ആലപ്പുഴ: കേരള പോലീസ് പുറത്തിറക്കിയിട്ടുള്ള മൊബൈല്‍ ആപ്ലിക്കേഷനായ പോള്‍-ആപ്പ് ശ്രദ്ധേയമാകുന്നു. ‘പോള്‍ ആപ്പ്’ എന്ന ഇന്റഗ്രേറ്റഡ് മൊബൈല്‍ ആപ്ലിക്കേഷന്‍ രണ്ട് ലക്ഷത്തില്‍ അധികം പേര് ഇതിനോടകം ഡൗണ്‍ലോഡ് ചെയ്തു ഉപയോഗിക്കുന്നു. സാധാരണക്കാര്‍ക്ക് വളരെ എളുപ്പം ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലാണ് പുതിയ ആപ്പ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. നിങ്ങളുടെ ഏറ്റവും അടുത്ത പോലീസ് സ്റ്റേഷന്, പോലീസ് മേധാവികളുടെ ഫോണ്‍ നമ്പര്‍, ഇമെയില്‍ വിലാസം എന്നിവ ആപ്പില്‍ നിന്ന് അറിയാം.
പോലീസ് വഴി ലഭിക്കുന്ന സേവനങ്ങള്‍ക്കുള്ള ഫീസ് ട്രഷറിയിലേക്ക് ഈ ആപ്പ് വഴി അടക്കാന്‍ സാധിക്കും. എഫ്ഐആര്‍ റിപ്പോര്‍ട്ട് ആപ്പിലൂടെ ഡൗണ്‍ലോഡ് ചെയ്യാം. പാസ്പോര്‍ട്ട് പരിശോധനയുടെ സ്റ്റാറ്റസ് പോള്‍ ആപ്പ് വഴി അറിയാം. മുതിര്‍ന്ന പൗരന്മാര്ക്കുള്ള ജനമൈത്രി സേവനത്തിന്റെ രജിസ്ട്രേഷന് ആപ്പ് വഴി ചെയ്യാം. വീട് പൂട്ടി പോകുന്ന അവസരങ്ങളില്‍ അക്കാര്യം അടുത്തുള്ള പോലീസ് സ്റ്റേഷനിലറിയിക്കാനും ആപ്പ് ഉപയോഗിക്കാം. സൈബര്‍ മേഖലയിലെ തട്ടിപ്പുകള്‍ തടയാനുള്ള നിര്‍ദ്ദേശങ്ങള്‍ ആപ്പില്‍ ലഭിക്കും.
കുറ്റകൃത്യങ്ങളുടെ വിവരങ്ങളും, ചിത്രങ്ങളും പോലീസിന് നേരിട്ടയക്കാനും പോള്‍ ആപ്പില്‍ സൗകര്യമുണ്ട്. കേരള പോലീസിന്റെ ഔദ്യോഗിക ആപ്പായ പോള്‍ ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. കോവിഡ് കാലമായതിനാല്‍ പോലീസ് സ്റ്റേഷനുകളിലേക്ക് ജനങ്ങള്‍ എത്തേണ്ട സാഹചര്യം പരമാവധി ഒഴിവാക്കി പോള്‍ ആപ്പ് ഉപയോഗിക്കണമെന്ന് ജില്ലാ പോലീസ് മേധാവി പി.എസ് സാബു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: