കൊച്ചി: കള്ളക്കടത്തു കേസുകളില്‍ ബന്ധപ്പെട്ട പ്രതികളുമായുള്ള സമ്പര്‍ക്കവും സൗഹൃദവും ഇടപാടും സംബന്ധിച്ച് ചോദ്യം ചെയ്യാന്‍ നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് കസ്റ്റംസ് ഈയാഴ്ച സമന്‍സ് നല്‍കും. സ്പീക്കറുടെ സൗകര്യം പരിഗണിച്ച് ഹാജരാകാനായിരിക്കും നോട്ടീസ്. ജനുവരി എട്ടു മുതല്‍ നിയമസഭാ സമ്മേളനം നിശ്ചയിച്ചതിനെ തുടര്‍ന്നാണിത്.
അന്വേഷണ ഏജന്‍സിക്ക് മൊഴി നല്‍കാനോ ചോദ്യം ചെയ്യാനോ നിയമസഭാ സ്പീക്കറെ വിളിപ്പിക്കുന്നതിന് പ്രത്യേക അനുമതി ആവശ്യമില്ല, സാങ്കേതിക തടസ്സങ്ങളുമില്ലെന്നാണ് കസ്റ്റംസിന് ലഭിച്ച നിയമോപദേശം. കസ്റ്റംസ് ആക്ട് പ്രകാരം ആര്‍ക്കെങ്കിലുമെതിരേ പരാതിയോ ഏതെങ്കിലും അന്വേഷണ വിഷയത്തില്‍ അറിവുണ്ടെന്ന വിവരമോ ലഭിച്ചാല്‍ ആ വ്യക്തിയില്‍നിന്ന് വിവരങ്ങള്‍ തേടാന്‍ നോട്ടീസ് അയയ്ക്കാം. നോട്ടീസ് കിട്ടുന്നയാള്‍ സഹകരിക്കണം. അത് സ്പീക്കര്‍ക്കും ബാധകമാണ്. ചോദ്യം ചെയ്യലില്‍നിന്ന് ഒഴിവാകാന്‍ ഭരണഘടനാപരമായ പ്രത്യേക പരിരക്ഷ സ്പീക്കര്‍ക്കില്ല. ഇതിനെക്കാള്‍ ഉയര്‍ന്ന പദവികളിലുള്ളവരെപ്പോലും വിളിപ്പിക്കാം.
കുറഞ്ഞത് ജോയിന്റ് കമ്മീഷണര്‍ പദവിയിലുള്ളവര്‍ വേണം സമന്‍സ് നല്കാന് എന്നാണ് ചട്ടം. കസ്റ്റംസ് കൊച്ചി പ്രിവന്റീവ് ഓഫീസില്‍ ഹാജരാകാന്‍ കഴിയുന്ന സൗകര്യപ്രദമായ തീയതി സ്പീക്കര്‍ക്ക് അറിയിക്കാം. നിയമസഭാ ബജറ്റ് സമ്മേളനം അവസാനിക്കുന്ന ജനുവരി 28 വരെ സ്പീക്കര്‍ സാവകാശം തേടിയേക്കുമെന്ന് സൂചനയുണ്ട്. എന്നാല്‍, ശനി, ഞായര്‍ ദിവസങ്ങളിലും സന്നദ്ധനാണെങ്കില്‍ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് ഒരുക്കമാണെന്ന് ഏജന്‍സി വൃത്തങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: