കൊല്ലം: സിനിമാമേഖലയ്ക്ക് ആശ്വാസമായി സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങള്‍ എത്തിയെങ്കിലും സിനിമാതിയേറ്ററുകള്‍ മുഴുവനും ജില്ലയില്‍ നാളെ തുറക്കില്ല. മള്‍ട്ടിപ്ലക്സുകളും പുത്തൂര്‍ ചെല്ലവും തുറക്കും. ചെല്ലത്തില്‍ വിജയ് ചിത്രമായ മാസ്റ്ററാകും പ്രദര്‍ശിപ്പിക്കുക. കരുനാഗപ്പള്ളി, പുനലൂര്‍, കൊല്ലം നഗരം, ശക്തികുളങ്ങര, ഓയൂര്‍ എന്നിവിടങ്ങളിലായി 14 തിയേറ്ററുകളാണ് ജില്ലയില്‍ ആകെയുള്ളത്. കൊല്ലം നഗരത്തിലെ പ്രധാന തിയേറ്ററുകളായ ചിന്നക്കട ഉഷ, പ്രണവം, കടപ്പാക്കട ധന്യ, രമ്യ എന്നിവിടങ്ങളില്‍ 22ന് തിരശീല ഉയരുമെന്നാണ് സൂചന. ജയസൂര്യയുടെ ചിത്രമായ വെള്ളമായിരിക്കും പ്രദര്‍ശിപ്പിക്കുക.
2021 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള സിനിമാ തിയറ്ററുകളുടെ വിനോദ നികുതി ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്നലെയാണ് തീരുമാനിച്ചത്. തിയേറ്ററുകള്‍ അടഞ്ഞുകിടന്ന പത്തുമാസത്തെ വൈദ്യുതി ഫിക്സഡ് ചാര്‍ജ്ജ് 50 ശതമാനമാക്കി കുറയ്ക്കാനും തീരുമാനിച്ചു. ബാക്കി ഗഡുക്കളായി അടയ്ക്കാനാണ് നിര്‍ദേശം. 2020 മാര്‍ച്ച് 31നുള്ളില്‍ തിയേറ്ററുകള്‍ തദ്ദേശസ്ഥാപനങ്ങളില്‍ ഒടുക്കേണ്ട വസ്തുനികുതി മാസഗഡുക്കളായി അടയ്ക്കാനുള്ള അനുമതിയും നല്കി. തദ്ദേശസ്വയംഭരണം, ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ്, ഫിലിംസ് ഡിവിഷന്, ബില്‍ഡിംഗ് ഫിറ്റ്നസ്, ആരോഗ്യം, ഫയര്‍ഫോഴ്സ് എന്നിവയുമായി ബന്ധപ്പെട്ട വിവിധ ലൈസന്‍സുകളാണ് തിയേറ്ററുകള്‍ക്ക് വേണ്ടത്. ഇവയുടെ കാലാവധി മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ചതും തിയേറ്ററുകള്‍ക്ക് ആശ്വാസമായി.
തടസങ്ങള്‍ പിന്നെയും ബാക്കി
തിയേറ്ററുകള്‍ വന്‍തുക മുടക്കി വീണ്ടും തുറന്നാലും പ്രേക്ഷകര്‍ എത്തിച്ചേരുമോ എന്നുറപ്പില്ല. പഴയ അളവില്‍ പ്രേക്ഷകരെത്താന്‍ എത്രകാലം കാത്തിരിക്കേണ്ടിവരുമെന്നതിലും ആശങ്കയാണ്. എല്ലാ സീറ്റിലും ആളെ ഇരുത്താനാകില്ല. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം എല്ലാ പ്രദര്‍ശനത്തിന് മുമ്പും സാനിട്ടൈസ് ചെയ്യണം. കാണികള്‍ക്ക് സാനിട്ടൈസര്‍ നല്‍കണം. ദൂരപരിധി കൃത്യമായി ഉറപ്പാക്കണം. എസി ഇട്ടാല്‍ രോഗബാധ പടരാന്‍ ഇടയാകും. ഇട്ടില്ലെങ്കില്‍ കാണികള്‍ കുറയുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: