കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ദല്‍ഹിയുടെ അതിര്‍ത്തികളില്‍ സമരം ചെയ്യുന്നവരുടെ തനിനിറം സുപ്രീം കോടതി വിധിയോടെ പുറത്തായിരിക്കുകയാണ്. മൂന്ന് കാര്‍ഷിക നിയമങ്ങള്‍ ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ സ്റ്റേ ചെയ്ത സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച്, പ്രശ്നത്തെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നാലംഗ വിദഗ്ദ്ധ സമിതിക്ക് രൂപം നല്കിയിരിക്കുന്നു. എന്നാല്‍ ഈ സമിതിയോട് സഹകരിക്കില്ലെന്ന് കര്‍ഷക യൂണിയന് പ്രഖ്യാപിച്ചതോടെ അവരുടെ ലക്ഷ്യം പ്രശ്നപരിഹാരമല്ലെന്ന് ഒരിക്കല്‍കൂടി തെളിയുകയാണ്. സമരവുമായി മുന്നോട്ടു പോകുമെന്നു മാത്രമല്ല, റിപ്പബ്ലിക് ദിനമായ ഈ മാസം ഇരുപത്തിയാറിന് ദല്‍ഹിയില്‍ ട്രാക്ടര്‍ സമരം നടത്തുമെന്ന ഭീഷണിയും അവര്‍ ആവര്‍ത്തിച്ചിരിക്കുന്നു. സമരവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ കഴിഞ്ഞ ദിവസം പരിഗണിച്ചപ്പോള്‍ ട്രാക്ടര്‍ സമരം നടത്താന്‍ തങ്ങള്‍ക്ക് ഉദ്ദേശ്യമില്ലെന്നാണ് കര്‍ഷക യൂണിയന് നേതാക്കള്‍ കോടതിയില്‍ പറഞ്ഞത്. പരമോന്നത നീതിപീഠത്തെപ്പോലും തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് ഇതെന്ന് പറയേണ്ടതില്ലല്ലോ. ജനാധിപത്യത്തില്‍ സമരം ചെയ്യാനുള്ള അവകാശം ആര്‍ക്കുമുണ്ട്. പക്ഷേ അസാധ്യമായ ആവശ്യങ്ങള്‍ ഉന്നയിച്ച് അത് നേടിയെടുക്കാനെന്ന പേരില്‍ ഭരണ സംവിധാനത്തെയും കോടതിയെപ്പോലും സമ്മര്‍ദ്ദത്തിലാക്കുന്നത് ഒരു സര്‍ക്കാരിനും അംഗീകരിക്കാനാവില്ല.
രാജ്യത്തിന് മുഴുവന്‍ ബാധകമായതും, ബഹുഭൂരിപക്ഷം കര്‍ഷകര്‍ക്കും ഗുണം ലഭിക്കുന്നതുമായ നിയമം സ്ഥാപിത താല്‍പ്പര്യക്കാരായ ഏതെങ്കിലുമൊരു വിഭാഗത്തിന്റെ സമ്മര്‍ദ്ദത്തിനും ഭീഷണികള്‍ക്കും കീഴടങ്ങി റദ്ദാക്കാനാവില്ല. ഇങ്ങനെ സംഭവിച്ചാല്‍ അത് നിയമനിര്‍മാണം തന്നെ അസാധ്യമാക്കുന്ന സ്ഥിതിവിശേഷത്തിലേക്ക് നയിക്കും. ഇക്കാര്യം കര്‍ഷക സമരവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിച്ച സുപ്രീം കോടതിക്കും ബോധ്യമുണ്ട്. വ്യക്തമായ ചിത്രം ലഭിക്കാനാണ് സമിതി രൂപീകരിച്ചിട്ടുള്ളതെന്നും, കര്‍ഷകര്‍ സഹകരിക്കില്ലെന്ന വാദം കേള്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞത് ഇതിനാലാണ്. പ്രശ്നം പരിഹരിക്കാനാണ് തങ്ങള്‍ നോക്കുന്നതെന്നും, എന്നിട്ടും സമരം ചെയ്യാനാണ് നിങ്ങളുടെ ഭാവമെങ്കില്‍ അങ്ങനെയാവാമെന്നും കോടതി പറഞ്ഞതില്‍ ഒരു മുന്നറിയിപ്പുണ്ട്. പ്രശ്ന പരിഹാരത്തിന് സര്‍ക്കാര്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചു. എട്ട് പ്രാവശ്യം സമര നേതാക്കളുമായി ചര്‍ച്ച നടത്തിയതുതന്നെ അതിന് തെളിവാണല്ലോ. അപ്പോഴൊക്കെ ഏകപക്ഷീയമായ നിലപാടുകളെടുത്ത് സംഭാഷണം അട്ടിമറിക്കുകയാണ് കര്‍ഷക യൂണിയന് നേതാക്കള്‍ ചെയ്തത്. സര്‍ക്കാരിനോട് കാണിച്ച ഈ നിഷേധാത്മക സമീപനമാണ് ഇക്കൂട്ടര്‍ ഇപ്പോള്‍ കോടതിയോടും സ്വീകരിക്കുന്നത്. രാഷ്ട്രീയവും ജുഡീഷ്യറിയും തമ്മില്‍ വ്യത്യാസമുണ്ട്. നിങ്ങള്‍ സഹകരിച്ചേ തീരൂ എന്ന കോടതിയുടെ വാക്കുകള്‍ കേള്‍ക്കാന്‍ കൂട്ടാക്കാതിരിക്കുന്നത് ഇതുകൊണ്ടാണ്. രണ്ടാം ദിവസം സമരക്കാരുടെ അഭിഭാഷകര്‍ ഹാജരാവാതിരുന്നത് പരമോന്നത നീതിപീഠത്തോടുള്ള അനാദരവാണ്. ഇവരിലൊരാള്‍ കോടതിയലക്ഷ്യത്തിന് ശിക്ഷിക്കപ്പെട്ട പ്രശാന്ത് ഭൂഷനാണെന്ന കാര്യം പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്.
പൗരത്വ നിയമ ഭേദഗതിക്കെതിരെ ദല്‍ഹിയില്‍ നടന്ന ഷഹീന്‍ബാഗ് സമരത്തിന്റെ ആവര്‍ത്തനമാണ് കര്‍ഷകരുടെ പേരുപറഞ്ഞുള്ള സമരവുമെന്ന സംശയം ഇപ്പോള്‍ ബലപ്പെട്ടിരിക്കുകയാണ്. ഒരു നിരോധിത സംഘടന സമരത്തെ സഹായിക്കുന്നതായി പറയുന്ന പരാതി തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും, ഇത് അംഗീകരിക്കുന്നുണ്ടോയെന്നും ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ തന്നെ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാലിനോട് ചോദിക്കുകയുണ്ടായി. ഖാലിസ്ഥാന്‍ വിഘടനവാദികള്‍ സമരത്തില്‍ നുഴഞ്ഞുകയറിയിട്ടുള്ളതായി തങ്ങള്‍ നേരത്തെ പറഞ്ഞിട്ടുള്ളതാണെന്നായിരുന്നു അറ്റോര്‍ണി ജനറലിന്റെ മറുപടി. ഇതുസംബന്ധിച്ച സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. ക്രമസമാധാന പ്രശ്നത്തിന് ഇടയാക്കുന്നവിധം ട്രാക്ടര്‍ സമരം അനുവദിക്കണമോയെന്ന കാര്യം സര്‍ക്കാരിന് തീരുമാനിക്കാമെന്നും, നിങ്ങളുടെ പക്കല്‍ പോലീസ് സേനയുണ്ടല്ലോയെന്നും കോടതി പറയുകയുണ്ടായി. ഷഹീന്‍ബാഗ് സമരക്കാരുടെ ലക്ഷ്യം കഴിഞ്ഞ റിപ്പബ്ലിക് ദിനാഘോഷം അലങ്കോലപ്പെടുത്തുകയെന്നതായിരുന്നു. ഇപ്പോഴത്തെ റിപ്പബ്ലിക് ദിനാഘോഷം അലങ്കോലപ്പെടുത്തുകയെന്നത് കര്‍ഷക സമരക്കാരുടെ ലക്ഷ്യങ്ങളിലൊന്നാണ്. ചുരുക്കത്തില്‍ രാഷ്ട്രീയപ്രേരിതമാണ് ഇപ്പോഴത്തെ സമരമെന്നും, കര്‍ഷകരെ അതിന് മറയാക്കുകയാണെന്നും വ്യക്തം. എങ്ങനെയെങ്കിലും ഒരു കലാപം ക്ഷണിച്ചുവരുത്താനുള്ള ഗൂഢനീക്കമാണോ നടക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: