ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം കടലില്‍ തകര്‍ന്നു വീണ് 62 യാത്രക്കാരെ കാണാതായി. ശ്രീ വിജയ എയര്‍ ഫ്ളൈറ്റിന്റെ ബോയിങ് 737 വിമാനമാണ് ടേക്ക് ഓഫ് ചെയ്ത് നാലാം മിനിറ്റില്‍ കടലില്‍ തകര്‍ന്നു വീണത്. ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം.
പതിനായിരം അടി ഉയരത്തില്‍ നിന്ന് കടലിലേക്ക് പതിക്കുകയായിരുന്നുവെന്ന് വിമാനത്തിന്റെ പറക്കല്‍ ഡേറ്റ ചൂണ്ടിക്കാട്ടുന്നു. 62 പേരും മരണമടഞ്ഞുവെന്നാണ് സൂചന. തെരച്ചില്‍ നടത്തുന്ന സംഘങ്ങള്‍ കടലില്‍ ഒഴുകി നടക്കുന്ന വിമാനാവശിഷ്ടങ്ങള്‍ കണ്ടതായും റിപ്പോര്‍ട്ടുകളുണ്ട്.
ജക്കാര്‍ത്തയിലെ സുകാര്‍ണോ ഹാത്താ വിമാനത്താവളത്തില്‍ നിന്ന് പോണ്ടിയാങ്കിലേക്ക് തിരിച്ചതാണ് വിമാനം. 90 മിനിറ്റാണ് യാത്ര. എന്നാല്‍, പറന്നുയര്‍ന്ന് നാലാം മിനിറ്റില്‍ വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായി. കുത്തനെ കടലില്‍ പതിക്കുകയായിരുന്നുവെന്നാണ് ഫ്ളൈറ്റ് ഡേറ്റാ കാണിക്കുന്നത്. 56 യാത്രക്കാരും ആറ് വിമാന ജോലിക്കാരുമാണ് ഉണ്ടായിരുന്നത്, ശ്രീ വിജയ അറിയിച്ചു. 26 വര്‍ഷം പഴക്കമുള്ള വിമാനമാണിത്.
വലിയ തോതിലുള്ള തെരച്ചിലാണ് കടലില്‍ നടക്കുന്നത്. വിമാനാവശിഷ്ടങ്ങള്‍ ഒഴുകി നടക്കുന്നത് കണ്ടെത്തിയിട്ടുണ്ടെങ്കിലും യാത്രക്കാരെ കണ്ടെത്താനായിട്ടില്ല. 2018ല്‍ ഇന്തോനേഷ്യയുടെ’ലയണ്‍ എയറിന്റെ വിമാനം തകര്‍ന്ന് 189 പേര് മരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: