അഞ്ചല്‍: വേനല്‍ക്കാല ആരംഭത്തില്‍ പ്രതീക്ഷിക്കാതെ എത്തിയ വേനല്‍മഴയില്‍ ആശങ്കയിലാണ് ജില്ലയിലെ കാര്‍ഷിക സമൂഹം. ഒരാഴ്ചയായി ജില്ലയിലെ മിക്കപ്രദേശങ്ങളിലും മഴ രൂക്ഷമാണ്. കോവിഡ് പ്രതിസന്ധിയില്‍ ചലനമറ്റ നിര്‍മ്മാണമേഖല പുതുജീവന്‍ വച്ചുവരുന്നതിനിടയിലാണ് മഴ വില്ലനായെത്തിയത്. കുരിയോട്, ഏറം ഭാഗങ്ങളില്‍ കൂട്ടു നെല്‍ക്കൃഷി ചെയ്ത കര്‍ഷകര്‍ക്ക് കൊയ്ത്ത് സമയത്ത് പെയ്ത മഴ ഏറെ ബുദ്ധിമുട്ടായി. കൊയ്യാന്‍ പ്രായമായ നെല്‍ക്കതിരുകള്‍ വെള്ളത്തിലാണ്.
ഉച്ചയ്ക്ക് ശേഷവും രാത്രിയിലുമുള്ള മഴ റബ്ബര്‍ കര്‍ഷകരേയും ഏറെ ബാധിച്ചിട്ടുണ്ട്. റബ്ബര്‍ ടാപ്പിംഗ് മുടങ്ങിയതോടെ പ്രതിസന്ധിയിലാണ് റബ്ബര്‍ കര്‍ഷകരും. വേനലില്‍ ടാപ്പിംഗ് നിര്‍ത്തുന്നതിന് മുന്‍പുള്ള സമയമായതിനാല്‍ തുടരെ ടാപ്പിംഗ് നടക്കുന്ന സമയമാണിത്. തുടര്‍ച്ചയായ മഴ മൂലം റബ്ബര്‍ ഇലകള്‍ പഴുത്ത് അടരുന്നതിനാല്‍ റബ്ബര്‍ പാലും കുറവാണ്.
മാവ്, പ്ലാവ്, കശുമാവ് എന്നിവ പൂവിടുന്ന സമയമാണിത്. എന്നാല്‍ കനത്ത മഴയില്‍ മാവ്, കശുമാവ് പൂവുകള്‍ കൊഴിയുകയും പ്ലാവില്‍ വേനലില്‍ മുളപൊട്ടുന്ന കളകള്‍ അടര്‍ന്നു പോവുകയുമാണ്. നാമമാത്രമായി ഇവ കൃഷിചെയ്യുന്നവരുടെ ആശ്രയവും ഇല്ലാതാവുകയാണ്. കുരുമുളക് വിളവെടുപ്പ് കാലമാണ്. പാകമാകാത്ത കുരുമുളക് മഴമൂലം ഞെട്ടറ്റ് വീഴുകയാണ്.
വയലുകളിലും ചതുപ്പുകളിലും മരച്ചീനി കൃഷിചെയ്യുന്ന കര്‍ഷകരേയും മഴ ഏറെ ബാധിച്ചിട്ടുണ്ട്. മഴയില്‍ വയലുകളില്‍ വെള്ളം ഉയര്‍ന്നത് മൂലം കിഴങ്ങുവര്‍ഗ്ഗങ്ങള്‍ വെള്ളത്തിനടിയിലായി നശിക്കുന്നു. വേനല്‍ക്കാലത്ത് കര്‍ഷകര്‍ക്ക് ആശ്വാസമാകുന്ന വിളകള്‍ നശിക്കുന്നതോടെ ഭക്ഷ്യപ്രതിസന്ധി രൂക്ഷമാകും.
കേന്ദ്ര സര്‍ക്കാരിന്റെ വിള ഇന്‍ഷ്വറന്‍സ് പോലുള്ള പദ്ധതികള്‍ കാര്യക്ഷമമായി നടപ്പിലാക്കത്തത് മൂലം കൃഷി നശിക്കുന്ന കര്‍ഷകര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കാനും ഇടയില്ല. കാലം തെറ്റിയുള്ള തോരാമഴയില്‍ പകച്ച് നില്‍ക്കുകയാണ് കിഴക്കന്‍ മേഖലയിലെ കര്‍ഷകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: