മലപ്പുറം: പി കെ കുഞ്ഞാലിക്കുട്ടി വീണ്ടും സംസ്ഥാന രാഷ്ട്രീയത്തിലേക്ക്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം ലോക്സഭാ ഉപതെരഞ്ഞെടുപ്പും നടക്കുംവിധം എംപി സ്ഥാനം രാജിവയ്ക്കുമെന്ന് മലപ്പുറത്ത് നടന്ന നേതൃയോഗത്തിനുശേഷം കെ പി എ മജീദ് പറഞ്ഞു. സംസ്ഥാനത്തെ പ്രത്യേകം രാഷ്ട്രീയസാഹചര്യം കണക്കിലെടുത്താണ് തിരിച്ചുവിളിക്കുന്നതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
മുസ്ലിം ലീഗിന്റെ ഉന്നതാധികാര സമിതിയെടുത്ത തീരുമാനം ഇന്നുചേര്‍ന്ന പ്രവര്‍ത്തക സമിതി അംഗീകരിക്കുകയായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചുമതല പി കെ കുഞ്ഞാലിക്കുട്ടിയെ പാര്‍ട്ടി ഏല്‍പ്പിച്ചത് അദ്ദേഹം സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങുന്നുവെന്ന സൂചന നല്‍കിയിരുന്നു. യുഡിഎഫിലെ പ്രധാന നേതാവായ കുഞ്ഞാലിക്കുട്ടിയെ മാറ്റിനിര്‍ത്തുന്നത് ശരിയല്ലെന്ന വിലയിരുത്തലാണ് പാര്‍ട്ടിയെ ഈ നീക്കത്തിന് പ്രേരിപ്പിച്ചിരിക്കുന്നത്.
മെയ്മാസത്തിനുശേഷം രാജിവച്ചാല്‍ പിന്നീട് നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകുമെന്ന ആശങ്കയാണ് നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം ഉപതെരഞ്ഞെടുപ്പിനും കളമൊരുക്കാനായി രാജിതീരുമാനം നേരത്തേ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെയും ഇന്നുമായി നടന്ന ലീഗിന്റെ ഉന്നതാധികാര സമിതി യോഗത്തിലാണ് ഇതു സംബന്ധിച്ച് ചര്‍ച്ചകളുണ്ടായതും തീരുമാനത്തിലെത്തിയതും.
കുഞ്ഞാലിക്കുട്ടിയുമായി ബന്ധപ്പെട്ട പ്രഖ്യാപനം വിമര്‍ശങ്ങള്‍ക്കു ഇടയാക്കിയിട്ടുണ്ട്. എംഎല്‍എ ആയിരിക്കെയാണ് അദ്ദേഹം ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു വിജയിച്ചത്. അതിനുശേഷം ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നിരുന്നു. ലോക്സഭാംഗത്വം രാജിവച്ചാല്‍ പാര്‍ലമെന്റിലേക്കും ഉപതെരഞ്ഞെടുപ്പ് ആവശ്യമായി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: