തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജുഡീഷ്യല്‍ കമ്മിഷന്. മരിച്ച രാജ് കുമാറിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പോലും പോലീസ് അട്ടിമറിച്ചു. സമാനതകള്‍ ഇല്ലാത്ത സംഭവമാണ് ഇതെന്നും ജുഡീഷ്യല്‍ കമ്മിഷന് ജസ്റ്റിസ് നാരായണക്കുറുപ്പ് അറിയിച്ചു.
കസ്റ്റിഡിയിലിരിക്കേ മര്‍ദ്ദനം ഏറ്റതിനെ തുടര്‍ന്നാണ് രാജ്കുമാര് മരിച്ചത്. എന്നാല്‍ കേസ് അന്വേഷിച്ച പോലീസ് പോസ്റ്റുമോര്‍ട്ടം പോലും അട്ടിമറിച്ചു. നഗ്നമായ നിയമലംഘനമാണ് നടത്തിയിരിക്കുന്നത്. കേസില്‍ തെളിവ് ഉള്ളവര്‍ക്ക് എതിരെ ശക്തമായ നടപടികള്‍ക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും ജുഡീഷ്യല്‍ കമ്മിഷന് അറിയിച്ചു.
ഹരിതാ ഫിനാന്‍സ് ചിട്ടിതട്ടിപ്പുമായി ബന്ധപ്പെട്ട് 2019 ജൂണ്‍ 12നാണ് വാഗമണ്‍ സ്വദേശി രാജ്കുമാര് പോലീസ് പിടിയിലാകുന്നത്. എന്നാല്‍ പണം വീണ്ടെടുക്കാനെന്ന പേരില്‍ രാജ്കുമാറിന്റെ കസ്റ്റഡി രേഖപ്പെടുത്താതെ നാല് ദിവസം പോലീസ് ക്രൂരമായി മര്‍ദ്ദിച്ചു. തുടര്‍ന്ന് അവശതയില്‍ ആയതോടെ മജിസ്ട്രേറ്റിനെ കബളിപ്പിച്ച് റിമാന്‍ഡ് ചെയ്തു. തുടര്‍ന്ന് ജയിലില്‍ വെച്ച് ആരോഗ്യ സ്ഥിതി വഷളാവുകയും രാജ്കുമാര് മരിക്കുകയുമായിരുന്നു.
മരണകാരണം ഹൃദയാഘാതമാണെന്ന് വരുത്തി തീര്‍ക്കാനും ആദ്യഘട്ടത്തില്‍ പോലീസ് ശ്രമം നടത്തിയിരുന്നു. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് രാജ്കുമാറിന്റെ ബന്ധുക്കള്‍ രംഗത്ത് എത്തിയതോടെയാണ് കസ്റ്റഡി മരണമാണെന്നത് പുറത്തുവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: