തന്റെ അധീനതയിലുള്ള പ്രദേശങ്ങള്‍ ഓരോന്നായി ശിവാജി കയ്യടക്കിക്കൊണ്ടിരിക്കുന്നത് മൂകനായി നോക്കനില്ക്കാനെ ആദില്‍ശാഹയ്ക്ക് സാധിച്ചുള്ളൂ. എല്ലാ തന്ത്രങ്ങളും പ്രയോഗിച്ച് പരാജയപ്പെട്ടിരിക്കയായിരുന്നു. എല്ലാ സൈനികമേധാവികളും പരാജയപ്പെട്ടു കഴിഞ്ഞിരുന്നു. നിരാശപൂണ്ട ഉലിയബേഗം മെക്ക യാത്രക്ക് പുറപ്പെട്ടു. എലിയെ ലഭിക്കാത്തതുകൊണ്ട് പൂച്ച സന്യാസം സ്വീകരിച്ചു.
വിശാലഗഡ് ഉപരോധിച്ചു നിന്നിരുന്ന സംഗമേശ്വരത്തെ ജസവന്തറാവുവിനും ശൃംഗാരപുരത്തെ സൂര്യറാവുവിനും അവരുടെ കടം തിരിച്ചുകൊടുക്കണമായിരുന്നു. ഇവരുടെ രണ്ടുപേരുടെയും പ്രദേശങ്ങള്‍ സ്വരാജ്യത്തില്‍ ചേര്‍ത്തു. അതോടെ ശിവാജിയുടെ അധീനതയില്‍ നില്‍ക്കുന്നതാണ് നല്ലതെന്ന് ശൃംഗാരപുരത്തെ സൂര്യറാവു നിശ്ചയിച്ചു. പന്‍ഹാള പ്രകരണത്തിന്റെ കണക്കുകളെല്ലാം തീര്‍ത്തു. പുതിയ പ്രദേശങ്ങളിലെല്ലായിടത്തും ഭരണവ്യവസ്ഥ ചെയ്തു. ശാന്തിയും സമാധാനവും കൈവരിച്ചു. ഇതിനുശേഷം പ്രതാപഗഡില്‍ ഭവാനിദേവിയുടെ പ്രതിഷ്ഠാകര്‍മം നിര്‍വഹിച്ചു.1663 ആയി. ശയിസ്തേഖാന് സ്വരാജ്യത്തെ നശിപ്പിച്ചുകൊണ്ടിരിക്കയായിരുന്നു.
പൂനെയില്‍നിന്ന് ഇയാളെ ഓടിക്കാതെ ഒന്നും ചെയ്യാന്‍ സാധിക്കുമായിരുന്നില്ല. ഒരുലക്ഷത്തോളം വരുന്ന മുഗള്‍സൈന്യം ലാല്‍ മഹളിനു ചുറ്റും തമ്പടിച്ചിരിക്കുകയാണ്. ശക്തമായ പീരങ്കികള്‍ സ്ഥാപിച്ചിട്ടുണ്ട്. ശയിസ്തേഖാന് മറ്റു സ്ഥലങ്ങളിലും ആക്രമണത്തിനായി സര്‍ദാര്‍മാരെ അയയ്ക്കുന്നുണ്ടായിരുന്നു.
ഗറില്ല യുദ്ധതന്ത്രമുപയോഗിച്ച് നേതാജി ശയിസ്തേഖാനെ ഇടയ്ക്കിടക്ക് മുറിവേല്പ്പിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. ഒരിക്കല്‍ നേതാജിയുടെ എണ്ണായിരം സൈനികര്‍ മുഗള്‍ സൈന്യത്തെ ആക്രമിച്ചു.
ഈ ആക്രമണത്തില്‍ നിന്നും സ്വയം രക്ഷിച്ചുകൊണ്ട് മുഗളസൈന്യം തിരിച്ചടിക്കാനാരംഭിച്ചു. നേതാജിയുടെ സേന പിന്‍വാങ്ങാന്‍ തുടങ്ങി, മുഗളസൈന്യം പിന്തുടര്‍ന്നാക്രമിച്ചു. ഏറെ ദൂരം പിറകോട്ട് പോയി ഒരു വന പ്രദേശത്ത് വെച്ച് നേതാജിയുടെ സൈന്യം അദൃശ്യമായി. ആ സമയത്ത് മുഗളസൈന്യത്തിന്റെ മറുഭാഗത്ത് നിന്നിരുന്ന നേതാജിയുടെ രണ്ടായിരം സൈനികര്‍ നാഥനില്ലാത്ത മുഗളശിബിരം കൊള്ളയടിച്ചു. പടഗൃഹങ്ങളും ആന, കുതിര, ഒട്ടകം മുതലായ മൃഗങ്ങളെയും യുദ്ധോപകരണങ്ങളും മറാഠാ സൈനികര്‍ക്ക് ലഭിച്ചു. ഈ സമയത്തുതന്നെ ശിവാജി ശയിസ്തേഖാന്റെ മറ്റൊരു പേരുകേട്ട സര്‍ദാര്‍ നാമദാര്ഖാനെ പരാജയപ്പെടുത്തി.
ശയിസ്തേഖാനെ പൂനെയില്‍ നിന്നും എങ്ങനെ ഓടിക്കാന്‍ സാധിക്കും എന്ന് ശിവാജി ചിന്തിച്ചുകൊണ്ടിരിക്കയായിരുന്നു. ശയിസ്തേഖാന് സ്വരാജ്യത്തില്‍ പ്രവേശിച്ചിട്ട് മൂന്നുവര്‍ഷം കഴിഞ്ഞു. നേരിട്ടുള്ള യുദ്ധത്തില്‍ ഇയാളുടെ സേനയുമായി പിടിച്ചു നില്ക്കാന് സാധ്യമല്ല. ഗറില്ലായുദ്ധം നടത്തിയാലും വിശാലമായ മുഗളസൈന്യത്തെ നശിപ്പിക്കാന്‍ സാധ്യമല്ല. വിശാലകായനായ ഗജത്തിന്റെ മസ്തകത്തില്‍ ചാടിക്കയറി സിംഹം ആക്രമിക്കുന്നതുപോലെ, സഹ്യാദ്രിസിംഹത്തിന് ശയിസ്തേഖാന്റെ മസ്തകത്തില്‍ കയറി ആക്രമിക്കേണ്ടിവരും. അത്യന്തം സാഹസികവും പ്രാണാപായകരവുമാണ് ആ കാര്യം. അതിനുള്ള പദ്ധതി തയ്യാറാക്കി. ഒരു ദിവസം രാത്രി പൂനെയില്‍ സ്ഥിതിചെയ്യുന്ന ലാല്‍മഹളില്‍ പ്രവേശിച്ച് ശയിസ്തേഖാനെ കൊന്നു വരണം. ഇതൊരു ദുസ്സാഹസമാണ്. ലാല്‍ മഹളിനു ചുറ്റും ഒരു ലക്ഷത്തോളം സൈന്യം നിലയുറപ്പിച്ചിട്ടുണ്ട്. രജപുത്രനായകനായ രാജാ ജസവന്തസിങ് തൊട്ടടുത്തുള്ള സിംഹദുര്‍ഗം ആക്രമിച്ചു സ്ഥിതി ചെയ്യുന്നുണ്ടായിരുന്നു. പൂനേ നഗരത്തിനു ചുറ്റും ആയിരക്കണക്കിനു സൈനികര്‍ കാവല്ക്കാരായുണ്ടായിരുന്നു. ഇതിനെ ഭേദിച്ച് അകത്തുകടക്കുക എന്നതു
പോകട്ടെ ഖാന്റെ സ്വപ്നത്തില്‍ പോലും കടക്കാന്‍ സാധ്യമല്ല. ലാല്‍ മഹളും അഭേദ്യമാണ് ദാദാജികൊണ്ഡ ദേവൂന്റെയും ശിവാജിയുടെയും മേല്‍നോട്ടത്തില്‍ നിര്‍മിച്ചതാണ് ലാല്‍ മഹല്‍.
മോഹന്‍ കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: