തിരുവനന്തപുരം: തിരുവനന്തപുരത്തെ തുറന്ന ജയിലില്‍ നിന്ന് തടവു ചാടിയത് ഏഴു വര്‍ഷം മുന്‍പ് തിരുവനന്തപുരം പ്രിന്‍സിപ്പള്‍ കോടതി വധശിക്ഷ വിധിച്ച പ്രതി ഉള്‍പ്പെടെ രണ്ട് കൊടും കുറ്റവാളികള്‍. ഇന്നലെ വൈകുന്നേരമാണ് കൊടും കുറ്റവാളികളായ പത്താംക്ലാസുകാരിയെ പീഡിപ്പിച്ച് കൊന്ന കേസിലെ പ്രതി രാജേഷ്, മറ്റൊരു കൊലക്കേസ് പ്രതിയായ ശ്രീനിവാസന് എന്നിവര്‍ രക്ഷപ്പെട്ടത്. തിരുവനന്തപുരം വട്ടപ്പാറയിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലാണ് പ്രതിയായ ഓട്ടോ ഡ്രൈവര്‍ രാജേഷിന് 2013 ല്‍ വധശിക്ഷ വിധിച്ചത്.
2012 മാര്‍ച്ചിലാണ് പത്താംക്ലാസുകാരി കൊല്ലപ്പെട്ടത്. മാര്‍ച്ച് ആറിന് എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് തയ്യാറെടുത്ത് വേറ്റിനാട്ടെ വീട്ടില്‍ ഇരിക്കവെ രാജേഷിന്റെ ഓട്ടോറിക്ഷയുടെ മുന്നിലെ വീല്‍ റോഡുവക്കിലെ കുഴിയില്‍ വീഴുകയും തുടര്‍ന്ന് ഓട്ടോ പൊക്കുന്നതിന് പത്താംക്ലാസുകാരിയും കൂട്ടുകാരികളും പ്രതിയെ സഹായിക്കുകയും ചെയ്തു.
തുടര്‍ന്ന് വീട്ടില്‍ കുട്ടി ഒറ്റയ്ക്കാണെന്ന് മനസിലാക്കിയ പ്രതി സ്ക്രൂ ഡ്രൈവര്‍ വാങ്ങാനെന്ന വ്യാജനേ വീടിനകത്തുകയറുകയും കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. കുട്ടിയുടെ കഴുത്തില്‍ കിടന്ന സ്വര്‍ണമാല ഊരിയെടുത്തശേഷം അടുത്തുള്ള സ്വകാര്യ ബാങ്കില്‍ വ്യാജപേരില്‍ പണയം വച്ച് കാശ് കൈക്കലാക്കുകയും ചെയ്തുവെന്നാണ് കേസ്.
സംഭവം നടന്ന് മൂന്നുമാസത്തിനുള്ളില്‍ തന്നെ അന്വേഷണ സംഘം കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
രാജേഷിന്റെ രണ്ട് ഭാര്യമാര്‍ ഉള്‍പ്പടെ കേസില്‍ സാക്ഷിയായി മൊഴി പറഞ്ഞ കേസില്‍ ഒരുസാക്ഷിയും കൂറുമാറിയില്ല എന്ന പ്രത്യേകതയും കേസിനുണ്ട്.
തടവു ചാടിയ ശ്രീനിവാസന് കാമുകിയെ സ്വന്തമാക്കാന്‍ കൊലപാതകം നടത്തിയെന്നാണ് കേസ്. ജീവപര്യന്തം തടവു ശിക്ഷ അനുഭവിച്ചു വന്ന ശ്രീനിവാസന് തമിഴ്നാട് സ്വദേശിയാണ്. ചാടിപ്പോയ പ്രതികള്‍ക്കായി ജയില്‍ അധികൃതരും പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവരെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ അറിയിക്കാനും പൊലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: