കൊല്ലം: കൊല്ലത്തും കരുനാഗപ്പള്ളിയിലെ ആലപ്പാട് തീരത്തും കടലേറ്റം രൂക്ഷം. ശക്തമായ തിരമാലകള്‍ കരയിലേക്ക് കയറുന്നതുമൂലം നിരവധി വീടുകളില്‍ വെള്ളം കയറി. ഇത് ജനങ്ങളെ ഭീതിയിലാക്കി.
ഇന്നലെ രാവിലെ മുതല്ക്കാണ് ആലപ്പാട് ശക്തമായി കടല്‍ കരയിലേക്ക് കയറിയത്. പതിവിന് വിപരീതമായി ആദ്യം ചെറിയ തിരമാലകള്‍ കരയിലേക്ക് കയറിയിരുന്നു. വേലിയേറ്റമാകുമെന്ന് കരുതി പ്രദേശവാസികള്‍ ഗൗരവമായി കണ്ടില്ല. പിന്നീട് കൂറ്റന്‍ തിരമാലകള്‍ കരയിലേക്ക് കയറി. ആലപ്പാട് ബീച്ചിലും കൊല്ലം ബീച്ചിലും ഏകദേശം 50 മീറ്റര്‍ വരെ കടല്‍ കരയിലേക്ക് കയറിക്കഴിഞ്ഞു. താല്കാലിക മണല്‍കൂന സൃഷ്ടിച്ച് വെള്ളം കയറുന്നത് തടയാനുള്ള ശ്രമം അധികൃതര്‍ ആരംഭിച്ചു. കടല്‍ഭിത്തി തകര്‍ന്ന ഇടങ്ങളില്‍ സ്ഥാപിച്ചിരുന്ന മണ്‍ചാക്കുകളും പല ഇടങ്ങളിലും തകര്‍ന്ന നിലയിലാണ്.
അഴീക്കലും കൊല്ലം ബീച്ചിലും ഏകദേശം 50 മീറ്റര്‍ വരെയാണ് കടല്‍ കരയിലേക്ക് അടിച്ചു കയറിയത്. ഏറ്റവും അപകടകരമായ ബീച്ചാണ് കൊല്ലം ബീച്ച്. ഇവിടെ നിരവധി ജീവനുകളാണ് മുമ്പ് കടലേറ്റതില്‍ നഷ്ടപ്പെട്ടത്. ബീച്ചിലെ മണല്‍തിട്ട ശക്തമായ തിരയില്‍ ഇടിഞ്ഞുതാണിരിക്കുകയാണ്. ഡിസംബറില്‍ കടല്‍ പ്രക്ഷുബ്ദമാകുന്നത് ആദ്യമായിട്ടാണെന്ന് ലൈഫ് ഗാര്‍ഡുകള്‍ പറയുന്നു.
കോവിഡ് വ്യാപനഭീതിയെ തുടര്‍ന്ന് സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്ന കൊല്ലം ബീച്ച് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് സന്ദര്‍ശകര്‍ക്കായി തുറന്ന് കൊടുത്തത്. പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട് ഇന്ന് വൈകിട്ട് ബീച്ചില്‍ എത്തുന്ന സന്ദര്‍ശകര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിന് വേണ്ട സംവിധാനം അധികാരികള്‍ നല്‍കണമെന്ന് ലൈഫ് ഗാഡുകള്‍ ആവശ്യപ്പെട്ടു. ലൈഫ് ഗാര്‍ഡുകള്‍ സന്ദര്‍ശകരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: