ്പോഴായി നിരവധി സാഹചര്യങ്ങളില്‍ പല പൈലറ്റുമാരും സാഹസിക വിമാനയാത്രകള്‍ നടത്തിയിട്ടുമുണ്ട്. എന്നാല്‍ ഉത്തരധ്രുവത്തിന് മുകളിലൂടെ പറന്ന ആദ്യ വനിത കോക്ക്പിറ്റ് ക്രൂ ഞങ്ങളുടേതാണ്.
സാന്‍ഫ്രാന്‍സിസ്കോയില്‍ നിന്ന് ഞങ്ങള്‍ പുറപ്പെട്ട നിമിഷം മുതല്‍ ലോകം മുഴുവന്‍ ഉത്തരധ്രുവത്തിലേക്ക് നോക്കുകയായിരുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നു. ബെംഗളൂരുവില്‍ ഞങ്ങളുടെ വിമാനം വന്നിറങ്ങിയതിനു ശേഷമാണ് എത്ര ആകാംഷയോടെയാണ് എല്ലാവരും ഞങ്ങള്‍ക്കു വേണ്ടി കാത്തിരുന്നതെന്ന് മനസ്സിലായത്. ഏകദേശം മൂന്നു ദിവസമാണ് വിമാനം പറത്തുന്നതിനായി ഞാന്‍ തയ്യാറെടുത്തത്. ഉത്തരധ്രുവം പോലുള്ള കഠിന റൂട്ടുകളില്‍ സഞ്ചരിക്കാന്‍ ഞാനടക്കമുള്ള പൈലറ്റുമാര്‍ക്ക് ഒരു വര്‍ഷത്തോളം പരിശീലനം നേരത്തെ ലഭിച്ചിട്ടുണ്ട്.
വാക്കുകളിലൊതുക്കാനാവാത്തത്ര സന്തോഷമാണ് എനിക്കിപ്പോള്‍. ഞങ്ങള്‍ മുഴുവന്‍ വനിത പൈലറ്റുമാരും, കൂടാതെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ക്യാപ്റ്റന്‍ നിവേദിതയും ഇത്തരമൊരു ചരിത്രമുഹൂര്‍ത്തതിന് വഴിയൊരുക്കുമെന്ന് വിചാരിച്ചിരുന്നില്ല. ഏറ്റവും ദൈര്‍ഘ്യമുള്ള വ്യോമപാതയിലൂടെ സഞ്ചരിക്കുന്നു എന്നു മാത്രമേ ഞങ്ങള്‍ മനസ്സില്‍ കരുതിയിരുന്നുള്ളൂ. ജനങ്ങള്‍, അല്ല, രാജ്യം ഞങ്ങളെ ഇത്രയധികം ഉറ്റുനോക്കിയിരുന്ന നിമിഷമായിരുന്നു അതെന്ന് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല. വലിയ ഉത്തരവാദിത്തത്തിന്റെയും അഭിമാനത്തിന്റെയും വിഷയമാണ്. മാത്രമല്ല അത് ആവേശകരവുമായിരുന്നു. എങ്കിലും ഒരുപാട് ക്ഷമയും ശ്രദ്ധയും പുലര്‍ത്തിയാണ് ഈ യാത്ര ഞങ്ങള്‍ ആരംഭിച്ചത്. പലപ്പോഴായി ഉത്തരധ്രുവത്തിലെ കാലാവസ്ഥാ വ്യതിയാനം ഇതുവഴിയുള്ള യാത്രയെ ദുഷ്കരമാക്കാറുണ്ട്. എന്നാല്‍ ഇത്തവണ ദൈവവും ഞങ്ങള്‍ക്കൊപ്പമായിരുന്നു. ഇവിടുത്തെ കാലാവസ്ഥ അനുയോജ്യമായതും യാത്ര വിജയകരമായി പൂര്‍ത്തിയാക്കാന്‍ ഞങ്ങളെ സഹായിച്ചു. എയര്‍ ഇന്ത്യയുടെ മുഴുവന്‍ സീനിയര്‍ മാനേജ്മെന്റും, ഞങ്ങളുടെ സിഎംഡി, ഓപ്പറേഷന് ഡയറക്ടര്‍, ഭാരത സര്‍ക്കാര്‍ തുടങ്ങി എല്ലാവരും ഞങ്ങളുടെ യാത്രയെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. ശരിക്കും ഞാന്‍ ഇപ്പോള്‍ അതീവ സന്തുഷ്ടയാണ്.
നിങ്ങളുടെ യാത്ര വിജയകരമാക്കിയ ബോയിങ് 777-200 വിമാനത്തെക്കുറിച്ചെന്താണ് പറയാനുള്ളത്. ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ വ്യോമപാത കടന്ന പ്രായം കുറഞ്ഞ പൈലറ്റ് കൂടിയാണ് സോയ. എങ്ങനെയാണ് എയര്‍ ഇന്ത്യയിലേക്ക് വന്നത്?
ഒരു പൈലറ്റ് എന്ന നിലയ്ക്ക് എപ്പോഴും യാത്ര തുടങ്ങുന്നതിനു മുന്‍പ് നിങ്ങളെ വഹിക്കുന്ന ഈ മനോഹരമായ വിമാനം ബോയിങ് 777-200 എല്‍ആര്‍ ആണെന്ന് ഞാന്‍ യാത്രക്കാരെ അറിയിച്ചിരുന്നു. യാത്രക്കാരിലേക്ക് എനിക്ക് നേരിട്ട് എത്താന്‍ സാധ്യത കുറവാണ്. എല്ലായിപ്പോഴും ക്യാബിന് ക്രൂ ആണ് യാത്രക്കാരുമായി ബന്ധപ്പെടുന്നത്. അതിനാല്‍ ഇത്തരം അറിയിപ്പുകള് വഴി എനിക്ക് യാത്രക്കാരുമായി ഒരു അവ്യക്ത ബന്ധം സ്ഥാപിക്കാന്‍ സാധിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.
ദല്‍ഹിയിലെ വളരെ വ്യത്യസ്തമായൊരു കുടുംബപാശ്ചാത്തലത്തില്നിന്നുമാണ് ഞാന്‍ വരുന്നത്. സ്ത്രീകള്‍ എല്ലായിപ്പോഴും പുരുഷന്മാരുടെ നിഴലില്‍ തുടരുമെന്ന് പ്രതീക്ഷിച്ചിരുന്ന ഒരു പശ്ചാത്തലത്തില്‍ നിന്ന് പുറത്തേക്കെത്താന്‍ ഞാന്‍ മാനസ്സികമായി ബുദ്ധിമുട്ടിയിട്ടുണ്ട്. എന്റെ വളരെ ചെറിയ പ്രായം തൊട്ട് രാത്രികളില്‍ ഞാന്‍ വീടിന്റെ ടെറസില്‍ ഇരിക്കുമ്പോള്‍ വിമാനങ്ങള്‍ പോകുന്നത് ശ്രദ്ധിക്കാറുണ്ടായിരുന്നു. രാത്രികാലങ്ങളില്‍ അവ ഒരു പക്ഷിയെപ്പോലെ സഞ്ചരിക്കുന്നതായാണ് എനിക്ക് തോന്നിയിട്ടുള്ളത്. എനിക്കും അതുപോലെ പറക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു.
എന്നാല്‍ ഒറ്റമകള്‍ ആയതിനാല്‍ എന്റെ ആഗ്രഹങ്ങളിലേക്ക് ഉയരാന്‍ എനിക്ക് ഒരുപാട് ധൈര്യം ആവശ്യമായിരുന്നു. എന്നെയും ഒരു ബിരുദം എടുപ്പിച്ചു വിവാഹം ചെയ്തുവിടാനായിരുന്നു എല്ലാവരുടെയും തീരുമാനം. എന്നാല്‍ എന്റെ ആഗ്രഹം തിരിച്ചറിഞ്ഞ അമ്മ എപ്പോഴും എനിക്ക് പിന്തുണ നല്കി. പിന്നെ ഞാന്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ ചേര്‍ന്നു. എന്നാല്‍ ഇവിടെ വച്ചും പൈലറ്റ് ആകണമെന്ന ആഗ്രഹം ഞാന്‍ മറന്നില്ല. അതിനായി പരിശ്രമിക്കുകയായിരുന്നു. ഒടുവില്‍ എന്റെ പ്രയത്നം കണ്ട് വീട്ടുകാര്‍ എന്നെ ഏവിയേഷന്‍ കോഴ്സിന് ചേര്‍ക്കുകയായിരുന്നു. പിന്നീട് കഠിന പരിശ്രമത്തിലൂടെയാണ് ഞാന്‍ എയര്‍ ഇന്ത്യയില്‍ എത്തുന്നത്. ഇപ്പോള്‍ അന്താരാഷ്ട്ര വിമാനങ്ങളാണ് ഞാന്‍ കൈകാര്യം ചെയ്യുന്നത്. എന്റെ സ്വപ്നങ്ങളിലെ രാത്രികാല പക്ഷിയാണ് ഞാനിപ്പോള്‍. കാരണം രാത്രിയാണ് എനിക്ക് വിമാന ഡ്യൂട്ടി ഉണ്ടാകാറുള്ളത്.
എയര്‍ ഇന്ത്യയിലെ അനുഭവം വ്യക്തമാക്കാമോ?
ഞാന്‍ ആദ്യമായി എയര്‍ ഇന്ത്യയില്‍ ചേര്‍ന്നപ്പോള്‍ അവിടെ വളരെ കുറച്ച് വനിതാ പൈലറ്റുമാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. അവരില്‍ ഏറ്റവും പ്രായം കുറഞ്ഞയാള്‍ ഞാനായിരുന്നു. അതിനാല്‍ എല്ലാവരുടെയും അനുജത്തിയാകാന് എനിക്ക് എളുപ്പം സാധിച്ചു. എനിക്ക് തോന്നുന്നത് മറ്റേതൊരു വിമാന കമ്പനിയെക്കാളും എയര്‍ ഇന്ത്യയില്‍ സ്ത്രീ-പുരുഷ തുല്യതയ്ക്ക് പ്രാധാന്യം നല്‍കുന്നുണ്ടെന്നാണ്. കാരണം ഇവിടെ പുരുഷ പൈലറ്റുമാര്‍ക്ക് ഒപ്പംതന്നെ സ്ത്രീകളെയും പരിഗണിക്കപ്പെടുന്നുണ്ട്. ഇവിടെ വച്ച് ഏകദേശം പത്ത് വര്‍ഷത്തെ അനുഭവം നേടിയെടുത്തതിന് ശേഷമാണ് ഇപ്പോള്‍ ഉത്തരധ്രുവത്തിലൂടെയുള്ള വ്യോമപാത ഞാന്‍, അല്ല, ഞങ്ങള്‍ കീഴടക്കിയിരിക്കുന്നത്. തീര്‍ച്ചയായും ബോയിങ് 777 വിമാനത്തിന്റെ കമാന്‍ഡിങ് ഓഫീസറാകാന്‍ സാധിച്ചതില്‍ എനിക്ക് അത്രയേറെ അഭിമാനമുണ്ട്. എയര്‍ ഇന്ത്യയുടെ മുഴുവന്‍ ജീവനക്കാരുടെയും പിന്തുണയും ഒപ്പമുണ്ടായിരുന്നു. 2021 എന്ന പുതിയ വര്‍ഷത്തില്‍ ഇന്ത്യയ്ക്കുവേണ്ടി ഇത്തരമൊരു നേട്ടം കൈവരിക്കാന്‍ സാധിച്ചതില്‍ അഹങ്കരിക്കുക തന്നെയാണ്.
ഇതാദ്യമായല്ല സോയ എന്ന പൈലറ്റ് ശ്രദ്ധ നേടുന്നത്. നേരത്തെയും രാജ്യത്തിന്റെ കയ്യടി താങ്കള്‍ നേടിയെടുത്തിട്ടുണ്ട്. ആ അനുഭവം പങ്കു വെയ്ക്കാമോ?
ശരിയാണ്. 2013ല്‍ ഞാന്‍ ബോയിങ്- 777 ല്‍ ക്യാപ്റ്റനായിരുന്നു. അന്ന് ഈ വിമാനം പറത്തിയ ഏറ്റവും പ്രായം കുറഞ്ഞ വനിതാ പൈലറ്റായിരുന്നു ഞാന്‍. 2015ലാണ് ആദ്യമായി പത്രത്തലക്കെട്ടുകളില്‍ എന്റെ പേര് നിറഞ്ഞുനില്ക്കുന്നത്. അതിനു മുന്‍പ് ഇത്രയധികം ശ്രദ്ധ എനിക്ക് കിട്ടിയിരുന്നില്ല. ആ വര്‍ഷത്തെ ഒരു യാത്രയ്ക്കിടയില്‍ ഒരു വ്യക്തിയുടെ ജീവന് രക്ഷിക്കാന്‍ എനിക്ക് സാധിച്ചിരുന്നു. 327 യാത്രക്കാരുണ്ടായിരുന്ന വിമാനം പറന്നുയര്‍ന്ന് രണ്ട് മണിക്കൂറിലധികം സഞ്ചരിച്ചതിനു ശേഷം വ്യോമപാതയില്‍ വെച്ചാണ് യാത്രക്കാരില്‍ ഒരാള്‍ ശാരീരിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചത്. യാത്രക്കാരന് അടിയന്തിര വൈദ്യസഹായം ആവശ്യമുണ്ടെന്ന് മനസിലാക്കിയതോടെ യാത്രയുടെ പകുതിക്ക് വച്ച് ഞാന്‍ വിമാനത്തെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചെത്തിക്കുകയും, ആ വ്യക്തിക്ക് മെഡിക്കല്‍ സഹായം ലഭ്യമാക്കുകയും ചെയ്തു. അന്ന് ഇക്കാര്യം വാര്‍ത്തയായിരുന്നു. കൊറോണ സമയത്ത് 12 രാജ്യങ്ങളില്‍ കുടുങ്ങിയിരുന്ന 14,800 ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ വന്ദേ ഭാരത് മിഷനിന്റെ ഭാഗമാകാനും എനിക്ക് സാധിച്ചിട്ടുണ്ട്.
വരാനിരിക്കുന്ന വനിതാ പൈലറ്റുമാരോട് എന്താണ് പറയാനുള്ളത്? അവര്‍ക്കൊരു സന്ദേശം നല്‍കാമോ?
കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരുപക്ഷേ അര പതിറ്റാണ്ടു വരെ, ലോകത്തിലെ പ്രധാന വിമാനക്കമ്പനികള്‍ സ്ത്രീകളെ അവരുടെ പൈലറ്റുമാരായി പോലും സ്വീകരിച്ചിരുന്നില്ല. കാരണം സ്ത്രീകളെ പൈലറ്റുമാരായി നിയമിക്കുന്നതില്‍ അവര്‍ക്ക് ധാരാളം സാമ്പത്തിക ചെലവുകള്‍ വഹിക്കേണ്ടി വന്നിരുന്നു. ഒരു കമ്പനിയുടെ ഭാഗത്തു നിന്ന് ചിന്തിച്ചാല്‍ ഇക്കാര്യം തെറ്റാണെന്ന് പറയാന്‍ സാധിക്കില്ല. എന്നാല്‍ ഇവിടെ വിവേചനമാണ് വളരുന്നത്. ശരിക്കും ഒരു വ്യക്തി സ്വയം മനസ്സിലാകുന്നിടത്താണ് അയാള്‍ അയാളായി മാറുന്നത്. എന്റെ അനുഭവമാണിത്. ഒരുപക്ഷേ എന്റെ ആഗ്രഹങ്ങളെ ഞാന്‍ വഴിയിലുപേക്ഷിച്ച് കടന്നുകളഞ്ഞിരുന്നെങ്കില്, ഇന്ന് ക്യാപ്റ്റന്‍ സോയ അഗര്‍വാളിനു പകരം ഞാന്‍ വെറും സോയ മാത്രമായിരുന്നേനെ.
പ്രതിസന്ധികളെ മറികടക്കുന്നതാണ് ജീവിതം. ചിലപ്പോള്‍ പഠിച്ച് ഏതെങ്കിലും വിമാനകമ്പനിയുമായി കരാര്‍ ഉറപ്പിച്ചതിനു ശേഷം അവിടെ നിന്നും ദുരനുഭവങ്ങള്‍ നേരിടാം. സാഹചര്യത്തെ മനസ്സിലാക്കി പ്രതികരിക്കാന്‍ പഠിക്കുകയും വേണം. പുരുഷമേധാവിത്വം എന്ന പുകമറ പലയിടത്തും ഇപ്പോഴും ഉണ്ട്. പുരോഗമനം വാക്കുകളില്‍ മാത്രം ഒതുങ്ങുന്ന ചിലയിടങ്ങളുമുണ്ട്. പെണ്‍കുട്ടികള്‍ ഇത്തരം ചില്ലുവാതിലുകള്‍ തകര്‍ക്കുകയാണ് വേണ്ടത്. എനിക്ക് എല്ലാവരോടുമായി പറയാനുള്ള സന്ദേശം ഇതാണ്: ”ഒരിക്കലും നിങ്ങള്‍ സ്വപ്നം കാണുന്നത് നിര്‍ത്തരുത്. സ്വയം വിശ്വസിക്കുക, കാരണം എല്ലാ മഹത്തായ യാഥാര്‍ത്ഥ്യങ്ങളും ഒരു വലിയ സ്വപ്നത്തോടെയാണ് ആരംഭിക്കുന്നത്. എല്ലാ മഹത്തായ സ്വപ്നങ്ങളും ഒരു വലിയ സ്വപ്നക്കാരനില് നിന്നാണ് ആരംഭിക്കുന്നതെന്നും ആ സ്വപ്നക്കാരനാണ് നിങ്ങളെന്നും ഓര്‍ക്കുക. അതിനാല്‍ തന്നെ സ്വപനം കാണണം, എങ്കിലേ മുന്പോട്ട് സഞ്ചരിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുകയുള്ളൂ.”
എയര്‍ ഇന്ത്യ ഇതാദ്യമായല്ല വനിത പൈലറ്റുമാരെ മാത്രം ഉപയോഗിച്ച് വിമാന സര്‍വീസ് നടത്തുന്നത്. 2019ലെ വനിത ദിനമായ മാര്‍ച്ച് എട്ടിന് 12 അന്തര്‍ദ്ദേശീയവും 40 ലേറെ ആഭ്യന്തര വിമാന സര്‍വീസുകളും നടത്തിയിരുന്നു. വനിതാ ക്രൂ മാത്രമുള്ള വിമാനസര്വീസുകളായിരുന്നു ഇവ. 62 വനിതാ പൈലറ്റുമാരും 181 വനിതാ ക്യാബിന് ക്രൂ അംഗങ്ങളെയുമായിരുന്നു ഇതിനായി എയര്‍ ഇന്ത്യ ചുമതലപ്പെടുത്തിയിരുന്നത്. സമാനമായി ചരിത്രം കീഴടക്കന്‍ വീണ്ടും വനിതകളെതന്നെ എയര്‍ ഇന്ത്യ ചുമതലപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: