ന്യൂദല്‍ഹി : രാജ്യത്ത് കൊറോണ വാക്സിന് ഉപയോഗത്തിന് ഡിസിജിഐ അനുമതി നല്കി. ഓക്സ്ഫഡ് സര്‍വകലാശാലയും വിദേശമരുന്ന് കമ്പനിയായ ആസ്ട്രാസെനകയും ചേര്‍ന്ന് വികസിപ്പിച്ച്, പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിച്ച കൊവിഷീല്‍ഡിനും, ഇന്ത്യയില്‍ തദ്ദേശീയമായി വികസിപ്പിച്ച ഭാരത് ബയോടിക്കിന്റെ കൊവാക്സിനുമാണ് അടിയന്തര ഉപയോഗ അനുമതി. നിയന്ത്രിതമായ രീതിയിലാകും വാക്സിന് വിതരണം നടത്തുക.
ഡിജിസിഐ മേധാവി വി.ജി. സോമാനി വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് വാക്സിന് അടിയന്തിര ഉപയോഗത്തിന് വിദഗ്ധസമിതി നല്കിയ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഡിജിസിഐ യോഗം അന്തിമതീരുമാനമെടുത്തത്. ശനിയാഴ്ച നല്കിയ റിപ്പോര്‍ട്ട് ഇന്ന് പുലര്‍ച്ചെ വരെ നീണ്ട യോഗം വിശദമായി ചര്‍ച്ച ചെയ്താണ് വാക്സിന് വിതരണത്തിന് അനുമതി നല്‍കിയിരിക്കുന്നത്.
പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കും രാജ്യത്തും പുറത്തും നടത്തിയ ക്ലിനിക്കല്‍ ട്രയലുകളുടെ വിവരങ്ങള്‍ ഡിജിസിഐയ്ക്ക് സമര്‍പ്പിച്ചിരുന്നു. ശനിയാഴ്ച ചേര്‍ന്ന യോഗത്തില്‍ അത് വിശദമായി പഠിച്ചശേഷമാണ് ഉപയോഗത്തിന് ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്.
സെറം ഇന്സ്റ്റിറ്റ്യൂട്ടിന്റം കൊവിഷീല്‍ഡ് വാക്സിന് 70.42 ശതമാനം ഫലപ്രാപ്തി കണ്ടെത്തിയതായി ഡിജിസിഐ വ്യക്തമാക്കി. ഈ വാക്സിനുകള്‍ 2 മുതല്‍ 3 വരെ ഡിഗ്രി സെല്‍ഷ്യസില്‍ സൂക്ഷിക്കണം.
കൊവിഷീല്‍ഡ് ഡോസിന് 250 രൂപ, കൊവാക്സിന് 350 രൂപ എന്നിങ്ങനെയാണ് വാക്സിനുകളുടെ വില. ഇതുസംബന്ധിച്ച് കമ്പനികള്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ബുധനാഴ്ചയോടെ ആദ്യ ഘട്ട വാക്സിന് വിതരണം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ വാക്സിന് അനുമതി നല്‍കുന്നതിന് മുന്നോടിയായി എന്തെല്ലാം വിവരങ്ങളാണ് വിദഗ്ധസമിതിക്ക് മുമ്പാകെ രണ്ട് കമ്പനികളും സമര്‍പ്പിച്ചിരിക്കുന്നത് എന്ന വിവരം ഇതുവരെ പുറത്തുവിട്ടിട്ടില്ല.
അടിയന്തരഘട്ടങ്ങളില്‍ പൂര്‍ണ പരീക്ഷണങ്ങള്‍ നടത്തിയില്ലെങ്കിലും ചില വാക്സിനുകള്‍ക്ക് അടിയന്തര ഉപയോഗ അനുമതി നല്കാന് കഴിയുന്ന പുതിയ ഡ്രഗ്സ് ആന്‍ഡ് ക്ലിനിക്കല്‍ ട്രയല്‍സ് നിയമം (2019) ഉപയോഗിച്ചാണ് ഈ രണ്ട് വാക്സിനുകള്‍ക്കും നിലവില്‍ അടിയന്തരഉപയോഗ അനുമതി നല്‍കിയിരിക്കുന്നത്. ഡിജിസിഐ അനുമതി ലഭിച്ചതോടെ രാജ്യവ്യാപകമായി വാക്സിനുകള്‍ ആരോഗ്യ കേന്ദ്രങ്ങള്‍ വഴി വിതരണത്തിനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തിരമായി സ്വീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: