എംകെ മോഹന്‍ദാസ്
മലയാളത്തിന്റെ അമ്മ മനസ്സായ പ്രിയ കവി സുഗത കുമാരി ടീച്ചറുടെ ആകസ്മികമായ വിയോഗത്തിലെ സങ്കടക്കടലില്‍ നിലയറിയാതെ നില്‍ക്കുമ്പോഴാണ്, മലയാള ചലച്ചിത്ര ലോകത്തിന് ഇനിയുമെത്രയോ അമൂല്യസംഭാവനകള്‍ ചെയ്യാന്‍ സര്‍ഗ്ഗശേഷിയുണ്ടായിരുന്ന, രണ്ട് അപൂര്‍വ്വ പ്രതിഭകളെ ഒരു ദയാദാക്ഷിണ്യവുമില്ലാതെ ഡിസംബര്‍ മരണത്തിന് വിട്ടുകൊടുത്തത്.
അതില്‍ ആദ്യത്തെയാള്‍, യുവസംവിധായകനായ ഷാനവാസ് നരണിപ്പുഴ. ഇനിയത്തെയാള്, അഭിനയം പ്രാണവായുവായി കരുതി ജീവിച്ച നടന്, അനില്‍ നെടുമങ്ങാട്. കരി, സൂഫിയും സുജാതയും എന്നീ സിനിമകളുടെ സ്രഷ്ടാവായ ഷാനവാസ് നരണിപ്പുഴയുടെ മരണം ഹൃദയാഘാതം മൂലമായിരുന്നു. 37 വയസ്സുപോലും തികഞ്ഞിരുന്നില്ല.
നടന് അനില്‍ നെടുമങ്ങാടിനെ ഓര്‍മിക്കാന്‍ ‘അയ്യപ്പനും കോശിയും’ എന്ന ഒരൊറ്റ ‘സച്ചി’ ചിത്രം മതി. അതിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സതീഷ് എന്ന കഥാപാത്രത്തെ അനാദൃശമായ അഭിനയപാടവംകൊണ്ട് മികവുറ്റതാക്കിയ നാല്പത്തിയെട്ടുകാരനായ അനില്‍, ക്രിസ്തുമസ് ദിവസം തൊടുപുഴയ്ക്ക് സമീപമുള്ള മലങ്കര ഡാമില്‍ കുളിക്കുന്നതിനിടെ മുങ്ങി മരിക്കുകയായിരുന്നു.
പൊന്നാനി, നരണിപ്പുഴ നാലകത്ത് ബാപ്പുട്ടിയുടേയും ഭാര്യ നബീസയുടേയും മകനായി ജനിച്ച ഷാനവാസ് ചെറുപ്പം മുതലേ സിനിമ സ്വപ്നം കണ്ടാണ് വളര്‍ന്നത്. മൂക്കുതല സ്കൂളിലെ പഠനകാലത്തുതന്നെ വലിയ വായനാശീലം സ്വന്തമാക്കിയിരുന്നു. കഥകളും കവിതകളും എഴുതുമായിരുന്നു. പൊതുവെ അന്തര്‍മുഖനും മിതഭാഷിയുമായതുകൊണ്ട് സുഹൃദ്വലയങ്ങളും കുറവായിരുന്നു. പത്മരാജന്റെ സിനിമകളില്‍ ആകൃഷ്ടനായതോടെയാണ് തനിക്കും ഒരു സംവിധായകനാവണമെന്ന നിശ്ചയദാര്‍ഢ്യത്തില്‍ ഷാനവാസ് എത്തിച്ചേരുന്നത്. ആ ലക്ഷ്യം നിറവേറ്റാനുള്ള കഠിന ശ്രമമായി പിന്നീട്.
2008 ല്‍ എടപ്പാളില്‍ ഒരു പരസ്യ കമ്പനി ആരംഭിച്ചു. കമ്പനിക്കുവേണ്ടി നിര്‍മിച്ച പരസ്യ ചിത്രങ്ങളാണ് യഥാര്‍ത്ഥത്തില്‍ ഷാനവാസിനെ സംവിധായകനാക്കിയത്. ദൃശ്യമാദ്ധ്യമത്തിന്റെ ശക്തിയും മാസ്മരികതയും സാദ്ധ്യതകളും മനസ്സിലാക്കിയ ഷാനവാസ്, എഡിറ്റിങ്ങിലും ശ്രദ്ധ കേന്ദ്രീകരിച്ചു. അതോടൊപ്പം കച്ചവടസിനിമകളും കലാമൂല്യമുള്ള സിനിമകളും ഒരുപാട് കണ്ട് തീര്‍ത്തു. സിനിമയുടെ സാങ്കേതിക വിദ്യ സംബന്ധിച്ച് പുസ്തകങ്ങള്‍ കഴിയുന്നത്ര പഠിച്ചു. തുടര്‍ന്നാണ്, രചന നിര്‍വ്വഹിച്ച് സംവിധാനം ചെയ്ത, ഗോഡ്സ് ഓണ്‍ കണ്ട്രി, എസ്. എം. എസ്, ഡോര്‍ ടു ഡോര്‍, 90 സെ. മീ. തുടങ്ങിയ ഷോര്‍ട്ട് ഫിലിമുകളുടെ ജനനം. പ്രമേയം കൊണ്ടും ആഖ്യാനം കൊണ്ടും വ്യത്യസ്തമായിരുന്നു ആ കൊച്ചു സിനിമകള്‍. അതില്‍ 90 സെ. മീ. പ്രത്യേക പ്രേക്ഷകപ്രശംസ പിടിച്ചു പറ്റിയതായിരുന്നു.
അപ്പോഴേക്കും സിനിമയ്ക്കുവേണ്ടിയുള്ള ചാരുതയാര്‍ന്ന കഥകള്‍ ഷാനവാസിന്റെ മനസ്സില്‍ രൂപപ്പെട്ടു കഴിഞ്ഞിരുന്നു. അതിലൊന്നായിരുന്ന ‘കരി’. ഷാനവാസിന്റെ ആദ്യത്തെ സിനിമ. അത് സംഭവിച്ചത് 2015 ല്‍ ആയിരുന്നു. മലബാറിലെ ‘കരിങ്കാളിയാട്ടം’ എന്ന അനുഷ്ഠാന കലാരൂപത്തേയും, അത് ചൂഴ്ന്നുനിന്നിരുന്ന ജാതിവ്യവസ്ഥയേയും ആസ്പദമാക്കി ഒരു ഫിക്ഷന്റെ ചൂടും ചൂരും ചേരുംപടി ചേര്‍ത്ത്, പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി, നിരുപമവും ശക്തവുമായ ആഖ്യാനശൈലിയില്‍ സൃഷ്ടിച്ചെടുത്ത ‘കരി’ക്ക് പക്ഷേ, വേണ്ടത്ര പരിഗണന ലഭിച്ചില്ല. അതുകൊണ്ട് തന്നെ ‘കരി’ക്ക് അതര്‍ഹിക്കുന്ന പ്രേക്ഷകശ്രദ്ധയും അംഗീകാരവും ലഭിക്കാതെ പോയി.
ആര്‍ദ്രവും സൗന്ദര്യാത്മകവുമായ ഒരു പ്രണയകഥ. കേട്ട മാത്രയില്‍ തന്നെ വിജയ് ബാബു എന്ന പ്രൊഡ്യൂസര്‍, ഫ്രൈഡേ ഫിലിം ഹൗസ് എന്ന തന്റെ നിര്‍മ്മാണ കമ്പനിയുടെ അടുത്ത ചിത്രമായി ‘സൂഫിയും സുജാതയും’ പ്രഖ്യാപിക്കുകയായിരുന്നു.
ഒന്നു പിഴച്ചാല്‍ കൈ പൊള്ളുന്ന പ്രമേയം. പക്ഷേ, വളരെ ടാക്റ്റ്ഫുള്‍ ആയി, ദൃശ്യ സമ്പന്നതയിലും ഷാനവാസ് കഥ പറഞ്ഞു. പ്രണയത്തോടൊപ്പം ഷാനവാസിന്റെ രാഷ്ട്രീയവുമുണ്ടായിരുന്നു ആ സിനിമയില്‍. സൂഫിയായി വേഷമിട്ടത് പുതുമുഖം ദേവ് മോഹന്‍. അതിഥി റാവു ഹൈദരി സുജാതയുമായി. ജയസൂര്യയ്ക്ക് സുജാതയുടെ ഭര്‍ത്താവിന്റെ റോളായിരുന്നു. അവളുടെ അച്ഛനും അമ്മയുമായി സിദ്ദിഖും കലാരഞ്ജിനിയും നടിച്ചു. അനു മൂത്തേടത്തായിരുന്നു ക്യാമറ. സംഗീതം എം. ജയചന്ദ്രനും.
കൊറോണ മൂലം ഒ ടി ടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്ത സൂഫിയും സുജാതയും വന്‍ വിജയമായിരുന്നു. ലക്ഷകണക്കിന് പ്രേക്ഷകര്‍ വീട്ടിലിരുന്ന് ആ ചിത്രം ആസ്വദിച്ചു. ‘സൂഫിയും സുജാത’യ്ക്കും ശേഷം അടുത്ത ചിത്രത്തിന്റെ രചന, അട്ടപ്പാടിയില്‍ താമസിച്ച് നിര്‍വ്വഹിക്കുകയായിരുന്നു ഷാനവാസ്. അതിനിടയിലാണ് ഷാനവാസിന് ഹൃദയാഘാതമുണ്ടാകുന്നത്. അബോധാവസ്ഥയില്‍ തന്നെ അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു. ”ഒരു ആയുഷ്ക്കാലത്തേക്കുള്ള ഓര്‍മകളും എന്നോടു പറഞ്ഞ കുറേ കഥകളും ബാക്കി വച്ച് അവന് പോയി.” നിര്‍മാതാവ് വിജയ് ബാബു ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
ജോജു ജോര്‍ജ്ജ് നായകനും നിര്‍മാതാവുമായ പീസ് എന്ന സിനിമയുടെ ചിത്രീകരണത്തിനു വേണ്ടിയാണ് അനില്‍ നെടുമങ്ങാട് തൊടുപുഴയില്‍ എത്തുന്നത്. നവാഗതനായ കെ. സന്‍ഫീര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘റെസ്റ്റ് ഇന്‍ പീസ്’ എന്നാണ് ആദ്യം പേര് നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് പീസ് എന്ന് ചുരുക്കുകയായിരുന്നു. അനിലിന് അവതരിപ്പിക്കാനുണ്ടായിരുന്നത് എസ്. ഐ. ഡിക്സണ്‍ എന്ന പോലീസ് കഥാപാത്രത്തെയാണ്. മൊത്തം സിനിമ പൂര്‍ത്തിയാവാന്‍ അവശേഷിച്ചിരുന്നത് അഞ്ചു ദിവസത്തെ ഷൂട്ടിങ് മാത്രം. ഷൂട്ടിങ് സൈറ്റില്‍ കാണാന്‍ എത്തിയ സുഹൃത്തുക്കളോടൊപ്പമാണ് അനില്‍ മലങ്കര ഡാമിലേക്ക് പോകുന്നതും, കുളിക്കാനായി ഇറങ്ങി അപകടത്തില്‍പ്പെടുന്നതും. അനില്‍ നന്നായി നീന്തുന്ന ആളാണെന്നാണ് അന്വേഷണത്തില്‍ അറിയുവാന്‍ കഴിഞ്ഞത്. എന്നാല്‍, മലങ്കര ഡാമിലെ ജലാശയത്തില്‍. അദ്ദേഹം മുങ്ങി താഴുകയായിരുന്നു. സ്ഥലത്ത് പാഞ്ഞെത്തിയ പ്രാദേശിക മുങ്ങല്‍ വിദഗ്ദ്ധന് ഷിനാജ്, വെള്ളത്തിലേക്ക് എടുത്തു ചാടി തിരഞ്ഞപ്പോള്‍ കരയില്‍ നിന്ന് 15 അടി ദൂരെ വെള്ളത്തിന്റെ അടിത്തട്ടില്‍ കമിഴ്ന്നു കിടക്കുകയായിരുന്നു, അനില്‍. അവശേഷിച്ചിരുന്ന ജീവന്റെ മിടിപ്പുമായി ഉടന്‍ തന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
ചെറുപ്പം മുതല്‍ അഭിനയം തലയ്ക്കുപിടിച്ചിരുന്ന അനില്‍, തൃശ്ശൂര്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് പഠിച്ചിറങ്ങിയതിനുശേഷം സിനിമയില്‍ അവസരം തേടി ഒരുപാട് അലഞ്ഞെങ്കിലും ഫലം കണ്ടില്ല. പക്ഷേ, ജീവിതത്തില്‍ നിരാശയ്ക്കും കണ്ണീരിനും യാതൊരു സ്ഥാനവുമില്ലെന്ന് മുമ്പേ തിരിച്ചറിഞ്ഞിരുന്നതിനാല്‍ അനില്‍, മുന്നില്‍ കണ്ട അടുത്ത വഴി തെരഞ്ഞെടുത്തു. നാടകത്തിലും ടെലിവിഷനിലും സജീവമായി. അപ്പോഴും സിനിമ തന്നെയായിരുന്നു ഏക ലക്ഷ്യം. തന്റെ സ്വപ്നം ഏതു നിമിഷം വേണമെങ്കിലും പൂവണിയുമെന്നും വിശ്വസിച്ചു. ഒടുവില്‍ അത്, 2005 ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായ ‘തസ്ക്കര വീര’നിലൂടെ അത് സാധ്യമാവുകയും ചെയ്തു. പിന്നീട് പല സിനിമകളിലും ചെറിയ വേഷങ്ങള്‍ അഭിനയിച്ചെങ്കിലും പ്രാധാന്യമുള്ളൊരു റോള്‍ ലഭിക്കാന്‍ 2014 വരെ കാത്തിരിക്കേണ്ടി വന്നു. ‘സ്റ്റീവ് ലോപ്പസ്’ എന്ന തന്റെ സിനിമയില്‍, മറ്റൊരു പ്രധാന നടന് മാറ്റി വച്ചിരുന്ന വേഷം സംവിധായകന് രാജീവ് രവി ധൈര്യപൂര്‍വ്വം അനിലിന് നല്‍കുകയായിരുന്നു. ഫ്രെഡി കൊച്ചച്ഛന് എന്ന മദ്യപാനിയായ ആ കഥാപാത്രത്തെ അനില്‍ അതിഗംഭീരമായി അവതരിപ്പിക്കുകയും ചെയ്തു. അതിനുശേഷം രാജീവ് രവി തന്നെ സംവിധാനം ചെയ്ത, ദുല്‍ഖര്‍ സല്മാന് ചിത്രമായ ‘കമ്മട്ടിപ്പാട’ത്തില്‍ കളം നിറഞ്ഞാടിയ വില്ലന്‍ വേഷവും മികച്ചതാക്കി.
”താടി വെച്ച് ഫ്രെയിമില്‍ അനിലിനെ കണ്ടാല്‍ പെട്ടെന്ന് നരേന്ദ്ര പ്രസാദ് സാറിന്റെ ചെറുപ്പം ഓര്‍മ്മ വരും. സംവിധായകനെ വിസ്മയിക്കുന്ന നടനാണ് അനില്‍. വളരെ പവര്‍ഫുള്‍ ആണ് അവന്റെ ആക്ടിംഗ്. ശരിക്കും ഫയര്‍ബ്രാന്റ്. അനായാസവും സ്വതഃസിദ്ധവുമായ മോഡലേഷനോടു കൂടിയ ഡയലോഗ് ഡെലിവറിയാണ് മറ്റൊരു പ്രത്യേകത. അവന്റെ പെര്ഫോര്മന്സില് ഒട്ടും തന്നെ കറക്ഷന് തോന്നാറില്ല. ബോളിവുഡിലെ ഇര്ഫാന് ഖാനോടാണ് ഞാന്‍ അവനെ ഉപമിക്കുക.” ഒരിക്കല്‍ രാജീവ് രവി പറഞ്ഞു.
പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, തെളിവ്, ആഭാസം, പരോള്‍, അയാള്‍ ശശി, കിസ്മത്ത്, പാവാട, ആമി, പൊറിഞ്ചു മറിയം ജോസ്, അയ്യപ്പനും കോശിയും തുടങ്ങി ഇരുപത്തി അഞ്ചിലധികം സിനിമകള്‍ അനില്‍ ചെയ്തു കഴിഞ്ഞിരുന്നു. അതില്‍ സംവിധായകന് കമലിന്റെ ‘ആമി’ യില്‍ മാധവിക്കുട്ടിയുടെ അച്ഛന് വി. എം. നായരുടെ വേഷമായിരുന്നു, അനിലിന്. ‘പൊറിഞ്ചു മറിയം ജോസി’ല്‍ അഭിനയിക്കുവാനായി സംവിധായകന് ജോഷി നേരിട്ടാണ് അനിലിനെ വിളിച്ചത്:
”അനിലിന്റെ സിനിമകള്‍ ഞാന്‍ കാണാറുണ്ട്. നല്ല അഭിപ്രായമാണ്. പൊറിഞ്ചു മറിയം ജോസ് എന്ന പേരില്‍ ഞാനൊരു സിനിമ ചെയ്യുന്നു. തൃശ്ശൂരാണ് ലൊക്കേഷന്‍. അനിലിന് അതിലൊരു വേഷമുണ്ട്. എന്താ, ചെയ്യുന്നതില്‍ വിരോധമുണ്ടോ?”
ജോഷിയുടെ സംസാരം കേട്ട് ആദ്യമൊന്ന് നടുങ്ങിയെങ്കിലും മനസ്സിന്റെ സമനില തിരിച്ചു പിടിച്ചുകൊണ്ട് അനില്‍ പറഞ്ഞു:
”അത് എന്ത് ചോദ്യമാണ് സര്? എവിടെ, എപ്പോ, വരണമെന്നു മാത്രം പറഞ്ഞാല്‍ മതി.”
‘പൊറിഞ്ചു മറിയം ജോസി’ല്‍ നടന് വിജയരാഘവന് അഭിനയിച്ച ഐപ്പ് മുതലാളിയുടെ ഗുണ്ടകളായ രണ്ട് ആണ്മക്കളില് മൂത്തവനായ കുര്യന്റെ വേഷമായിരുന്നു അനിലിന്. അനിലിന്റെ ഹൃസ്വമായ സിനിമാ ജീവിതത്തില്‍ ഏറ്റവും വലിയ ബ്രേക്കായിരുന്നു, സച്ചി സംവിധാനം ചെയ്ത ‘അയ്യപ്പനും കോശിയും’. സത്യത്തില്‍ അത് സച്ചിയുടേയും ബിജു മേനോന്റെയും പൃഥ്വിരാജിന്റെയും അനിലിന്റെയും മോഹസിനിമയായിരുന്നു. ആ സിനിമയുടെ പ്രദര്‍ശന വിജയത്തിനിടയില്‍ സച്ചി മരിച്ചു. അകാലത്തില്‍ സംഭവിച്ച സച്ചിയുടെ മരണം ചെറിയ തോതിലൊന്നുമല്ല അനിലിനെ തളര്‍ത്തിയത്.
അയ്യപ്പനും കോശിക്കും ശേഷം ഒരുപാട് ഓഫറുകള്‍ അനിലിനെ തേടിയെത്തിയിരുന്നു. പലതും സ്വീകരിക്കുകയും ചെയ്തു. അതിലൊന്നായിരുന്നു പീസ്. എറണാകുളത്ത് ഷൂട്ടിങ് നടന്നിരുന്ന ‘അനുരാധ’ എന്ന ചിത്രത്തിലും അനില്‍ അഭിനയിച്ചിരുന്നു. രണ്ടും പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല.
ഷാനവാസിനെ സംബന്ധിച്ച് വലിയ പ്രതീക്ഷയായിരുന്നു മൂന്നാമത്തെ സിനിമയുടെ പ്രമേയം. പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയ ആ തിരക്കഥ ഇനിയുള്ള കാലം അനാഥമായി കിടക്കും. പക്ഷേ, അതിന്റെ പ്രൊഡ്യൂസര്‍ മറ്റൊരു പ്രൊജക്ടുമായി മുന്നോട്ട് പോകും. അനിലുമായി കരാറായ പ്രൊജക്ടുകളും മറ്റേതെങ്കിലും നടനെ വെച്ച് പൂര്‍ത്തിയാക്കും. ആര്‍ക്കും എല്ലാറ്റിനും ഓപ്ഷന്‍സ് ഉണ്ട്. മരണത്തിനൊഴികെ…
പ്രതികരിക്കാൻ ഇവിടെ എഴുതുക: