ഇടുക്കി: വാഗമണ്ണില്‍ സിപിഐ നേതാവിന്റെ റിസോര്‍ട്ടില്‍ നിശാപാര്‍ട്ടി, വിവിധ ജില്ലകളില്‍ നിന്നുള്ള ഒരു യുവതിയടക്കം 9 പേരെ പ്രത്യേക പോലീസ് സംഘം അറസ്റ്റ് ചെയ്തു. ഇവരുടെ പക്കല്‍ നിന്നും എല്‍എസ്ഡി സ്റ്റാമ്പ്, ഹാഷിഷ് ഓയില്‍ അടക്കം നിരവധി ലഹരി വസ്തുക്കളും കുറഞ്ഞയളവില്‍ പിടികൂടി.
ജന്മദിനാഘോഷത്തിന്റെ മറവിലാണ് സംഘം മയക്കുമരുന്ന് പാര്‍ട്ടി സംഘടിപ്പിച്ചത്. കോഴിക്കോട് ഫറൂഖ് കോളജ് കരയില്‍ ഷൗക്കത്ത് (36), തൃശൂര്‍ പൂവത്തൂര്കരയില് അമ്പലത്തില്‍ നിഷാദ് (36), കാസര്‍ഗോഡ് ഹോസ്ദുര്‍ഗ് പടുതക്കാട് കരയില്‍ ഫാത്തിമ മന്‍സില്‍ മുഹമ്മദ് റാഷിദ് (31), എറണാകുളം തൃപ്പുണിത്തറ കണ്ണാകുളങ്ങര ആകാശം നിവാസില്‍ ബ്ലിസ്റ്റി വിശ്വസ് (23), തൊടുപുഴ മങ്ങാട്ടുകവല സ്വദേശി അജ്മല്‍ സഹീര്‍ (30), മലപ്പുറം തിരൂരങ്ങാടി പള്ളിക്കാപ്പറമ്പില്‍ കൂരംപ്ലാക്കല്‍ കെ. മെഹാര്‍ ഷരീഫ് (26), മലപ്പുറം എടപ്പാള്‍ കല്ലുങ്കല്‍ നബീല്‍ (36), കോഴിക്കോട് കൊമ്മേരി പലേക്കൊട്ട് അജയന്, കോഴിക്കോട് ഫറൂഖ് പെരുമുഖം മീഖരാജാ മന്‍സിലില്‍ സല്മാന് (38) എന്നിവരാണ് പിടിയിലായത്
ഞായറാഴ്ച രാത്രിയിലാണ് വാഗമണ്‍ വണ്ടിപതാലില് ക്ലിഫ് ഇന്‍ റിസോര്‍ട്ടില്‍ നര്‍കോട്ടിക്ക് സെല്ലിന്റെ നേതൃത്വത്തില്‍ ലഹരി മരുന്ന് വേട്ട നടന്നത്. സിപിഐ ഏലപ്പാറ ലോക്കല്‍ സെക്രട്ടറി ഷാജി കുറ്റിക്കാടിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ റിസോര്‍ട്ട്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 25 സ്ത്രീകള്‍ ഉള്‍പ്പെടെ 58 പേരാണ് നിശാപാര്‍ട്ടിക്ക് എത്തിയത്. ഇവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് 9 പേരെ പിടികൂടിയത്. മറ്റുള്ളവരെ ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ പിടിച്ചെടുത്ത ശേഷം വിട്ടയച്ചു. ഇവരേയും റിസോര്‍ട്ട് ഉടമയേയും പ്രതി ചേര്‍ക്കുക വിശദമായ പരിശോധനക്ക് ശേഷം. ഏലപ്പാറ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഷാജി കുറ്റിക്കാടിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി സിപിഐ ജില്ലാ കമ്മിറ്റി അറിയിച്ചു.
പാര്‍ട്ടി ജന്മദിനാഘോഷത്തിന്റെ മറവില്‍
നബീല്‍, സല്മാന്, കൊല്ലം സ്വദേശിനി സൗമ്യ എന്നിവരുടെ ജന്മദിനാഘോഷത്തിന്റെ പേരിലായിരുന്നു പാര്‍ട്ടി. മൂവര്‍ക്കും പുറമെ അജ്മലും സ്ഥലത്ത് ലഹരിമരുന്ന് എത്തിച്ച് നല്കി. ഒറ്റപ്പെട്ട സ്ഥലമായത് കൊണ്ടാണ് ഈ റിസോര്‍ട്ട് തന്നെ സംഘം തെരഞ്ഞെടുത്തത്. റിസോര്‍ട്ടിന്റെ ഒരു മുറി ഒഴിച്ചുള്ളവയെല്ലാം ബുക്ക് ചെയ്തിരുന്നു. പുലരും വരെ പാര്‍ട്ടി സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരുന്നത്. മൂന്ന് മുറി മാത്രമാണ് സംഘം ബുക്ക് ചെയ്തിരുന്നതെന്നതടക്കമുള്ള ഉടമയുടെ വാദങ്ങളെല്ലാം പോലീസ് തള്ളി.
സാമൂഹ്യ മാധ്യമങ്ങള്‍ വഴിയാണ് ആളെ കണ്ടെത്തി നിശാപാര്‍ട്ടി സംഘടിപ്പിച്ചത്. വിദ്യാര്‍ത്ഥികളും ജോലിക്കാരും ബിസിനസുകാരുമടക്കം വ്യത്യസ്ത മേഖലകളിലുള്ളവരാണ് പാര്‍ട്ടിയില്‍ പങ്കെടുക്കുവാന്‍ എത്തിയതെന്ന് അന്വേഷണത്തിന് നേതൃത്വം നല്കിയ എഎസ്പി എസ്. സുരേഷ്കുമാര്‍ പറഞ്ഞു. പാര്‍ട്ടിയില്‍ സിനിമ-സീരിയില്‍ താരങ്ങള്‍ പങ്കെടുക്കുമെന്ന് വിവരമുണ്ടായിരുന്നെങ്കിലും ഇവരാരും എത്തിയിരുന്നില്ല. എംഡിഎംഎ പൊടി, കഞ്ചാവ്, ചരസ്, ക്രിസ്റ്റല്‍, എല്‍എസ്ഡി സ്റ്റാമ്പ്, എക്സ്റ്റസി ടാബ്ലറ്റ്, ഹാഷിഷ് തുടങ്ങിയ മയക്കുമരുന്നുകളാണ് പിടിച്ചെടുത്തത്. അതേ സമയം കേസൊതുക്കാന്‍ ശ്രമം നടക്കുന്നതായുള്ള ആക്ഷേപവും ശക്തമാണ്.
റിസോര്‍ട്ട് അടപ്പിച്ചു
പ്രതികള്‍ക്കെതിരെ എന്‍ഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തു. ലഹരി മരുന്നുകള്‍ എത്തിച്ചത് മഹാരാഷ്ട്ര, ബാംഗ്ലൂര്‍ എന്നിവടങ്ങളില്‍ നിന്നുമാണെന്നും പോലീസ് പറഞ്ഞു. ഇതിന് മുമ്പും ഇവര്‍ പാര്‍ട്ടി നടത്തിയതായി പോലീസ് പറഞ്ഞു. റിസോര്‍ട്ടില്‍ മുമ്പും ഇത്തരം നിശാപാര്‍ട്ടി നടത്തിയ വിവരത്തെ തുടര്‍ന്ന് പോലീസ് താക്കീതെ ചെയ്തിരുന്നു.
പിടിയിലായവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്ത് ശേഷം കൊറോണ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റി. കൊറോണയുടെ പശ്ചായത്തലത്തിലും സംസ്ഥാനത്ത് ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ആരോഗ്യ പ്രവര്‍ത്തകരേയും ആശങ്കയിലാക്കുകയാണ്. റിസോര്‍ട്ട് പോലീസിന്റെ നേതൃത്വത്തില്‍ തന്നെ അടപ്പിച്ചതായും വരും ദിവസങ്ങളില്‍ ഇതിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലാകെ ശക്തമായ നടപടി ഉണ്ടാകുമെന്നും ജില്ലാ കളക്ടര്‍ എച്ച്. ദിനേഷന് അറിയിച്ചു. ജില്ലാ പോലീസ് മേധാവി ആര്. കറുപ്പസ്വാമിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഇദ്ദേഹം നേരിട്ടാണ് ഇത്തരമൊരു പരിശോധനക്ക് ചുക്കാന്‍ പിടിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: