കോഴിക്കോട്: പോലീസിനെതിരെ പരസ്യമായി ഭീഷണി മുഴക്കി സിപിഎം നേതാവ്. സിപിഎം ഏരിയാ കമ്മിറ്റി അംഗം ഇ.എം. ദയാനന്ദനാണ് വടകര ചോമ്പാല സ്റ്റേഷനിലെ സിപിഒ വിശ്വനാഥനെതിരെ ഭീഷണി മുഴക്കിയത്. അച്ഛന് (മലയാളത്തിലെ മറ്റൊരു വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്) പിറന്നവനാണെങ്കില്‍, കാക്കി അഴിച്ചിട്ടു ഹേമന്ദിനു നേരെ കളിക്ക്. നിന്നെ ചവിട്ടിക്കൂട്ടും, ഇനി കളിച്ചാല്‍ നീ വീട്ടിലെത്തില്ല ഹേമന്ദിന്റെയും, വിശ്വനാഥന്റെയും പേടെുത്തു പറഞ്ഞായിരുന്നു ദയാനന്ദന്റെ ഭീഷണി. കാക്കിയുടെ അധികാരത്തിലാണ് നിങ്ങള്‍ ഹേമന്ദിനെ അറസ്റ്റ് ചെയ്തതെന്നും ദയാനന്ദന് പറഞ്ഞു. ഹേമന്ദിന് നേരെ കൈയോങ്ങിയാല്‍ കൈ ചവിട്ടിത്തിരിക്കും. മെയ്യഭ്യാസം പഠിച്ചയാളാണ് ഞാന്‍. കളി ഇങ്ങോട്ട് വേണ്ടന്നും ദയാനന്ദന് ഭീഷണിപ്പെടുത്തി.
പൊതുപരിപാടിയില്‍ നടത്തിയ പ്രസംഗത്തിനിടെയായിരുന്നു സിപിഎം നേതാവ് പോലീസിനെതിരെ ഭീഷണിയുമായി എത്തിയത്. പുതുവത്സര ദിനത്തില്‍ ആളുകളെ സംഘടിപ്പിച്ച് പരിപാടി നടത്താന്‍ ശ്രമിച്ച ഡിവൈഎഫ്ഐ പ്രവര്ത്തകന് ഹേമന്ദിനെ വിശ്വനാഥന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ദയാനന്ദന്റെ ഭീഷണി. ഇതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്.
തദ്ദേശ തെരഞ്ഞെടുപ്പില്‍, കള്ളവോട്ട് തടഞ്ഞ കാസര്‍കോട് ബേക്കല്‍ ആലക്കോട് ബൂത്തിലെ പ്രിസൈഡിങ്ങ് ഓഫീസറായിരുന്ന കാര്‍ഷിക സര്‍വകലാശാലയിലെ പ്രൊഫ.കെ.എം. ശ്രീകുമാറിന്റെ കാല്‍വെട്ടുമെന്ന് ഉദുമ എംഎല്‍എ കെ. കുഞ്ഞിരാമന് ഭീഷണിപ്പെടുത്തിയതിനെതിരെ തെര. കമ്മീഷന് പരാതി നല്‍കിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇടതുപക്ഷ സംഘടനാ പ്രവര്ത്തകന് കൂടിയായ ശ്രീകുമാര്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇത് വിവാദമായതിനു പിന്നാലെയാണ് മറ്റൊരു നേതാവിന്റെ ഭീഷണിയും പുറത്തുവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: