തൊടുപുഴ: കലുങ്കിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന കാഞ്ഞിരമറ്റം ജങ്ഷനില്‍ ഗതാഗത കുരുക്ക് രൂക്ഷമാകുന്നു. തിങ്കളാഴ്ച രാത്രിയിലാണ് ഇവിടെ ഒരു വശം ജെസിബി എത്തിച്ച് പൊളിച്ചത്. കലുങ്കടഞ്ഞ് വെള്ളക്കെട്ടായതോടെയായിരുന്നു നടപടി. എംഎല്‍എ ഫണ്ടില്‍ നിന്നടക്കം പണം അനുവദിച്ചാണ് ഇവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൊതുമാരാമത്ത് വകുപ്പ് ആരംഭിച്ചത്.
എന്നാല്‍ സ്ഥലത്ത് ഇന്നലെ അനുഭവപ്പെട്ടത് വലിയ ഗതാഗത കുരിക്ക്. ബസ് ഡ്രൈവര്‍മാരും ഓട്ടോറിക്ഷ ഡ്രൈവര്‍മാരും രംഗത്തിറങ്ങിയാണ് പലപ്പോഴും കുരുക്കഴിച്ചത്. പോലീസ് ഉദ്യോഗസ്ഥര്‍ ഇതുവഴി കടന്ന് പോയെങ്കിലും ഇതൊന്നും കണ്ട ഭാവം വെച്ചതുമില്ലെന്ന് സമീപത്തെ വ്യപാരികളും പറയുന്നു.
അതേ സമയം ഇന്ന് മുതല്‍ ആവശ്യമായ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് തൊടുപുഴ പ്രിന്‍സിപ്പല്‍ എസ്ഐ ബൈജു പി. ബാബു അറിയിച്ചു.
നിര്‍മ്മാണം ആരംഭിക്കുന്നത് സംബന്ധിച്ച് നേരത്തെ തന്നെ കത്ത് നല്‍കിയതായും ആവശ്യമായ സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ടതായും പൊതുമരാമത്ത് നിരത്ത് വിഭാഗം അസി. എക്സി. എഞ്ചിനീയര്‍ ശൈലേന്ദ്രനും വ്യക്തമാക്കി. മാര്‍ക്കറ്റ് റോഡ്, തൊടുപുഴ- ഉടുമ്പന്നൂര്‍ റോഡ്, കുട്ടപ്പാസ് റോഡ് എന്നിവ സംയോജിക്കുന്ന സ്ഥലം കൂടിയാണിവിടം. ഇതിനാല്‍ തന്നെ ബസുകളടക്കം നിരവധി വാഹനങ്ങളാണ് ഇവിടെ എത്തുന്നത്. 8 ലക്ഷം രൂപ മുതല്‍ മുടക്കില്‍ വലിപ്പമുള്ള കലുങ്കാണ് ഇവിടെ നിര്‍മ്മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: