അബു
ഒരു സോപ്പ്കുമിളയില് തോറ്റു പോകുന്ന കൊറോണ വൈറസ് ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ 18 ലക്ഷത്തോളം പേരെ റണ്‍ ഔട്ട് ആക്കിയാണ് കടന്നുപോകുന്നത്. വന്‍കിട ശക്തികളായ ലോക രാജ്യങ്ങളുടെ പോലും സമ്പദ്ഘടനയെ പിടിച്ചു കുലുക്കിയ ഈ ഓട്ടത്തിനിടയില്‍ ഈ മഹാരോഗം കായികരംഗത്തിന്റെ പെനാള്‍ട്ടി ബോക്സിലും കയറിക്കളിച്ചു. 125-ാം വാര്‍ഷികത്തിനൊരുങ്ങി നില്‍ക്കുകയായിരുന്ന ടോക്കിയോ ഒളിംപിക്സ്(2021 ലേക്ക് നീട്ടിയെങ്കിലും) മുപ്പത്തിരണ്ടാമത്തെ ഈ വിശ്വകായികമേള ഇതിനകം 96,000 കോടി രൂപ ചെലവാക്കിയപ്പോഴും, നടക്കുമോ എന്നു പറയാന്‍ വയ്യാത്ത നിലയിലാണ്. ജൂണ്‍ 29ന് ലണ്ടനില്‍ ആരംഭിക്കേണ്ടിയിരുന്ന 134-ാമത് വിംബിള്‍ഡണ്‍ ടെന്നീസ്, 75 വര്‍ഷങ്ങള്‍ക്കിടയില്‍ ആദ്യമായി ഉപേക്ഷിക്കേണ്ടിവന്നു. നവംബറില്‍ മഡ്രിഡ് ആതിഥ്യം നല്കാന് കാത്തിരുന്ന ഡേവിസ്് കപ്പ് ടെന്നിസ് ഫൈനല്‍ നീട്ടിവെച്ചു. ലോക ചെസ് മത്സരത്തിനു മുന്നോടിയായ യോഗ്യതാ റൗണ്ടായ കാന്‍ഡിഡേറ്റ് ചെസ് ഏഴു റൗണ്ട് പൂര്‍ത്തിയായ ശേഷം റഷ്യയില്‍ നിര്‍ത്തിവെക്കേണ്ടിവന്നു. ടി20 ലോകകപ്പ് ക്രിക്കറ്റ് 2022ലേക്ക് നീട്ടി. ദല്‍ഹിയില്‍ നടത്താനിരുന്ന ലോകകപ്പ് ഷൂട്ടിങ്ങ് റദ്ദാക്കി.
അമേരിക്കയിലെ യൂജിനില്‍ നടത്താന്‍ നിശ്ചയിച്ച ലോക അത്ലറ്റിക്സ് ജൂലായ് 22ലേക്ക് മാറ്റി. ലണ്ടനില്‍ ആഗസ്റ്റില്‍ നടത്താനിരുന്ന ലോകസ്ന്നൂക്കര് ചാംപ്യന്‍ഷിപ്പ് ഉപേക്ഷിച്ചു. തെക്കന്‍ കൊറിയ നടത്താന്‍ തീരുമാനിച്ച ലോക ടേബിള്‍ ടെന്നിസ് ചാംപ്യന്‍ഷിപ്പും നീട്ടി. ബാസ്ക്കറ്റ്ബോളിലെ ലോകമത്സരമെന്നറിയപ്പെടുന്ന അമേരിക്കയിലെ എന്‍.ബി.എ. മത്സരവും, ലോകം ഉറ്റുനോക്കുന്ന ഫോര്‍മുല-വണ്‍ കാറോട്ട മത്സരവും പ്രതിസന്ധിയുടെ ടച്ച് ലൈനിന് അകത്താണ്.
ഫുട്ബോളില്‍, മൂന്നുമാസങ്ങള്‍ കാത്തിരുന്നശേഷം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗും ജര്‍മനിയിലെ ബുന്ദസ്ലിഗയും സ്പെയിനിലെ ലാലിഗയും പതുക്കെ തല നീട്ടി എന്നത് നേര്. 110 നാള് മുടങ്ങിക്കിടന്നശേഷം വെസ്റ്റിന്‍ഡീസ്-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയും ഇംഗ്ലണ്ട്-പാക്കിസ്ഥാന് ക്രിക്കറ്റ് പരമ്പരയും ഇന്ത്യ-ഓസ്ട്രേലിയ പരമ്പരയും കാണികളെ കയറ്റാതെ നടത്തുകയും ചെയ്തു. എന്നാല്‍ ലോക സൈക്കിളിങ്ങിന്റെ പത്തൊമ്പതാമത് ടൂര്‍ ദ് ഫ്രാന്‍സ് മത്സരം എങ്ങനെ നടത്തുമെന്നറിയാതെ ഓടിനടക്കുകയാണ് സംഘാടകര്‍.
ബെയ്ജിങ്ങിലും ലണ്ടനിലും സ്വര്‍ണം നേടി, ടോക്കിയോയില്‍ ഹാറ്റ്ട്രിക്ക് പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിച്ച ചൈനയുടെ ലിന് ഡാന്‍ എന്ന ബാഡ്മിന്റണ്‍ ഇതിഹാസം 36-ാം വയസില്‍ വിടവാങ്ങല്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ലോകമീറ്റിന് വെള്ളി മെഡല്‍ നേടിയ ചൈനക്കാരനായ ഹൈജംപര്‍ സാംഗ് ഗോവലും 28-ാം വയസില്‍തന്നെ അവരെ പിന്പറ്റിയിരിക്കയാണ്. സെപ്റ്റംബറില്‍ അമേരിക്കന്‍ ഓപ്പണ്‍ ടെന്നിസ് നടത്തിയെങ്കിലും മൂന്ന് ഒന്നാം കിടക്കാരില്‍ സ്പെയിനിന്റെ, റാഫേല്‍ നദാലും സ്വിറ്റ്സര്‍ലാന്‍ഡിന്റെ റോജര്‍ ഫെഡററും ഒഴിഞ്ഞുകളഞ്ഞു.
ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ക്ലബ് ആയ കൊല്‍ക്കത്ത മോഹന്‍ ബഗാന് അടയ്ക്കുകയും സ്പോര്‍ട്സ് അതോറിട്ടി ഓഫ് ഇന്ത്യയുടെ പത്തു സെന്ററുകളും അഞ്ചു സ്റ്റേഡിയങ്ങളും ആശുപത്രികളാക്കി മാറ്റുകയും ചെയ്തു. മുംബെയിലെ നാഷണല്‍ സ്പോര്‍ട്സ് ക്ലബും ഹൈദരാബാദിലെ രാജീവ്ഗാന്ധി സ്റ്റേഡിയവും ആശുപത്രികളാക്കി മാറ്റാന്‍ ആരും മടിച്ചു നിന്നില്ല. ഇംഗ്ലണ്ടില്‍ എം.സി.സി.യും ലോര്‍ഡ്സ് ഗ്രൗണ്ടിലെ പാര്‍ക്കിങ്ങ് ഏരിയ രോഗ ശുശ്രൂഷകള്‍ക്കായി വിട്ടു കൊടുത്തു. 2012ല്‍ ലണ്ടന്‍ ഒളിംപിക്സ് നടന്ന ന്യൂഹം സ്റ്റേഡിയവും സ്പെയിനില്‍ റയല്‍മാഡ്രിഡിന്റെ സാന്റിയാഗോ സ്റ്റേഡിയവും ആശുപത്രിയാക്കി മാറ്റി.
നമ്മെ സംബന്ധിച്ചിടത്തോളം നാലുപതിറ്റാണ്ടിനുശേഷം ഒളിംപിക് ഹോക്കി സ്വര്‍ണം വീണ്ടെടുക്കാനുള്ള ശ്രമത്തില്‍, മോണ്ട്രിയോള് ഒളിംപിക്സ് ജേതാക്കളായ ന്യൂസിലന്‍ഡിന്റെ ഇന്ത്യാപര്യടനം പ്ലാന്‍ ചെയ്തിരുന്നു. എന്നാല്‍ ഇന്ത്യയിലെ കോവിഡ് രോഗബാധ കേട്ട്, അവര്‍ പര്യടനം ഉപേക്ഷിച്ചു. 2020 ഒക്ടോബറില്‍ ഗോവയില്‍ നടക്കേണ്ടിയിരുന്ന നാഷണല്‍ ഗെയിംസും പാട്യാല ആതിഥ്യം നല്കാന് കാത്തിരുന്ന ഫെഡറേഷന് കപ്പ് അത്ലറ്റിക്സും മിസോറം നടത്തുമെന്നു പ്രതീക്ഷിച്ച സന്തോഷ് ട്രോഫി ഫുട്ബോളുമൊക്കെ അലസിപ്പോയി. ഏറെ പുകഴ്ത്തപ്പെട്ട നമ്മുടെ ഐ. ലീഗ് ഫുട്ബോള്‍ പൂര്‍ത്തിയാക്കും മുമ്പ,് ഫൈനല്‍ വിസിലായി. ഐഎസ്എല്‍ ഫുട്ബോള്‍ മാമാങ്കം ഗോവയില്‍ കാണികളില്ലാതെ നടത്തേണ്ടിയുംവന്നു. ലോകശ്രദ്ധ നേടിക്കഴിഞ്ഞ ഐപിഎല്‍ ക്രിക്കറ്റ് ലീഗ് ഒടുവില്‍ കരകടന്നു. യു.എ.ഇ.യില്‍ കാണികളെ ആരെയും കയറ്റാതെ മൂന്നിടത്തായി നടത്താന്‍ നങ്കൂരമിട്ടത് മാത്രമാണ് ആശ്വാസം.
രാഷ്ട്രീയത്തിന്റെ രണ്ടാം ഇന്നിങ്ങ്സില്‍ നൈറ്റസ്് വാച്ച്മാനായി ഇറങ്ങിയ ഉത്തര്‍പ്രദേശ് മന്ത്രികൂടിയായ മുന്‍ ഇന്ത്യന്‍ ഓപ്പണിങ്ങ് ബാറ്റ്സ്മാന് ചേതന്‍ ചൗഹാനെ 73-ാം വയസില്‍ കോവിഡ് റണ്‍ഔട്ടാക്കി. കോവിഡ് മരണം കേരളത്തെയും പിടികൂടുകയുണ്ടായി. മട്ടാഞ്ചേരിയിലെ യാക്കൂബ് ഹസന്സേട്ടിന്റെ വിയോഗത്തോടെ ആയിരുന്നു അത്. ട്രക്ക് ഡ്രൈവറായി ജീവിതം ആരംഭിച്ചശേഷം ദുബായിയില്‍ ചെന്നു സൂപ്പര്‍ മാര്‍ക്കറ്റുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന ഈ പഴയകാല ക്രിക്കറ്റര്‍, അവിടെ ക്രിക്കറ്റ് വളര്‍ത്തുന്നതിലും പ്രധാനപങ്ക് വഹിച്ച സംഘാടകന്‍ ആയിരുന്നു. കോവിഡ് 79-ാം വയസിലാണ് ഈ വിക്കറ്റെടുത്തത്.
ദല്‍ഹിയില്‍ നിന്നുള്ള ബി.ജെ.പി. എം.പി. കൂടിയായ മുന്‍ ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍, പാര്‍ലമെന്റംഗമെന്ന നിലക്കുള്ള തന്റെ പ്രതിഫലം വാഗ്ദാനം ചെയ്തപ്പോള്‍, മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ക്യാപ്റ്റനായ ബൈച്ചുങ്ങ് ബൂട്ടിയ, ഗാങ്ങ്ടോക്കില്‍ താന്‍ പണിയുന്ന കെട്ടിടം 100 പേരെ കിടത്തി ചികിത്സിക്കാവുന്ന ആശുപത്രിയാക്കാമെന്നു വാഗ്ദാനം ചെയ്യുകയുണ്ടായി. ഇന്ത്യക്കുവേണ്ടി താന്‍ നേടിയ 35 സെഞ്ചുറികളേയും, മുംബൈക്കു വേണ്ടി സ്കോര്‍ ചെയ്ത 24 ശതകങ്ങളേയും ഓര്‍മിപ്പിച്ച് 59 ലക്ഷം രൂപയാണ് ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗാവസ്കര്‍ നല്‍കിയത്. ഗുജറാത്തില്‍ നിന്നുള്ള ടെസ്റ്റ് ക്രിക്കറ്റ് സഹോദരങ്ങളായ ഇര്ഫാന് പഠാനും യൂസുഫ് പഠാനും രോഗ ബാധിതര്‍ക്ക് ആവശ്യമുള്ളത്ര അരിയും പച്ചക്കറിയും മുഖാവരണവും നല്കാന് സന്നദ്ധരായി. ഹര്ഭജന് സിങ്ങാകട്ടെ അയ്യായിരം കുടംബങ്ങള്‍ക്ക് ഭക്ഷണം വിതരണം ചെയ്തു. പതിനഞ്ചാം വയസ്സില്‍ ലോക ഗോള്‍ഫ് ജൂനിയര്‍ കിരീടം സ്വന്തമാക്കിയ ദല്‍ഹിയിലെ അര്ജ്ജുന് ബാതി തനിക്കു കിട്ടിയ ട്രോഫികളെല്ലാം വിറ്റ്, നാലേകാല്‍ ലക്ഷം രൂപ സംഭാവന ചെയ്തു.
അതേസമയം കൊറോണയെ തോല്പിച്ച ഒരു വീരഗാഥ കൂടി. ദല്‍ഹിയില്‍നിന്നുള്ള ഒരു പതിനഞ്ചുകാരിയുടെ കഥയാണിത്. ഹരിയാന അതിര്‍ത്തിഗ്രാമമായ ഗുരുഗ്രാമില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ ആയിരുന്ന പിതാവ് മോഹന്‍ പാസ്വാനു പിടിപെട്ട അസുഖം എന്താണെന്നറിയാതെ ലോക്ക്ഡൗണ്‍ കാലത്ത് അയാളെ സ്വന്തം സൈക്കിളിന്റെ കാരിയറില്‍ കയറ്റി, ഏഴു ദിവസം സൈക്കിള്‍ ചവുട്ടി, 1200 കിലോമീറ്റര്‍ താണ്ടി ബിഹാറിലെ ദര്‍ഭംഗാ ആശുപത്രിയിലെത്തിച്ചു, ജ്യോതികുമാരി എന്ന ആ പെണ്‍കുട്ടി.
വിവരമറിഞ്ഞ് ഇന്ത്യന്‍ സൈക്കിളിങ്ങ് ഫെഡറേഷന് തങ്ങളുടെ കോച്ചിങ്ങ് ക്യാമ്പിലേക്ക് ആ ബാലികക്ക് ക്ഷണമയച്ചു. തനിക്കിപ്പോള്‍ പിതാവിനു കൂട്ടുനില്‍ക്കാനാണ് ആഗ്രഹമെന്നു പറഞ്ഞ് ജ്യോതികുമാരി ക്ഷണം നിരസിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: