ചെര്‍പ്പുളശ്ശേരി: തൂതപ്പുഴയിലെ നീരൊഴുക്ക് കുറഞ്ഞതിനെ തുടര്‍ന്ന് കുലുക്കല്ലൂര്‍ മപ്പാട്ടകര തടയണയുടെ ഷട്ടറുകള്‍ താഴ്ത്തി. കുലുക്കല്ലൂര്‍ ,നെല്ലായ പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമവും ,കൃഷിക്കാവശ്യമായ വെള്ളവും പമ്പു ചെയ്യാന്‍ കഴിയാത്ത വിധം തൂതപ്പുഴയിലെ നീരൊഴുക്ക് ഗണ്യമായി കുറഞ്ഞതിനെ തുടര്‍ന്നുമാണ് മപ്പാട്ടുകര തടയണയുടെ മുഴുവന്‍ ഷട്ടറുകളും കഴിഞ്ഞദിവസം കുലുക്കല്ലൂര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ താഴ്ത്തിയത്.
കഴിഞ്ഞ മഴക്കാലത്ത് പ്രളയ സാധ്യതയെ തുടര്‍ന്നാണ് തടയണയുടെ ഷട്ടറുകള്‍ ഉയര്‍ത്തിയിരുന്നത്. പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നാല്‍ ഏറ്റവും ബാധിക്കുന്നത് മറുകരയിലെ ഏലംകുളം പഞ്ചായത്തിനെ ആണെങ്കിലും തടയണയുടെ കാര്യത്തില്‍ ഇവര്‍ ഒരു സഹകരണവും കാണിക്കുന്നില്ലെന്ന് കുലുക്കല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.രമണി പറഞ്ഞു.
തടയണയുടെ ഷട്ടറുകള്‍ ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് ഒരു സ്ഥിരം സംവിധാനം വേണമെന്ന് സ്ഥലം സന്ദര്‍ശിച്ച പ്രസിഡന്റിനോട് നാട്ടുകാരും ആവശ്യമുന്നയിച്ചു. പ്രളയ സമയത്ത് തടയണയുടെ ഷട്ടറുകള്‍ ഉയര്‍ത്താന്‍ കഴിയാതിരുന്നതിനാല്‍ പുഴയുടെ ഇരുകരകളിലും വെള്ളം കയറി വലിയ നാശ നഷ്ടമുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് കഴിഞ്ഞ മഴക്കാലത്തിന് മുമ്പ് തന്നെ ഷട്ടറുകള്‍ ഉയര്‍ത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: