തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ വീണ്ടും ബന്ധുനിയമന വിവാദം. ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശിയുടെ മകന് രാഖിലിന് കിന്‍ഫ്രയില്‍ നിയമനം നല്‍കിയത് നിയമ വിരുദ്ധമാണെന്ന് ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്.
പി.കെ. ശശിയുടെ മകന് രാഖിലിനെ കിന്‍ഫ്രയില്‍ ജൂനിയന്‍ മാനേജര്‍ കോ- ഓര്‍ഡിനേഷന്‍ തസ്തികയില്‍ നിയമിച്ചത് നിയമ വിരുദ്ധമാണ്. പദവിക്ക് വേണ്ട പ്രവര്‍ത്തി പരിചയം അദ്ദേഹത്തിന് ഇല്ലെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. ഇത് കൂടാതെ അസിസ്റ്റ്ന്റ് മാനേജര്‍ (കോ-ഓര്‍ഡിനേഷന്‍) തസ്തികയില്‍ മന്ത്രി ഇ.പി. ജയരാജന്റെ അടുപ്പക്കാരനും ആന്തൂര്‍ മുനിസിപ്പാലിറ്റിയിലെ കൗണ്‍സിലറുമായിരുന്ന എ. കണ്ണന്റെ മകന് നിഖിലിനാണ് നിയമനം നല്‍കിയിട്ടുണ്ട്. ഡിവൈഎഫ്ഐ തളിപ്പറമ്പ് ബ്ലോക്ക് സെക്രട്ടറിയായിരുന്നു നിഖില്‍. പദവിക്ക് വേണ്ട യോഗ്യതയോ പ്രവര്‍ത്തി പരിചയവും നോക്കാതെ ഇടത് സര്‍ക്കാര്‍ പാര്ട്ടിഅനുകൂലികളേയും ബന്ധുക്കളേയും നിയനിക്കുകയാണ്.
കിന്‍ഫ്ര അസിസ്റ്റന്റ് മാനേജര്‍ (ടെക്നിക്കല്‍ സര്‍വ്വീസ്) തസ്തികയില്‍ എകെജിസിടി മുന്‍ സംസ്ഥാന നേതാവുമായിരുന്ന പ്രൊഫ. വി. കാര്ത്തികേയന് നായരുടെ മകള്‍ അപര്‍ണ്ണയ്ക്കും നിയമനം നല്കി. റിയാബിന്റെ ചെയര്‍മാനും സിപിഎമ്മുകാരനുമായ എന്‍. ശശിധരന് നായരുടെ മകളുടെ ഭര്‍ത്താവ് യുഎസ്. രാഹുലിനാണ് ഡെപ്യൂട്ടി മാനേജര്‍ (പഴ്സനല്‍ ആന്റ് അഡ്മിനിസ്ട്രേഷന്) തസ്തിക. റിയാബിന്റെ ചെയര്‍മാനും സിപിഎമ്മുകാരനുമായ എന്‍. ശശിധരന് നായരുടെ മകളുടെ ഭര്‍ത്താവാണ് രാഹുല്‍. പിണറായി വിജയന് വൈദ്യുതി മന്ത്രിയായിരുന്നപ്പോള്‍ ശശിധരന് നായരായിരുന്നു അഡിഷനല്‍ പ്രൈവറ്റ് സെക്രട്ടറി.
കിന്‍ഫ്രയിലെ ഈ തസ്തികയിലേക്ക് 2019ലാണ് ആളുകളെ ക്ഷണിച്ചത്. ഇതില്‍ രാഹുല്‍ ആദ്യം അപേക്ഷിച്ചിരുന്നില്ല. അതിനാല്‍ പോസ്റ്റിലേക്കുള്ള ഇന്റര്‍വ്യൂ തന്നെ മരവിപ്പിക്കുകയായിരുന്നു. പിന്നീട് 2020 മേയ് മാസത്തില്‍ അപേക്ഷ ക്ഷണിക്കുകയായിരുന്നു. ആദ്യ നോട്ടിഫിക്കേഷന്നില് എച്ച്ആര്‍എമ്മില്‍ മിനിമം 10 വര്‍ഷം അനുഭവപരിചയം എന്നാണ് നിഷ്കര്‍ഷിച്ചിരുന്നത്. എന്നാല്‍ രാഹുലിന് ആ യോഗ്യതയും ഇല്ലാത്തതിനാല്‍ നോട്ടിഫിക്കേഷനില്‍ യോഗ്യത തിരുത്തിയാണ് നിയമനം നടത്തിയിട്ടുള്ളതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: