തിരുവനന്തപുരം: ശിവഗിരി തീര്‍ത്ഥാടനം തുടങ്ങിയാല്‍ പാളയംകുന്നു വണ്ടിപുര പ്രസാദ് മന്ദിരത്തില്‍ പന്തലുയരും. നളിനമ്മയുടെ മേല്‍നോട്ടത്തില്‍ തീര്‍ത്ഥാടകര്‍ക്ക് ഭക്ഷണം ഒരുക്കുന്ന തിരക്കിലാകും കുടുംബവും നാട്ടുകാരും. ഒരുനേരമല്ല…5000ല്‍ അധികം തീര്‍ത്ഥാടകര്‍ക്ക് മൂന്നുനേരം ഭക്ഷണവും വിശ്രമിക്കാനിടവും വണ്ടിപ്പുരവീട്ടില് ഒരുങ്ങും. ഒപ്പം ഒരമ്മയുടെ സ്നേഹ വാത്സല്യവുമായി നളിനമ്മയും. ഇനി തീര്‍ത്ഥാടകര്‍ക്ക് സദ്യ ഒരുക്കി കാത്തിരിക്കാന്‍ നളിനമ്മയില്ല. ആ മാതൃസ്നേഹത്തിന്റെ വേര്‍പാടില്‍ കുടുംബത്തിനൊപ്പം നാട്ടുകാര്‍ മാത്രമല്ല, കോട്ടയം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ ആയിരക്കണക്കിന് തീര്‍ത്ഥാടകരും വേദനിക്കുകയാണ്.
അരനൂറ്റാണ്ടിലേറെയായി പാരിപ്പള്ളിവഴിയുള്ള തീര്‍ത്ഥാടകര്‍ക്കും പദയാത്രസംഘങ്ങള്‍ക്കും പരേതനായ വിദ്യാധരന് മുതലാളിയുടെ ഭാര്യ പി. നളിനമ്മയുടെ വീട് സ്വന്തം വീടുപോലെയാണ്. മനസുനിറയെ സ്നേഹവും വിശപ്പടക്കാന്‍ അന്നവും വിശ്രമിക്കാനിടവും ഒരുക്കി നളിനമ്മ കാത്തിരിക്കും. അരനൂറ്റാണ്ട് മുമ്പ് അച്ചാറും വെള്ളവും നല്‍കിയായിരുന്നു തുടക്കം. പദയാത്രയായി വരുന്നവര്‍ വീട്ടിലെത്തി വെള്ളം ചോദിക്കുമായിരുന്നു. ആദ്യം അച്ചാറും കിണറ്റിലെ വെള്ളവും നല്കി. ചിലര്‍ കഞ്ഞിവെള്ളം ചോദിച്ച് തുടങ്ങിയതോടെ കഞ്ഞിസദ്യ തുടങ്ങി. പീന്നീട് തീര്‍ത്ഥാടകര്‍ക്ക് അന്നമൊരുക്കുന്നത് ഒരു നിയോഗമായി നളിനമ്മ ഏറ്റെടുക്കുകയായിരുന്നു.
തീര്‍ത്ഥാടനത്തിന്റെ മൂന്ന് ദിവസവും വീട്ടിലെത്തുന്നവര്‍ക്ക് മൂന്നുനേരവും ഭക്ഷണം എന്നത് നളിനമ്മയ്ക്ക് നിര്‍ബന്ധമായിരുന്നു. രാവിലെ കഞ്ഞിയും അച്ചാറും. ഉച്ചയക്ക് വിഭവ സമര്‍ദ്ധമായ സദ്യ, വൈകിട്ട് ഊണ്, രാത്രി എത്തുന്നവര്‍ക്ക് വിശ്രമിക്കാനും രാവിലെ പ്രഭാതകൃത്യങ്ങള്‍ക്കുള്ള സൗകര്യവും ഇവിടെ ഉണ്ടാകും. ശിവഗിരിയിലേക്കുള്ള ഇടത്താവളം പോലെയാണ് ഗുരുഭക്തര്‍ കണ്ടിരുന്നത്. കഴിഞ്ഞവര്‍ഷം അയ്യായിരത്തിലധികം പേര്‍ക്കാണ് ഭക്ഷണം ഒരുക്കിയത്.
നളിനമ്മയും കുടുംബവും
ഒരുവര്‍ഷം നീണ്ടുനില്കുന്ന ഒരുക്കമാണ് അമ്മ നടത്തിവന്നിരുന്നതെന്ന് മൂത്തമകന് വി.ശിവപ്രസാദ് ഓര്‍ക്കുന്നു. ഒരു തീര്‍ത്ഥാടനം കഴിഞ്ഞാല്‍ ഇളയമകന് ഉപേന്ദ്രന്റെ എട്ടേക്കറോളം പാടത്ത് കൃഷി ഇറക്കി നെല്ല് സംഭരിക്കും. മാത്രമല്ല പറമ്പിലെല്ലാം ചേനയും ചേമ്പും മരച്ചീനിയും തുടങ്ങിയവ കൃഷി ചെയ്യും. പറമ്പില്‍ നിന്നുള്ള നെല്ലിക്കയും മാങ്ങയും ഒക്കെ വിവിധതരം അച്ചാറുകളുകളാകും. എല്ലാം നളിനമ്മയുടെ മേല്‍നോട്ടത്തില്‍ തന്നെ. ദുബായിലുള്ള മക്കള്‍ക്കൊപ്പം പോയി നിന്നാലും തീര്‍ത്ഥാടനത്തിന് രണ്ട് മാസം മുന്നേ വണ്ടിപ്പുരയിലെത്തും. പരിസരവാസികളും നളിനമ്മയ്ക്കൊപ്പം കൈമെയ്മറന്ന് എത്തുന്നതോടെ ഉത്സവമേളമാകുമെന്ന് മൂന്നാമത്തെ മകന് സജീവ് പറയുന്നു.
ഒരിക്കല്‍ പൂജാമുറിക്കു മുന്നിലെ ഭസ്മത്തളികയില് ആരോ ഒരാള്‍ നാണയം ഇട്ടു. ഒന്നും പ്രതീക്ഷിക്കാതെ സമര്‍പ്പണമായി കണ്ടിരുന്ന നളിനമ്മയും കുടുംബവും നാണയം ഇടരുതെന്ന് പറയുമെങ്കിലും ആരെങ്കിലുമൊക്കെ നാണയം ഇടും. ആരെന്ന് അറിയാനാകില്ല. ഇതോടെ വരുന്നവര്‍ക്കെല്ലാം നാണയം കൂടി തിരികെ നല്‍കിത്തുടങ്ങി. പിന്നീട് അമ്മയില്‍ നിന്നും നാണയം വാങ്ങല്‍ ഒരു ചിട്ടയായെന്നും മകള്‍ ലിസി രാജീവ് പറഞ്ഞു.
അതുമാത്രമല്ല തീര്‍ത്ഥാടകരില്‍ അധികവും സ്വന്തം അമ്മയെപ്പോലെ കണ്ട് സന്തോഷവും സങ്കടവും പങ്കുവയ്ക്കുമായിരുന്നു. മക്കളെപോലെകണ്ട് അവര്‍ക്കെല്ലാം അമ്മ സ്നേഹത്തോടെയുള്ള ഉപദേശവും ശാസനകളുമൊക്കെ നല്കി യാത്ര അയയ്ക്കും. സ്ത്രീശാക്തീകരണം എന്ന സങ്കല്പം ഉയരുംമുമ്പേ സ്വയം ശാക്തീകരിച്ച വ്യക്തിയായിരുന്നു നളിനമ്മയെന്നും എല്ലാത്തിനുമുള്ള തുക സ്വയം കണ്ടെത്തുന്ന നളിനമ്മ തങ്ങളെ പോലുള്ളവര്‍ക്ക് പാഠമാണെന്നും ചെറുമകള്‍ മീരാകൃഷ്ണന്‍ പറഞ്ഞു.
ശിവഗിരി തീര്‍ത്ഥാടനം തുടങ്ങുന്നതിന് പത്ത് ദിവസം മുമ്പാണ് നളിനമ്മ ഓര്‍മ്മയാകുന്നത്. അമ്മയുടെ ഓര്‍മ്മകള്‍ നിലനിര്‍ത്തി, വരും വര്‍ഷങ്ങളിലും അമ്മയുടെ നിയോഗം ഏറ്റെടുത്ത് തീര്‍ത്ഥാടകര്‍ക്ക് അന്നമൊരുക്കാന്‍ ഒരുങ്ങുകയാണ് കുടുംബം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: