കൊച്ചി: കോവിഡ് മഹാമാരി ഏറ്റവും കൂടുതല്‍ ആഘാതം സൃഷ്ടിച്ചത് അസംഘടിത മേഖലയിലാണെന്ന് ബി.എം.എസ്. രാജ്യത്താകമാനമായി അസംഘടിത മേഖലയില്‍ 50 കോടിയിലധികം തൊഴിലാളികളുണ്ട്. അന്നന്ന് തൊഴില്‍ ചെയ്ത് ഉപജീവനം നടത്തുന്ന തൊഴിലാളികളുടെ ജീവിതം പാടെ വഴിമുട്ടുകയാണ്. അതിനാല്‍ അസംഘടിത മേഖലയിലെ എല്ലാ വിഭാഗം തൊഴിലാളികള്‍ക്കും പതിനായിരം രൂപ അടിയന്തിര സാമ്പത്തിക സഹായം നല്‍കണമെന്ന് ബി.എം.എസ്.
2019-20 കാലഘട്ടങ്ങളിലായി കേന്ദ്രസര്‍ക്കാര്‍ 6000 രൂപയും നിലവില്‍ 4000 രൂപയും ഉള്‍പ്പെടെ കൃഷിക്കാര്‍ക്ക് പതിനായിരം രൂപ പണമായി നല്കി സഹായിക്കുകയുണ്ടായി, ഇതുവഴി കേരളത്തില്‍ 25 ലക്ഷം കര്‍ഷകര്‍ക്ക് കേന്ദ്ര ആനുകൂല്യം ലഭിക്കുകയുണ്ടായി. ജന്‍ധന്‍ അക്കൗണ്ടുള്ള മഹിളകള്ക്കാകട്ടെ അഞ്ഞുറു രൂപ വീതം മൂന്നു തവണകളിലായി ആയിരത്തി അഞ്ഞൂറു രൂപയും അതുവഴി കേരളത്തില്‍ 24 ലക്ഷം സ്ത്രീകള്‍ക്ക് കേന്ദ്ര ആനുകൂല്യവും ലഭിക്കുകയുണ്ടായി.
സംസ്ഥാനത്തെ ഒന്നേകാല്‍ കോടിയോളം വരുന്ന അസംഘടിതമേഖലയിലെ സാധാരണക്കാരായ തൊഴിലാളികള്‍ക്ക് കേരള സര്‍ക്കാര്‍ നാമമാത്രമായ 1000 രൂപയുടെ സഹായം മാത്രമാണ് ഇതിനോടകം നല്‍കിയിട്ടുള്ളത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് 2018 ലെ പ്രളയമടക്കമുള്ള ഓരോ ദുരന്തത്തിലും, ഏറ്റവുമവസാനമായി കോവിഡ്-19 മഹാമാരി കാലത്തും ആയിരക്കണക്കിനു കോടി രൂപയുടെ സഹായം കേന്ദ്രസര്‍ക്കാരില്‍നിന്നും പൊതുജനങ്ങളില്‍നിന്നും, സ്ഥാപനങ്ങളില്‍നിന്നും സര്‍ക്കാരിലേക്കു വന്നു ചേരുകയുണ്ടായി. 2018 ഒക്ടോബര്‍ 18 മുതല്‍ 4 ദിവസം മുഖ്യമന്ത്രിയും ഇന്നത്തെ കള്ളക്കടത്തു കേസ്സില്‍ പ്രതികളായവരും ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ ദുബായ്, അബുദാബി, ഷാര്‍ജ എന്നിവിടങ്ങളിലായി നടത്തിയ മുഖ്യമന്ത്രിയുടെ ബിസിനസ്സ് മീറ്റില്‍ 700 കോടി കിട്ടിയതായി മുഖ്യമന്ത്രി ഔദ്യോഗികമായി പത്രസമ്മേളനം നടത്തിപ്പറയുകയുണ്ടായി.
‘നവകേരള നിര്‍മ്മാണം’ എന്ന ലേബലിലായിരുന്നു പണപ്പിരിവ് എന്നാല്‍ 2016 മെയ് മാസം 25-ാം തീയതി അധികാരത്തില്‍ വന്ന പിണറായി സര്‍ക്കാരിന്റെ 1-ാം വാര്‍ഷിക പരസ്യത്തില്‍ തന്നെ 2017 ‘നവകേരള നിര്‍മ്മാണ’ ത്തെക്കുറിച്ച് പറഞ്ഞിരുന്നതായി കാണാന്‍ കഴിയും.
പ്രളയാനന്തരം കേരളത്തിന്റെ പുനര്‍ നിര്‍മ്മാണം എങ്ങുമെത്തിയില്ലെന്നു മാത്രമല്ല കിടപ്പാടം നഷ്ടപ്പെട്ടവര്‍പോലും പുനരധിവസിക്കപ്പെട്ടില്ല എന്നതാണ് ദു:ഖകരമായ സത്യം. പ്രതിസന്ധിയില്‍പ്പെട്ട് നട്ടം തിരിയുന്ന സാധാരണക്കാരായ തൊഴിലാളിയുടെ നിത്യവൃത്തി തന്നെ കോവിഡ്-19 ന്റെ വരവോടെ അസ്തമിക്കുകയും ചെയ്തു.
പിരിച്ച പണമൊക്കെ എവിടെ എന്ന ചേദ്യം സര്‍ക്കാരിന്റെ മുമ്പിലുണ്ട്. സംസ്ഥാന സര്‍ക്കാര്‍ 20,000 കോടിയുടെ കോവിഡ് പാക്കേജ് പ്രഖ്യാപിച്ചു എന്നല്ലാതെ സാധാരണക്കാരന്റെ കൈയ്യില്‍ കേന്ദ്രസര്‍ക്കാര്‍ ചെയ്തതുപോലെ പണമെത്തിക്കാനുള്ള ഒരു നടപടിയും സ്വീകരിച്ചില്ല. നാമമാത്രമായി 1000 രൂപ ക്ഷേമബോര്‍ഡുകള്‍ വഴി നല്‍കുകയും മാസത്തിലുള്ള കിറ്റുംകൊണ്ട് തീര്‍ക്കാവുന്നതല്ല ഇന്നത്തെ പ്രതിസന്ധി. മോട്ടോര്‍ ക്ഷേമനിധിയില്തന്നെ അവകാശികളില്ലാത്ത 1200 കോടി രൂപ കെട്ടികിടക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാര്‍ സൗജന്യ റേഷനും പാചകഗ്യാസുമടക്കം നല്കുമ്പോള് സംസ്ഥാന സര്‍ക്കാര്‍ അസംഘടിതമേഖലയിലെ തൊഴിലാളികള്‍ക്ക് ചുരുങ്ങിയത് 10,000 രൂപ അടിയന്തിര സാമ്പത്തിക സഹായം അനുവദിക്കണമെന്ന് 2020 ഡിസംബര്‍ 26, 27 തീയതികളിലായി എറണാകുളം തൊഴിലാളി പഠന പരിശീലനഗവേഷണ കേന്ദ്രം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ബി.എം.എസ്സ് 19-ാം സംസ്ഥാന സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: