കുടയത്തൂര്‍: മലങ്കര ഡാമിലെ ജലനിരപ്പ് ഉയര്‍ന്നതോടെ ശരംകുത്തി അമ്പലത്തിനു സമീപം താമസിക്കുന്ന കിഴക്കേത്തുവയലില്‍ സുമതി തങ്കപ്പന്റെ കുടുബം ദുരിതത്തില്‍. മലങ്കര അണക്കെട്ടില്‍ പരിശോധന നടക്കുന്നതിനാല്‍ പരമാവധി സംഭരണ ശേഷിയിലാണ് ജലനിരപ്പ്.
ഇതാണ് സുമതിയുടെ കുടുബത്തിന് വിനയായത്. പട്ടയമില്ലാത്ത ഭൂമിയില്‍ പഞ്ചായത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് നല്കിയ കൈവശാവകാശ രേഖയുടെ പിന്‍ബലത്തിലാണ് മണ്ണിഷ്ടിക ഉപയോഗിച്ച് നിര്‍മ്മിച്ച വീട്ടില്‍ ഈ കുടുബം അന്തിയുറങ്ങിയിരുന്നത്. സുമതി തങ്കപ്പനും മകള്‍ പൗര്‍ണമിയും കൊച്ചുമകള്‍ സച്ചിതാനന്ദനുമാണ് ഇവിടെ താമസിക്കുന്നത്. വീടിനുള്ളില്‍ വെള്ളം തളം കെട്ടി നില്ക്കുന്നതിനാല് ഏത് സമയവും വീട് നിലംപതിക്കാവുന്ന സ്ഥിതിയിലാണ്.
പട്ടയം ഇല്ലാത്തതിനാല്‍ പഞ്ചായത്തില്‍ നിന്നുള്ള ഒരു ആനുകൂല്യവും ഇവര്‍ക്ക് കിട്ടുന്നില്ല. എന്നാല്‍ പഞ്ചായത്ത് ഇവര്‍ക്ക് വീട്ടുനമ്പര്‍ നല്‍കിയിട്ടുമുണ്ട്. മലങ്കര ജലാശയത്തിലെ ജലനിരപ്പ് ഉയര്‍ന്നാല്‍ ഇവരുടെ മനസില്‍ ആധിയാണ്. മുട്ടൊപ്പം വെള്ളമാണ് ഇന്നലെ വീടിനുള്ളില്‍ ഉണ്ടായിരുന്നത്. മണ്ണ് ഇഷ്ടികയില്‍ പണിതിട്ടുള്ള വീട്ടിലെ താമസം സുരക്ഷിതമല്ലാത്തതിനാല്‍ കുടുബത്തിനെ സേവാഭാരതി പ്രവര്‍ത്തകര്‍ ശരംകുത്തിയിലെ വാടക വീട്ടിലേക്ക് താത്കാലികമായി മാറ്റി പാര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: