ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രം മതേതര സ്ഥാപനമാണെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ ടി. ബ്രീജകുമാരി ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തിനെതിരെ ഭക്തരുടെ പ്രതിഷേധം ആളുന്നു. ഈ സത്യവാങ്മൂലം കോടതി തള്ളിയതോടെ ദേവഹിതത്തിന് എതിരായി ദേവന്റെ പത്തു കോടി രൂപ വകമാറ്റി ചെലവഴിച്ചത് ന്യായീകരിക്കാന്‍, ഭഗവാന്റെ പണം ദുരുപയോഗം ചെയ്ത് സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഭരണസമിതി.
ഗുരുവായൂരപ്പന്റെ സ്വത്ത് ക്ഷേത്രകാര്യങ്ങള്‍ക്കല്ലാതെ വകമാറ്റരുതെന്നാണ് ഇന്ത്യന്‍ പ്രസിഡന്റിന്റെ അംഗീകാരത്തോടെ 1978ല്‍ നിലവില്‍ വന്ന ഉത്തരവ്. ഈ ഉത്തരവ് തള്ളിയാണ് ചെയര്മാന് 10 കോടി നല്‍കിയത്. സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയ ഈ പണം മടക്കി നല്‍കണമെന്ന ഹൈക്കോടതി ഉത്തരവ് മറികടക്കാനാണ് ദേവന് കാണിക്കയായി ലഭിച്ച ലക്ഷങ്ങള്‍ ചെലവഴിച്ച് സുപ്രീംകോടതിയെ സമീപിക്കുന്നത്. അഡ്മിനിസ്ട്രേറ്ററുടെ തീരുമാനം വെല്ലുവിളിയായാണ് ഭക്തര്‍ ഏറ്റെടുക്കുന്നത്. പ്രതിഷേധ ജ്വാല ഗുരുവായൂരില്‍ നിന്ന് ആരംഭിച്ചു കഴിഞ്ഞു. സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകന് ആര്യമാ സുന്ദരത്തില്‍ നിന്നു വിദഗ്ധ ഉപദേശം തേടിയ ശേഷം അപ്പീല്‍ നല്കുന്ന കാര്യം പരിഗണിക്കുമെന്ന് അഡ്മിനിസ്ട്രേറ്റര്‍ അറിയിച്ചു.
പത്തു കോടി രൂപയുടെ പലിശ ദേവസ്വം ചെയര്മാന് അഡ്വ.കെ.ബി. മോഹന്‍ദാസും അന്നത്തെ അഡ്മിനിസ്ട്രേറ്റര്‍ എസ്.വി. ശിശിറും നല്‍കണമെന്നാണ് ഭക്തരുടെ ആവശ്യം. തുടര്‍ച്ചയായി രണ്ടു തവണ ഗുരുവായൂര്‍ ദേവസ്വം ചെയര്മാന് സ്ഥാനം നേടിയതിന്റെ സ്മരണ നിലനിര്‍ത്താനാണ് കൂടിയാലോചനകളില്ലാതെ ദേവസ്വം ചെയര്മാന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടു തവണയായി 10 കോടി രൂപ നല്‍കിയത്.
ഗുരുവായൂര്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട് ഒട്ടനവധി പദ്ധതികള്‍ പ്രഖ്യാപനത്തില്‍ ഒതുങ്ങിയിരിക്കുകയാണ്. സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ഇപ്പോഴും ചുവപ്പുനാടയില്‍ കുരുങ്ങി. ദേവസ്വം മെഡിക്കല്‍ സെന്റര്‍ കാഴ്ച്ചവസ്തു മാത്രമാണ്. ആധുനിക സജ്ജീകരണങ്ങള്‍ ഈ ആതുരാലയത്തില്‍ അന്യമാണ്. ഇത്തരം അവസ്ഥയുള്ളപ്പോഴാണ് പത്തു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വകമാറ്റി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: