തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലൂടെ ജനങ്ങള്‍ക്കു മുമ്പില്‍ മുഖം മൂടി മാറി തെളിഞ്ഞുവന്നത് കപട മതേതരത്ത്വത്തിന്റെ വികൃത മുഖങ്ങളാണ്. എല്ലാ തത്ത്വദീക്ഷകളും ആദര്‍ശങ്ങളും മറന്ന് നാല് വോട്ടിനുവേണ്ടി എത്രമാത്രം അവസരവാദികളാകാമെന്ന് രാഷ്ട്രീയപാര്‍ട്ടികള്‍ പ്രകടമാക്കി. ഈ കാര്യത്തില്‍ രാജ്യത്തിന്റെ മൂന്നോ നാലോ പ്രദേശത്ത് മാത്രം സ്വാധീനം ഒതുങ്ങിനില്ക്കുന്ന അഖിലേന്ത്യാ പാര്‍ട്ടിയും ‘ദേശീയകക്ഷി’ എന്ന സ്ഥാനം തിരിച്ച് കിട്ടാന്‍ വേണ്ടി തത്രപ്പെടുന്ന രണ്ട് കടലോരങ്ങളില്‍ മാത്രം സാന്നിദ്ധ്യമുണ്ടായിരുന്ന മറ്റൊരുകക്ഷിയും പരിഹാസ്യമായ രീതിയില്‍ ജനങ്ങളുടെ മുമ്പില്‍ അവഹേളിതരായി.
പക്ഷെ ഈ പാപകര്‍മ്മം കൊണ്ട് മാന്യതയും സ്വീകാര്യതയും നേടിയത് ജനാധിപത്യ പ്രക്രിയയില്‍ തന്നെ വിശ്വാസമില്ലെന്ന് ഉറക്കെപ്പറയുന്ന ചില തീവ്രമത സംഘടനകളാണ്. രാജ്യത്തെ ഏറ്റവും വലിയ പ്രസ്ഥാനമായിരുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രമുഖനേതാക്കള്‍ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും സീറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ വെല്‍ഫെയര്‍ പാര്‍ട്ടി തുടങ്ങിയ സംഘടനകളെ വെള്ളപൂശി മതേതര കക്ഷികളായി അവതരിപ്പിച്ചിരിക്കുന്നു. മത്സരബുദ്ധിയോടെ എസ്ഡിപിഐയേയും മതേതരക്കുടക്കീഴില് അണിനിരത്താന്‍ തുനിഞ്ഞിരിക്കുന്നു. ഇതിനു പുറമേയാണ് പോപ്പുലര്‍ഫ്രണ്ട് തുടങ്ങിയവയുമായുള്ള അവിശുദ്ധ ബന്ധങ്ങള്‍.
വെല്‍ഫയര്‍ പാര്‍ട്ടി എന്ന പേരില്‍ അറിയപ്പെടുന്ന രാഷ്ട്രീയ പ്രസ്ഥാനം അള്ളാഹുവിന്റെ രാജ്യമല്ലാതെ അംഗികരിക്കുകയില്ലെന്നും മതേതരത്വം ദേശീയത ജനാധിപത്യം എന്നിവ ദൈവത്തിന്റെ രാജ്യത്തിന് വിരുദ്ധമാണെന്നും ഒരു യഥാര്‍ത്ഥ ഇസ്ലാമിക വിശ്വാസിക്ക് ഒരിക്കലും ഈ മൂന്നും സ്വീകരിക്കാന്‍ പറ്റുന്നതല്ലെന്നും പരസ്യമായി ഭരണഘടനയില്‍ പ്രതിപാദിച്ച് പ്രവര്‍ത്തിക്കുന്നവരാണ്. കോഴിക്കോട്ടെ ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസ് പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ ഇങ്ങനെ പറയുന്നു- ”നമ്മുടെ പക്ഷത്തില്‍, പ്രസ്തുത, മൂന്നു തത്ത്വങ്ങളും അബദ്ധജടിലങ്ങളാണ്. അബദ്ധജടിലങ്ങളെന്നു മാത്രമല്ല, മനുഷ്യനിന്ന് അടിപ്പെട്ടുപോയിട്ടുള്ള സകല ദുരിതങ്ങളുടെയും വിനാശങ്ങളുടെയും നാരായവേര് ആ തത്ത്വങ്ങളാണെന്നുകൂടി നാം ദൃഢമായി വിശ്വസിക്കുന്നുണ്ട്. നമ്മുടെ വിരോധം വാസ്തവത്തില്‍ അതേ തത്ത്വങ്ങളോടത്രേ. നാം നമ്മുടെ മുഴുവന്‍ ശക്തിയുമുപയോഗിച്ച് അവയ്ക്കെതിരെ സമരം നടത്തിയേ തീരൂ.” (പേജ് 34 )
മേല്‍ സൂചിപ്പിച്ച മൂന്ന് തത്ത്വങ്ങളേതാണെന്ന് ആവര്‍ത്തിക്കേണ്ടതില്ലല്ലോ? കുറച്ചുകൂടി പച്ചയായി അതേ പ്രസിദ്ധീകരണത്തില്‍ ഈ മൂന്ന് തത്ത്വങ്ങളേയും വിപത്തുകളായും ചിത്രീകരിച്ച് തുടച്ചുമാറ്റേണ്ടതാണെന്ന് ഉദ്ബോധിപ്പിക്കുന്നു. ഇത് വായിക്കുക, ”ഈ വിധം വിവിധ കാരണങ്ങളാലാണ് പ്രസ്തുത മൂന്നു തത്ത്വങ്ങളുടെ അടിസ്ഥാനത്തില്‍ രൂപമെടുത്ത ആധുനിക സാമൂഹികഘടനയെ നാം അതിവിപല്ക്കരമെന്നു മനസ്സിലാക്കുന്നത്. നമ്മുടെ വിരോധം കേവലം മതേതര-ദേശീയ-ജനാധിപത്യ വ്യവസ്ഥിതിയോടാണ്. അതിനെ ചലിപ്പിക്കുന്ന കൈകള്‍ ഹിന്ദുവിന്റെയോ മുസല്മാന്റെയോ, പാശ്ചാത്യന്റെയോ പൗരസ്ത്യന്റെയോ ആരുടെ തന്നെയായാലും കൊള്ളാം. ഏതു നാട്ടില്‍, ഏതു ജനതയുടെ മേല്‍ ഈ ഭയങ്കര വിപത്ത് അടിച്ചേല്പിക്കപ്പെടുന്നതായാലും അവിടത്തെ ദൈവദാസന്മാരെ നാം ശക്തിയുക്തം ആഹ്വാനം ചെയ്യുന്നതായിരിക്കും, ആ വിപത്തിനെക്കുറിച്ച് ജാഗരൂകരാകുവാന്‍ ! അതിനെ തുടച്ചു മാറ്റി ഒരു ഉത്തമ സാമൂഹികവ്യവസ്ഥിതി സ്ഥാപിക്കുവിന്‍!!” (പേജ് 31 )
അപ്പോള്‍ ഈ ഉല്‍ബോധനം നടത്തുന്നവരെയാണ് രാജ്യത്തെ ഏറ്റവും പ്രായം ചെന്ന രാഷ്ട്രീയ കക്ഷിയുടെ ഇപ്പോഴത്തെ നേതാക്കന്മാര് മതേതരമായി ചിത്രീകരിക്കുന്നത്. അവര്‍ വിശ്വസിക്കുന്ന അള്ളാഹുവിന്റെ രാജ്യത്തിലല്ലാതെ ഭരണത്തിലോ തെരഞ്ഞെടുപ്പുകളിലോ പങ്കെടുക്കരുതെന്ന് ജമാഅത്ത് ഇസ്ലാമി ഹിന്ദ് എന്ന സംഘടന ഭാരതം ഒരു പരമാധികാര ജനാധിപത്യ റിപ്പബ്ലിക്ക് ആയിട്ടു പോലും തെരഞ്ഞെടുപ്പുകളില്‍ നിന്നും വോട്ടിങ്ങില്‍ നിന്നും അവര്‍ കുറേക്കാലം വിട്ട് നിന്നിരുന്നു.
സ്വാതന്ത്ര്യ സമ്പാദനത്തിനു മുമ്പ് ഉത്തര്‍ പ്രദേശില്‍ 1941 ല്‍ ഉദയം ചെയ്ത ജമാഅത്തെ ഇസ്ലാമി സ്വാതന്ത്ര്യ സമ്പാദനത്തിന് ശേഷം നാലായി തരം തിരിഞ്ഞ് പ്രവര്‍ത്തനം തുടര്‍ന്നു. ഇന്ത്യ, പാക്കിസ്ഥാന്, ബംഗ്ലാദേശ്, ജമ്മുകശ്മീര്‍ എന്നീ പ്രദേശങ്ങളില്‍. ബംഗ്ലാദേശില്‍ നിരപരാധികളായ കോടിക്കണക്കിന് ബംഗാളികളെ ഹിന്ദുക്കളെയടക്കം നരനായാട്ട് നടത്തിയ കഥ ഈയിടെ ബംഗ്ലാദേശ് സ്ഥാപകദിനത്തില്‍ ഷെയ്ക്ക് ഹസീന ഓര്‍മ്മിപ്പിക്കുകയുണ്ടായി.
ഹിന്ദുക്കളല്ലാത്ത രണ്ട് കോടിയലധികം വരുന്ന ബംഗാളി മുസ്ലിങ്ങളെ ഇവര്കൊന്നൊടുക്കി എന്നാണ് ഷെയ്ഖ് ഹസീന പറഞ്ഞത്. അപ്പോള്‍ മുസ്ലിങ്ങളെത്തന്നെ ഉന്മൂലനം ചെയ്യുന്ന ഒരു മുസ്ലിം സംഘടന എങ്ങിനെ മതേതരമാകും. ഇവരുടെ ലക്ഷ്യങ്ങളും പ്രവര്‍ത്തനങ്ങളും കണക്കിലെടുത്തുകൊണ്ട് ഡല്‍ഹിയിലെ ഒരു ട്രൈബ്യൂണല്‍ അവരുടെ പ്രവര്‍ത്തനങ്ങളെ നിരോധിക്കുകയുണ്ടായി. അവരുടെപ്രകോപനപരമായ പ്രസിദ്ധീകരണങ്ങള്‍ കണ്ടുകെട്ടണമെന്നും അവരുടെ നിഗൂഢ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഇസ്ലാം മത പ്രബോധകസംഘം കേരള ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജി ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ് അതിനെതിരായി സമര്‍പ്പിച്ച എതിര് സത്യവാങ്ങ് മൂലത്തില്‍ ജമാഅത്ത് ഇസ്ലാമിയുടെപ്രവര്ത്തനം ഗൗരവതരമായ അന്വേഷണം ആവശ്യമുള്ളതാണെന്ന് സര്‍ക്കാരുകള്‍ സമ്മതിച്ചിട്ടുണ്ട്. ഈ കാര്യത്തില്‍ രാജ്യത്തിന്റെ സുരക്ഷ അപകടത്തിലായിട്ടുപോലും കേന്ദ്ര സംസ്ഥാന ഗവണ്മെന്റുകള് ദു:ഖകരമായ ഉദാസീനതയാണ് കാണിക്കുന്നത് എന്ന് 2010 ജൂണ്‍ 28 ന് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നുണ്ട്. ഹരജി ഇപ്പോഴും ഹൈക്കോടതിയുടെ പരിഗണനയിലാണ്.
ഒരു സത്യം അംഗീകരിച്ചേ മതിയാകൂ ജമാത്തെ ഇസ്ലാമി ഇന്ത്യ 1941 ല്‍ സ്ഥാപിതമായ സംഘടനയുടെ തുടര്‍ച്ച തന്നെയാണെന്ന് അതിന്റെ നേതാക്കള്‍ സമ്മതിക്കുന്നു. ഇതുതന്നെയാണ് ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിന്റെയും നിലപാട്. ജിന്നയുടെ ലീഗിന്റെ പിന്തുടര്ച്ചക്കാരാണ് തങ്ങളെന്ന് സധൈര്യം തുറന്ന് പറയാനുള്ള ആര്‍ജ്ജവമെങ്കിലും മുസ്ലിം ലീഗ് കാണിക്കുന്നുണ്ട്.
ചൈനീസ് ആക്രമണ സമയത്ത് ജനങ്ങളില്‍ നിന്ന് വരാവുന്ന എതിര്‍പ്പുകളെ അവഗണിച്ചുകൊണ്ട് ശക്തമായ ചൈനാനുകൂലമായ നിലപാട് എടുത്ത് തെരഞ്ഞെടുപ്പില്‍ പോലും വിജയിച്ചവരാണ് ഇന്ന് കേരളം ഭരിക്കുന്നത്. സുഡാപ്പികളുടെ കൂടെയും അഭിമന്യുവിനെ രക്തസാക്ഷിയാക്കിയ പോപ്പുലര്‍ ഫ്രണ്ടിന്റെകൂടെയും പഞ്ചായത്ത്, നഗരസഭകളില്‍ അധികാരം പങ്കിടാന്‍ ഈ സര്‍വ്വലോക പ്രസ്ഥാനത്തിന് യാതൊരു ഉളുപ്പുമില്ല. കാരണം അധികാരരാഷ്ട്രീയം ആദര്‍ശരാഷ്ട്രീയത്തെ പരിപൂര്‍ണ്ണമായും കീഴടക്കിയിരിക്കുന്നു. ഹിന്ദു അവഹേളനം ശൈലിയാക്കിമാറ്റിയ പിണറായി സഖാവ് മുസ്ലിം രക്ഷകനായി വാഴ്ത്തപ്പെടുന്നു. ഇന്ന് യുഡിഎഫിന്റെസഹായത്താല് വെല്‍ഫയര്‍ പാര്‍ട്ടിയും എല്‍ഡിഎഫിന്റെ ഒത്താശയില്‍ എസ്ഡിപിഐയും അമ്പതിലധികമെങ്കിലും പഞ്ചായത്ത് സീറ്റുകള്‍ നേടി എടുത്തിരിക്കുന്നു. ഇത്രയും നഗ്നമായ വര്‍ഗ്ഗീയ മുഖം നമ്മുടെ ജനാധിപത്യത്തിന് ഒരിക്കലും ഉണ്ടായിട്ടില്ല. പ്രത്യയശാസ്ത്രങ്ങളെക്കാള്‍ പ്രസക്തി ശക്തി ആര്ജ്ജിക്കുന്നതിനാണെന്നും അവിടെ യുക്തിക്ക് പ്രസക്തിയില്ലെന്നും പ്രായോഗിക രാഷ്ട്രീയത്തിനാണ് ഈ സംഘടനകള്‍ക്ക് പ്രാധാന്യമെന്നും തെളിയിച്ച് കഴിഞ്ഞിരിക്കുന്നു. കൈവെട്ട് കേസ്സിലും തീവെപ്പ് കേസ്സിലും കൊലപാതകകേസ്സുകളിലും വിധ്വംസക പ്രവര്‍ത്തനങ്ങളടക്കം ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും നാല് വോട്ടുണ്ടെങ്കില്‍ അഖിലേന്ത്യാസംഘടനകള്‍ തങ്ങളെ മാടിവിളിക്കുമെന്ന ധൈര്യം ഇക്കൂട്ടര്ക്കുണ്ടായിരിക്കുന്നു.
മുസ്ലിം ഏകീകരണവും മതാടിസ്ഥാനത്തിലുള്ളസമ്മതിദാനവും മതേതരമാണെന്ന് വാദിക്കുന്നവര്‍ മൊയ്തു മൗലവിയേയും മുഹമ്മദ് അബ്ദുള്‍ റഹ്മാന് സാഹിബ്ബിനെയും വക്കം അബ്ദുള്‍ ഖാദറിനേയും ഒരിക്കലെങ്കിലും മനസ്സില്‍ സ്മരിക്കേണ്ടതാണ്. ഇതാണോ മതേതര പുരോഗമന ജനാധിപത്യ പ്രവര്‍ത്തനങ്ങളുടെ ശൈലി? ശിവസേനയേയും ഒവൈസിയേയും മതേതരമാക്കിയ ഇവര്‍ അധികം താമസിയാതെ മുംതസ് എന്ന് സ്വപ്ന സുരേഷും ജലീലും റമീസും ഫൈസല്‍ ഫരീദും ഒക്കെ നടത്തിക്കൊണ്ടിരിക്കുന്ന രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥക്ക് മുറിവേല്‍പ്പിക്കുന്ന സ്വര്‍ണ്ണക്കടത്ത് തുടങ്ങിയ മതേതര പ്രവര്‍ത്തനമാണെന്ന് ഈ ”ഇടത് പുരോഗമന രാഷ്ട്രീയ കക്ഷികള്‍” പ്രഖ്യാപിച്ചാല്‍ അത്ഭുതപ്പെടാനില്ല. ശ്രീരാമന്റെ ഫഌക്സിനെ എതിര്‍ത്ത് ദേശീയപതാക തലകീഴായി കെട്ടിത്തൂക്കി പ്രതിഷേധിച്ചവര്‍ നാളെ ഗാന്ധി പ്രതിമകളേയും വെറുതെ വിടുമെന്ന് തോന്നുന്നില്ല. കാരണം രാമരാജ്യം ഗാന്ധിജിയുടെ വിഭാവനയാണ്. ഗീതയുടെ മഹത്വവും. നിസ്സഹായരും ദുഖിതരും അസ്വസ്ഥരുമായ യഥാര്‍ത്ഥ രാജ്യസ്നേഹികള്‍ക്ക് ഈ സാഹചര്യത്തില്‍ ഒന്നേ ചെയ്യാനുള്ളൂ. ജാഗ്രത- നിതാന്ത ജാഗ്രത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: