കാസര്‍കോട്: ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റ് പ്രസംഗത്തിന്റെ പുസ്തക പുറംചട്ടയിലുള്ളത് ഇരിയണ്ണിയിലെ വി. ജീവന് എന്ന കൊച്ചുമിടുക്കന് വരച്ച ചിത്രം. ജെന്‍ഡര്‍ ബജറ്റിന്റെ ചിത്രവും ഈ മിടുക്കന്റേതു തന്നെ. ഇരിയണ്ണി എല്‍.പി സ്കൂള്‍ ഒന്നാം ക്ലാസുകാരനാണ് ഈ കൊച്ചു മിടുക്കന്.
ജീവന്റെ വരകള്‍ എന്ന ഫേസ്ബുക്ക് പേജിലൂടെ ജീവന് ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യാറുണ്ട്. ചിത്രങ്ങള്‍ ശ്രദ്ധയില്‍പെട്ട കവര്‍ ഡിസൈനര്‍ റിട്ട. പ്രൊഫസര്‍ ഗോഡ്ഫ്രെദാസാണ് മുഖചിത്രത്തിനായി ഈ കൊച്ചുമിടുക്കന്റെ ചിത്രം തെരഞ്ഞെടുത്തത്. സംസ്ഥാന ബജറ്റിന്റെ പുറംചട്ടയില്‍ തന്നെ ചിത്രം അച്ചടിച്ചു വന്ന സന്തോഷത്തിലാണ് ജീവന്.
മൂന്ന് വയസ്സു മുതല്‍ ചിത്രങ്ങള്‍ വരച്ചു തുടങ്ങിയെങ്കിലും നാലാം വയസ്സുമുതലാണ് വരച്ച ചിത്രങ്ങള്‍ സൂക്ഷിക്കാന്‍ തുടങ്ങിയതെന്ന് ജീവന്റെ പിതാവും അധ്യാപകനുമായ സരീഷ് വടക്കിനിയില്‍ പറഞ്ഞു. ഇരിയണ്ണി സ്കൂളിലെ അധ്യാപകരായ സരീഷ് വടക്കിനിയില്‍, റോഷിനി കെ വി ദമ്പതികളുടെ മകനാണ് ജീവന്. പയ്യന്നൂര്‍ കുഞ്ഞിമംഗലം സ്വദേശികളായ സരീഷും കുടുംബവും നാല് വര്‍ഷമായി ഇരിയണ്ണിയിലാണ് താമസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: