കണ്ണൂര്‍: അഴീക്കോട് സ്കൂളില്‍ പ്ലസ്ടു അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കോഴവാങ്ങിയെന്ന കേസില്‍ കെ.എം. ഷാജി എംഎല്‍എയെ അടുത്തയാഴ്ച വിജലന്‍സ് ചോദ്യം ചെയ്യും. മുസ്ളീം ലീഗ് പ്രാദേശിക നേതാവ് നൗഷാദ് പൂതപ്പാറ ലീഗ് സംസ്ഥാന കമ്മറ്റിക്കയച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് വിജലന്‍സ് കേസെടുത്തത്. തുടര്‍ന്ന് സംഭവത്തില്‍ വിജലന്‍സ് അന്വേഷണമാവശ്യപ്പെട്ട് 2017 ല്‍ കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. പത്മനാഭന് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. കേസില്‍ വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. തുടരന്വേഷണത്തിന്റെ ഭാഗമായാണ് വിജലന്‍സ് കെ.എം. ഷാജിയെ ചോദ്യം ചെയ്യുന്നത്. അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് വിജലന്‍സ് ഷാജിക്ക് നോട്ടീസ് നല്കി. കണ്ണൂര്‍ വിജലന്‍സ് ഡിവൈഎസ്പി മധുസൂദനനാണ് അന്വേഷണച്ചുമതല.
2012 ല്‍ അഴീക്കോട് സ്കൂളിന് പ്ലസ്ടു അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് പ്രാദേശിക ലീഗ് കമ്മറ്റി 25 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നുവെന്നാണ് കെ. പത്മനാഭന് പരാതിയില്‍ പറയുന്നത്. എന്നാല്‍ കെ.എം. ഷാജി വിഷയത്തില്‍ ഇടപെട്ട് പ്രാദേശിക കമ്മറ്റിക്ക് തുക നല്‍കരുതെന്നാവശ്യപ്പെടുകയും പിന്നീട് പ്ലസ്ടു അനുവദിക്കുന്ന സമയത്ത് വ്യക്തിപരമായി തുക കൈപ്പറ്റുകയും ചെയ്തെന്നാണ് ആരോപണം. ലീഗ് പ്രാദേശിക നേതൃത്വം വിഷയം സംസ്ഥാന കമ്മറ്റിക്ക് മുന്നിലെത്തിച്ചപ്പോള്‍ പരാതി നല്കിയവര്ക്കെതിരെയാണ് സംഘടന നടപടിയെടുത്തതെന്നും പത്മനാഭന് നല്കിയ പരാതിയില്‍ പറയുന്നു.
പ്രാഥമിക അന്വേഷണത്തില്‍ കെ.എം. ഷാജിക്ക് പണം നല്‍കിയിട്ടില്ലെന്നാണ് മാനേജ്മെന്റ് മൊഴി നല്‍കിയതെങ്കിലും സ്കൂളിന്റെ വരവ് ചെലവ് കണക്കില്‍ പൊരുത്തക്കേടുകളുണ്ടെന്നാണ് വിജലന്‍സ് കണ്ടെത്തല്‍. ഡൊണേഷനായി 2014 ല്‍ 30 ലക്ഷവും 2015 ല്‍ 35 ലക്ഷവും വാങ്ങിയിതായി സ്കൂള്‍ രേഖകളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. ഈ കാലയളവില്‍ 35 ലക്ഷം രൂപ ചെലവിനത്തില്‍ കാണിച്ചിട്ടുമുണ്ട്. ഇത് സമ്പന്ധിച്ച് കൃത്യമായ വിശദീകരണം നല്കാന് സ്കൂള്‍ മാനേജ്മെന്റിന് സാധിച്ചിട്ടില്ല. ഇതില്‍ 25 ലക്ഷം രൂപ കെ.എം. ഷാജിക്ക് നല്‍കിയതായാണ് വിജലന്‍സിന്റെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: